സീയൂൾ: ലോകത്തെ കൂടുതൽ ആശങ്കയിലാഴ്‌ത്തി കൊറിയൻ മേഖലയിലേയ്ക്ക് രണ്ടു പടുകൂറ്റൻ വിമാനവാഹിനി കപ്പലുകൾകൂടി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അയയ്ക്കുന്നു. ആയിരത്തിലധികം അടി നീളവും തൊണ്ണൂറിലധികം വീതം വിമാനങ്ങളെ വഹിക്കാൻ ശേഷിയുമുള്ള യുഎസ്എസ് റൊണാൾഡ് റീഗൻ, യുഎസ്എസ് നിമിറ്റ്‌സ് എന്നീ വിമാനവാഹിനികളാണ് കൊറിയൻ മേഖലയിലേക്കു തിരിക്കുക. ഇരു കപ്പലുകളും ആണവ ശക്തിയിലാണു പ്രവർത്തിക്കുന്നത്. ഇത്രയും തന്നെ വലിപ്പമുള്ള യുഎസ്എസ് കാൾ വിൻസൺ നേരത്തേ തന്നെ കൊറിയൻ മേഖലയിൽ എത്തിയിരുന്നു. യുഎസ്എസ് റൊണാൾഡ് റീഗൻ ഇപ്പോൾ ജപ്പാനിലെ യോക്കോസുമയിലും യുഎസ്എസ് നിമിറ്റ്‌സ് ഒറിഗോണിലുമാണുള്ളത്.

ഉത്തരകൊറിയൻ ഏകാധിപതി കിം ജോംഗ് ഉന്നിനെ നല്ലപാഠം പഠിപ്പിച്ചേ അടങ്ങൂവെന്ന ദൃഡനിശ്ചയത്തിലാണ് ട്രംപ്. കിങ് ജോംഗ് ഉൻ നന്നായി പെരുമാറൻ പഠിക്കണമെന്ന് ട്വീറ്റ് ചെയ്തതിനു പിന്നാലെയാണ് കൂടുതൽ യുദ്ധക്കപ്പലുകൾ അയയ്ക്കാനുള്ള തീരുമാനം ട്രംപ് എടുത്തത്. ഉത്തരകൊറിയയുടെ ആണവ പരിപാടികൾ ലോകത്തിനു ഭീഷണിയാണെന്നു പറഞ്ഞാണ് ട്രംപ് യുദ്ധത്തിനു കോപ്പുകൂട്ടുന്നത്.

ഇതിനിടെ, ആണവ യുദ്ധത്തിന്റെ വക്കിലേക്ക് ലോകത്തെ തള്ളിവിടുന്നത് അമേരിക്കയാണെന്ന് ഉത്തരകൊറിയ ആരോപിച്ചു. ഏത് സമയത്തും ആണവ യുദ്ധം പൊട്ടിപ്പുറപ്പെടാനുള്ള സാധ്യതയാണ് ഇപ്പോൾ നിലനിൽക്കുന്നതെന്ന് ഐക്യരാഷ്ട്രസഭയിലെ ഉത്തര കൊറിയൻ പ്രതിനിധി കിൻ ഇൻ റ്യോങ് പറഞ്ഞു. ഉചിതമെന്ന് തോന്നുന്ന സമയത്ത് ഉത്തര കൊറിയ വീണ്ടും ആണവ പരീക്ഷണം നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. അമേരിക്കയുടെ മുന്നറിയിപ്പ് അവഗണിച്ച് ഉത്തര കൊറിയ തുടർച്ചയായി നടത്തുന്ന ആണവ പരീക്ഷണങ്ങൾ ഏറെക്കാലം സഹിക്കില്ലെന്ന് യു.എസ് വൈസ് പ്രസിഡന്റ് മൈക്ക് പെൻസ് വ്യക്തമാക്കിയതിന് പിന്നാലെയാണിത്.

തലസ്ഥാനമായ പ്യോങ്യാങ്ങിൽ നടന്ന സൈനികാഭ്യാസത്തിനിടെ മിസൈലുകൾ പ്രദർശിപ്പിച്ചതിന് പിന്നാലെ ഉത്തരകൊറിയ ഞായറഴ്ച നടത്തിയ മിസൈൽ പരീക്ഷണം പരാജയപ്പെട്ടിരുന്നു. എന്നാൽ ആവശ്യമെങ്കിൽ മിസൈൽ പരീക്ഷണം ആഴ്ചതോറും നടത്തുമെന്നാണ് ഉത്തര കൊറിയൻ വിദേശകാര്യ സഹമന്ത്രി ഹാൻ സോങ് റ്യോൾ കഴിഞ്ഞ ദിവസം ബി.ബി.സിയോട് പറഞ്ഞത്. ആഴ്ചതോറുമോ മാസംതോറുമോ പ്രതിവർഷമോ ആണവ പരീക്ഷണം നടത്താൻ മടിക്കില്ലെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്.

ജപ്പാനെയും ദക്ഷിണ കൊറിയയെയും അമേരിക്കയെയും ആക്രമിച്ച് തകർക്കുമെന്നാണ് ഉത്തര കൊറിയയുടെ ഭീഷണി. അതിനിട, അമേരിക്കയുമായുള്ള സഹകരണം ശക്തമാക്കുമെന്നും ഉത്തര കൊറിയൻ നീക്കങ്ങൾക്ക് കടിഞ്ഞാണിടാൻ ചൈനയുമായി സഹകരിക്കുമെന്നും ദക്ഷിണ കൊറിയൻ അധികൃതർ വ്യക്തമാക്കിയിരുന്നു.