നാഗ്പൂർ: മുത്തശ്ശിയെയും കൊച്ചു മകളെയും ദുരൂഹ സാഹചര്യത്തിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. മാധ്യമ പ്രവർത്തകനായ രവികാന്ത് കംബ്ലയുടെ മാതാവ് ഉഷ(52) ഒരു വയസ്സുകാരി മകൾ രാഷി എന്നിവരാണ് കൊല്ലപ്പെട്ടത്.

ശനിയാഴ്ച വൈകുന്നേരം സമീപത്തെ ജുവലറിയിലേയ്ക്ക് പോയ ഇരുവരേയും കാണാതാവുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. ഉഷയുടെയും രാഷിയുടെയും ശരീരത്തിൽ സംശയകരമായ മുറിവുകളുണ്ട്. ഞായറാഴ്ച രാവിലെ 10.30ഓടെ ബഹാദുരയിൽ നിന്നാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.

ഉഷ പലിശയ്ക്ക് പണം കൊടുക്കാറുണ്ടായിരുന്നു. വൈകുന്നേരം ജുവലറിയിലേയ്ക്ക് പോയ ഇരുവരും സമയം കഴിഞ്ഞിട്ടും തിരികെ എത്താതിരുന്നതോടെ ഉഷയുടെ ഭർത്താവ് ഫോണിൽ വിളിച്ചെങ്കിലും സ്വിച്ച് ഓഫ് ആയിരുന്നു. പിന്നീട് രവികാന്തെത്തി പൊലീസിൽ അറിയിക്കുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് പവൻപുത്ര സ്വദേശിയായ ഗണേശ് ഷാഹു(26) എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

ചിട്ടിക്കാശുമായി ബന്ധപ്പെട്ട് ഉഷയും ഷാഹുവും തമ്മിൽ തർക്കം ഉണ്ടായിരുന്നെന്നും ഇതേത്തുടർന്നാണ് കൊലയെന്നുമാണ് പ്രാഥമിക നിഗമനം. പടവിൽ നിന്ന് ഉഷയെ തള്ളിയിട്ട് കഴുത്തു മുറിക്കുകയായിരുന്നു. ഇതുകണ്ട് രാഷി കരഞ്ഞതോടെ കുഞ്ഞിനെയും കൊല്ലുകയായിരുന്നു. പിന്നീട് ഇരുവരുടെയും മൃതദേഹങ്ങൾ ചാക്കിൽകെട്ടി നദിക്കരയിൽ ഇടുകയായിരുന്നു.