ന്യൂയോർക്ക്: കേരള രാഷ്ട്രീയത്തിന്റെ വിധി നിർണ്ണയിക്കുന്ന ഉപതിരഞ്ഞെടുപ്പാണ് ഇന്ന് അരുവിക്കരയിൽ നടക്കുന്നത്. തെരഞ്ഞെടുപ്പ് പ്രചരണങ്ങൾക്കായി ഇടത്-വലത്-ബിജെപി സ്ഥാനാർത്ഥികൾ കോടികൾ മുടക്കുകയും ചെയ്തു. എല്ലാവർക്കും വേണ്ടത് വിജയം മാത്രമാണ്. പരാജയപ്പെടുന്നവർ വരും നാളുകളിൽ തെരഞ്ഞെടുപ്പിൽ അട്ടിമറി നടന്നുവെന്ന ആരോപണവുമായി രംഗത്തെത്തുകയും ചെയ്‌തേക്കാം. ഇങ്ങനെ ആരോപണങ്ങൾ ഉന്നയിക്കുന്നവർക്ക് ശാസ്ത്രീയമായ തെളിവുകളും നൽകാം. തെരഞ്ഞെടുപ്പ് വേളയിൽ ഇസ്രയേൽ ഇടപെടൽ പോലും ഉണ്ടായിട്ടുണ്ടെന്ന ആരോപണം കേരളത്തിൽ പലവുരി ഉയർന്നിട്ടുണ്്. അരുവിക്കരയിലെ തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോഴും അങ്ങനെ ആക്ഷേപമുണ്ടായേക്കാം. ഇതിന് കാരണം ഇന്ത്യൻ തെരഞ്ഞെടുപ്പ് കമ്മീഷൻ ഇലക്ഷന് വേണ്ടി ഉപയോഗിക്കുന്ന വോട്ടിങ് യന്ത്രങ്ങളാണ്.

വെബ്‌സൈറ്റുകളെ പോലെ ഇന്ത്യൻ തെരഞ്ഞെടുപ്പ് കമ്മീഷന്റെ വോട്ടിങ് യന്ത്രങ്ങളെ ഹാക്ക് ചെയ്യാമെന്നാണ് അമേരിക്കയിലുള്ള യൂണിവേഴ്‌സിറ്റി വെളിപ്പെടുത്തിയത്. വോട്ടിങ് യന്ത്രത്തിൽ പ്രത്യേകം ഒരു ഉപകരണം ഘടിപ്പിച്ച ശേഷം എസ്എംഎസ് വഴി വോട്ട് ചെയ്യാൻ സാധിക്കുമെന്നാണ് മിഷിഗൺ യൂണിവേഴ്‌സിറ്റിയിലെ ഗവേഷകർ പറയുന്നത്. ഇങ്ങനെ വോട്ടിങ് മെഷീനിൽ കൃത്രിമം കാട്ടാൻ സാധിക്കുമെന്ന് ഗവേഷകർ അവകാശപ്പെടുന്നത്. 1.4 മീറ്റർ നീളമുള്ള ഇലക്ട്രോണിക്ക് വോട്ടിങ് യന്ത്രങ്ങളാണ് പൊതു തെരഞ്ഞെടുപ്പുകളിൽ ഇന്ത്യയിൽ ഉപയോഗിക്കുന്നത്. പഴുതില്ലാത്ത കൃത്യമായവ വോട്ടിങ് യന്ത്രങ്ങളാണെന്ന ഇന്ത്യൻ വാദത്തെ പൊളിക്കുന്നതാണ് മിഷിഗൺ യൂണിവേഴ്‌സിറ്റിയുടെ കണ്ടുപിടിത്തു. ഇത് വ്യക്തമാക്കുന്ന ഒരു യുട്യൂബ് വീഡിയോയും ഇവർ നേരത്തെ പുറത്തിവിട്ടിരുന്നു.

പ്രൊഫ. ജെ അലക്‌സ് ഹാൽഡർമാനാണ് യൂണിവേഴ്‌സിറ്റിയിൽ ഇന്ത്യൻ തെരഞ്ഞെടുപ്പ് ന്ത്രങ്ങളുടെ വിശദമായ പഠനത്തിന് നേതൃത്വം നൽകിയത്. ഇലക്ട്രോണിക് മെഷീനിൽ രേഖപ്പെടുത്തുന്ന വോട്ടിൽ എസ്എംഎസ് വഴി മാറ്റിമറിക്കാമെന്നാണ് അദ്ദേഹം അവകാശപ്പെടുന്നത്. അത് തെളിയിച്ചതായും അദ്ദേഹം പറയുന്നു. അതായത് തെരഞ്ഞെടുപ്പ് ഡ്യൂട്ടിയുള്ള ഒരു ഉദ്യോഗസ്ഥന് തെരഞ്ഞെടുപ്പ് യന്ത്രത്തിൽ ഒരു ഇലക്ട്രോണിക് ചിപ്പോ മൈക്രോ പ്രൊസസറോ ഘടിപ്പിച്ചാൽ ലോകത്തിന്റെ മറ്റ് കോണുകളിൽ ഇരുന്നും പ്രസ്തുത വോട്ടിങ് യന്ത്രത്തിലെ വോട്ട് നിലയെ അട്ടിമറിക്കാമെന്നും പ്രൊഫ. ജെ അലക്‌സ് ഹാൽഡർമാൻ അവകാശപ്പെട്ടിരുന്നു. ഇത് സംബന്ധിച്ച് ബിബിസിയും റിപ്പോർട്ട് ചെയ്തിരുന്നു.

എന്നാൽ, ലോകത്തെ ഏറ്റവും സുരക്ഷിതവും കൃത്യവുമായി വോട്ടിങ് യന്ത്രങ്ങളാണ് തിരഞ്ഞെടുപ്പുകളിൽ ഉപയോഗിക്കുന്നതെന്നാണ് ഇന്ത്യൻ തെരഞ്ഞെടുപ്പ് കമ്മീഷന്റെ അവകാശവാദം. അമേരിക്കൻ യൂണിവേഴ്‌സിറ്റിയുടെ അവകാശവാദത്തെയും നേരത്തെ തെരഞ്ഞെടുപ്പ് കമ്മീഷൻ തള്ളിക്കളഞ്ഞിരുന്നു. വോട്ടിങ് മെഷീന് പുറമേ നിന്നുള്ള ചിപ്പുകളോ മറ്റോ ഘടിപ്പിക്കാൻ അവസരം പോലും നൽകാതെയുള്ള തെരഞ്ഞെടുപ്പ് പ്രക്രിയയാണ് നടക്കുന്നത്. അതുകൊണ്ട് ഇത്തരം അട്ടിമറികൾക്ക് സാധ്യതയില്ലെന്നുമാണ് ഇന്ത്യൻ തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കുന്നത്.

ഇത്തരം ഗവേഷണ റിപ്പോർട്ടുകൾക്ക് ശേഷവും നിരവധി പൊതു തിരഞ്ഞെടുപ്പുകൾ രാജ്യത്ത് നടന്നു. സുഗമമായ രീതിയിൽ തന്നെയാണ് തെരഞ്ഞെടുപ്പ് നടന്നത്. എന്നാൽ, അമേരിക്കൻ യൂണിവേഴ്‌സിറ്റിയുടെ ഗവേഷണം ഇസ്രയേൽ കൂടുതൽ വിപുലമായ രീതിയിൽ മെച്ചപ്പെടുത്തിയെന്ന സംശയവും ഉണ്ട്. ഇന്ത്യൻ വോട്ടിങ് യന്ത്രങ്ങളുടെ വിശ്വാസ്യതയെ കുറിച്ച് പലയിടത്തു നിന്നും സമാനമായ ആരോപണങ്ങൾ പാശ്ചാത്യ രാജ്യങ്ങൾ ഉയർത്തുമ്പോൾ തന്നെ തന്നെ ഇന്ത്യൻ ജനാധിപത്യ പ്രക്രിയ തന്നെയാണ് കുറ്റമറ്റ വിധത്തിൽ നടക്കുന്നതെന്നാണ് യാഥാർത്ഥ്യം.

ഇന്ത്യൻ വോട്ടിങ് യന്ത്രത്തെ ഹാക്ക് ചെയ്യാൻ സാധിക്കുമെന്ന് വിവരിക്കുന്ന യുട്യൂബ് വീഡിയോ കാണാം..