ന്യൂഡൽഹി: ഇന്ത്യൻ സമുദ്രപരിധിക്കുള്ളിൽ അനുവാദമില്ലാതെ കയറി യുഎസ് നാവിക സേന. ഇന്ത്യൻ സമുദ്രപരിധിയിൽ കപ്പൽ വിന്യാസമാണ് യുഎസ് നാവിക സേന നടത്തിയത്. ലക്ഷദ്വീപിനെ ഇന്ത്യയുടെ പ്രത്യേക സാമ്പത്തിക മേഖലയക്കുള്ളിലേക്കാണ് യുഎസ് നാവിക സേനയുടെ നുഴഞ്ഞു കയറ്റം.

യുഎസ് നാവികസേനയുടെ ഏഴാം കപ്പൽപ്പടയാണ് ബുധനാഴ്ച ലക്ഷദ്വീപിൽനിന്ന് 130 നോട്ടിക്കൽ മൈൽ പടിഞ്ഞാറ് കപ്പൽ വിന്യാസം നടത്തിയത്. ഇന്ത്യയുടെ കടൽ സുരക്ഷാ നയത്തിനു വിരുദ്ധമാണ് യുഎസ് നടപടി. സംഭവത്തിൽ ഇന്ത്യൻ സേനാവിഭാഗങ്ങൾക്ക് അതൃപ്തി പുകയുന്നുണ്ടെങ്കിലും അത് പരസ്യമാക്കിയിട്ടില്ല. അതേസമയം ഇന്ത്യൻ സമുദ്രപരിധിയിലാണ് തങ്ങൾ കയറിയതെന്ന കാര്യം യുഎസ് നാവികസേന സ്ഥിരീകരിച്ചിട്ടുണ്ട്.

യുഎസ്എസ് ജോൺ പോൾ ജോൺസ് എന്ന പേരിലുള്ള കപ്പലാണ് ഇന്ത്യൻ പരിധിക്കുള്ളിൽ കയറിയതെന്ന് യുഎസ് നാവികസേന പ്രസ്താവനയിൽ അറിയിച്ചു. ഇതിനു മുൻപും യുഎസ് ഇതു ചെയ്തിട്ടുണ്ടെന്നും ഭാവിയിലും തുടരുമെന്നും അറിയിച്ചു. സ്വതന്ത്ര കപ്പൽ വിന്യാസം ഒരു രാജ്യത്തിനു മാത്രം അവകാശപ്പെട്ടതല്ലെന്നും ഇതിൽ രാഷ്ട്രീയം ഇല്ലെന്നും പ്രസ്താവനയിൽ പറയുന്നു.

ദക്ഷിണ ചൈനാ കടലിടുക്കിൽ ചൈനയുടെ കടന്നുകയറ്റം ഉൾപ്പെടെ എതിർക്കുന്ന യുഎസിന്റെ നടപടി ഇന്ത്യയെ ഞെട്ടിച്ചു. യുഎസുമായി സൗഹൃദപരമായ നയതന്ത്ര ബന്ധമാണ് ഇന്ത്യയ്ക്ക് ഉള്ളത്. യുഎസ് നടപടിയോട് ഇന്ത്യ ഇതുവരെ പ്രതികരിച്ചിട്ടില്ല. അടുത്തിടെ ചൈനീസ് ഭീഷണി നേരിടുന്നതിന്റെ ഭാഗമായി ദക്ഷിണ ചൈനാ കടലിൽ ഇന്ത്യൻ, യുഎസ് നാവിക സേനകൾ കപ്പൽ വിന്യാസം ശക്തമാക്കിയിരുന്നു. മുൻ നിരക്കപ്പലുകളാണ് ഇന്ത്യൻ നാവിക സേന ദക്ഷിണ ചൈനാ കടലിൽ ലഡാക്ക് സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ വിന്യസിച്ചിരുന്നത്.