വാഷിങ്ടൺ: പാക്കിസ്ഥാനെതിരെയുള്ള നീക്കത്തിൽ ഇന്ത്യ അമേരിക്കയുടെ സൗഹൃദമാണ് പ്രതീക്ഷിക്കുന്നത്. അമേരിക്കയുമായി മികച്ച ബന്ധമുണ്ടാക്കിതിലൂടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ലക്ഷ്യമിട്ടതും അതാണ്. അമേരിക്ക പാക്കിസ്ഥാന് എതിരായാൽ പാശ്ചാത്യ രാജ്യങ്ങളും പാക്കിസ്ഥാനെ എതിർക്കും. മോദിയുടെ ഈ നയതന്ത്രം വിജയിക്കുകയാണ്. അന്താരാഷ്ട്ര തലത്തിൽ പാക്കിസ്ഥാൻ ഒരു ഭീകരരാഷ്ട്രമാണെന്ന് ഇന്ത്യ ആരോപിച്ചുകൊണ്ടിരിക്കെ ഇന്ത്യയുടെ ആരോപണം ശരിവയ്ക്കുന്ന തരത്തിൽ യുഎസ് സെനറ്റിൽ പാക്സ്ഥാനെതിരെ ആരോപണങ്ങൾ.

പാക്കിസ്ഥാൻ ഭീകരരെ ഉപയോഗിച്ച് അഫ്ഗാനിസ്താനിലുള്ള അമേരിക്കൻ സൈനികരെ കൊന്നൊടുക്കുകയാണെന്നും അമേരിക്കക്കാരുടെ നികുതി പണം വാങ്ങി തങ്ങളെ വഞ്ചിക്കുകയാണെന്നും സെനറ്റംഗങ്ങൾ ആരോപിച്ചു. പാക് നഗരങ്ങൾ ഭീകരർക്കുള്ള സുരക്ഷിത താവളങ്ങളാക്കി പാക്കിസ്ഥാൻ മാറ്റിയെന്നും അമേരിക്കൻ ഡ്രോൺ ആക്രമണങ്ങളിൽ നിന്ന് രക്ഷപ്പെടുത്താൻ ഇവരെ ജനങ്ങൾക്കിടയിൽ സ്വതന്ത്രരായി വിലസാൻ അനുവദിക്കുന്നുവെന്നും യുഎസ് സെനറ്റ് അംഗങ്ങൾ ആരോപിക്കുന്നു. ദാവൂദ് ഇബ്രാഹിം ഉൾപ്പെടെയുള്ള ഭീകരർ പാക്കിസ്ഥാനിലുണ്ടെന്ന് ഐക്യരാഷ്ട്ര സഭയും കണ്ടെത്തിയുരന്നു. ഇതിന് പിന്നാലെ പാക് സെനറ്റിൽ നടക്കുന്ന ചർച്ചകൾ ഇന്ത്യൻ വാദത്തിന് കരുത്ത് പകരുന്നതാണ്.

പാക്കിസ്ഥാൻ തുടർച്ചയായി ഭീകരർക്ക് പിന്തുണ നൽകുന്നു. ഹഖാനി ഭീകരർ എവിടെയാണുള്ളതെന്ന് പാക്കിസ്ഥാനറിയാം. അവർക്ക് നേരെ യുഎസ് ആക്രമണം ഉണ്ടാകുമ്പോഴെല്ലാം പാക്കിസ്ഥാനിൽ അവർക്ക് വൈദ്യസഹായം ലഭിക്കുന്നുണ്ടെന്നും അമേരിക്കൻ റിപ്പബ്ലിക്കൻ സെനറ്റംഗം ബോബ് കോക്കർ പറയുന്നു. പാക്കിസ്ഥാൻ താവളം നൽകിയിരിക്കുന്ന ഹഖാനി ഭീകരരാണ് അഫ്ഗാനിസ്താനിലെ അമേരിക്കൻ സൈനികരെ കൊലപ്പെടുത്തുന്നതിൽ മുന്നിൽ നിൽക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

നമ്മൾ പാക്കിസ്ഥാനുമെന്നിച്ച് പ്രവർത്തിക്കുന്നു. എന്നാൽ അവരുടേത് ഇരട്ടത്താപ്പ് നയമാണ്. ഭീകരതയുടെ ദുർഭൂതത്തെ അവർ പുറത്ത് വിടുകയും ഭീകരർക്ക് താവളമൊരുക്കുകയും ചെയ്യുന്നുവെന്നും സെനറ്റ് അംഗങ്ങൾ ആരോപിക്കുന്നു. ഇത് സെനറ്റിൽ പുതിയ ചർച്ചകൾക്ക് വകവയ്ക്കുകയാണ്. അമേരിക്കൻ പ്രസിഡന്റ് ബരാക് ഒബാമയും പാക്കിസ്ഥാനെതിരെ കടുത്ത നിലപാടിലാണ്.

ഇന്ത്യയുമായി അടുക്കാനാണ് ഒബാമിയുടെ ശ്രമം. അമേരിക്കയിൽ പ്രസിഡന്റ് തെരഞ്ഞെടുപ്പിന് ശേഷം ആര് അധികാരത്തിലെത്തിയാലും ഈ നയം തുടരേണ്ടി വരും. ഇത് തന്നെയാണ് സെനറ്റ് ചർച്ചകളിൽ പ്രതിഫലിക്കുന്നത്.