വാഷിങ്ടൺ: രാജ്യത്തു നിന്നു വർഷങ്ങൾക്കു മുമ്പു മോഷ്ടിക്കപ്പെട്ട 660 കോടിയോളം രൂപ വിലവരുന്ന പൈതൃക സ്വത്തുക്കൾ അമേരിക്ക ഇന്ത്യക്ക് കൈമാറി. അമേരിക്കൻ സന്ദർശനം നടത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിക്കാണ് അമൂല്യങ്ങളായ സാംസ്‌കാരിക കരകൗശല ഉത്പ്പന്നങ്ങൾ യുഎസ് അധികൃതർ കൈമാറിയത്.

വിഗ്രഹങ്ങൾ ഉൾപ്പെടെ ഇരുനൂറോളം അപൂർവ്വങ്ങളായ വസ്തുക്കളാണ് ഇതിലുള്ളത്. തങ്ങളുടെ സംസ്‌കാരത്തിന്റെ തന്നെ ഭാഗമായ ഈ വസ്തുക്കൾ തിരികെ നൽകിയതിൽ അമേരിക്കൻ സർക്കാരിനോട് അങ്ങേയറ്റം നന്ദിയുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.

ഈ പൈതൃക സ്വത്തുക്കൾ ഞങ്ങൾക്ക് ഭാവിയിൽ പ്രചോദനമാകും. പണത്തിന്റെ മൂല്യം മാത്രമല്ല, ഇവ ഞങ്ങൾക്ക് അതിലും വലുതാണ്. ഇതു ഞങ്ങളുടെ സംസ്‌കാരത്തിന്റെയും പാരമ്പര്യത്തിന്റെയും ഭാഗമാണെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

അമേരിക്കയിലെ ബ്ലെയർ ഹൗസിൽ നടന്ന ചടങ്ങിലാണ് സ്വത്തുക്കൾ മോദിക്ക് കൈമാറിയത്. വെങ്കലത്തിൽ തീർത്ത പരമ്പരാഗത ഗണേശ വിഗ്രഹം, വിവിധ ആരാധനാ വിഗ്രഹങ്ങൾ, വെങ്കലത്തിൽ തീർത്ത കരകൗശല ഉത്പ്പന്നങ്ങൾ, കളിമൺ പ്രതിമകൾ, ചോള രാജാക്കന്മാരുടെ കാലത്തെ കവിയായിരുന്ന മാണിക്യ വചകറിന്റെ വിഗ്രഹം തുടങ്ങീ 2,000 ലേറെ വർഷം പഴക്കമുള്ള സ്വത്തുക്കളാണ് ഇന്ത്യയ്ക്ക് തിരികെ ലഭിച്ചിരിക്കുന്നത്. ചെന്നൈയിലെ ശിവക്ഷേത്രത്തിൽ നിന്ന് മോഷ്ടിക്കപ്പെട്ടതെന്ന് കരുതുന്ന മാണിക്യവചകറിന്റെ വിഗ്രഹത്തിന് 1.5 മില്യൺ യുഎസ് ഡോളർ മൂല്യമാണ് കണക്കാക്കുന്നത്. ഇവയെല്ലാം ഇന്ത്യയുടെ വിവിധ ആരാധനാലയങ്ങളിൽ നിന്നു മോഷണം പോയതാണ്. ചോള രാജാക്കന്മാരുടെ കാലത്തുണ്ടായിരുന്ന (എഡി 850- എഡി 1250) ഹിന്ദു കവിയും സന്യാസിയുമാണ് മാണിക്യവചകർ.