തിരുവനന്തപുരം: നേഴ്‌സിങ് തട്ടിപ്പ് കേസിലെ പ്രതി ഉതുപ്പ് രക്ഷിക്കാൻ പാർട്ടിയുടെ ദേശീയ നിർവ്വാഹക സമിതി അംഗമായ പിസി ശ്രീധരൻ പിള്ള ശ്രമിക്കുന്നത് ബിജെപിയുടെ സംസ്ഥാന നേതൃത്വം അറിഞ്ഞമട്ടില്ല. നഴ്‌സിങ്ങ് റിക്രൂട്ട്‌മെന്റ് കേസിലെ പ്രതി ഉതൂപ്പിനെ രക്ഷപെടുത്താൻ ബിജെപി ശ്രമിക്കുന്നതായി ഓൺലൈൻ മാസികകളിലുടെ ചിലർ പ്രചരിപ്പിച്ചു കൊണ്ടിരിക്കുകയാണെന്നാണ് ബിജെപി ഘടകത്തിന്റെ വിശദീകരണം. ഉതുപ്പിന്റെ തട്ടിപ്പിനെതിരെ സന്ധിയില്ലാ സമരം നടത്തുന്ന മറുനാടൻ മലായാളിയുടെ പേര് പറയാതെയാണ് ഓൺലൈൻ മാദ്ധ്യമങ്ങളെ വിമർശിക്കുന്നത്. കേസിൽ ശ്രീധരൻപിള്ള ഉതുപ്പിനായി ഹൈക്കോടതിയിൽ മുൻകൂർ ജാമ്യേപേക്ഷ സമർപ്പിക്കുമെന്ന് മറുനാടൻ വാർത്ത നൽകിയ ശേഷമായിരുന്നു ബിജെപിയുടെ കേരള ഘടകത്തിന്റെ ഫേസ്‌ബുക്ക് പേജിൽ വിമർശനമെത്തിയത്.

പ്രധാനമന്ത്രി നരേന്ദ്ര മോദി ജി ഉദ്ഘാടനം ചെയ്ത സ്വച്ഛ ഭാരത് പരിപാടിയിൽ പങ്കെടുക്കുവാൻ കേരളത്തിൽ നിന്ന് 50 ബിജെപി നേതാക്കളേയും പ്രവർത്തകരെയും ഉതുപ്പിന്‌ടെ ചെലവിൽ ഡൽഹിയിൽ എത്തിച്ചു എന്നാണ് ചിലരുടെ പ്രചാരണം. സ്വച്ഛ ഭാരത് പരിപാടിയുടെ ഉദ്ഘാടനത്തിനായി കേരളത്തിൽ നിന്ന് ബിജെപി നേതാക്കൾ ആരും തന്നെ ഡൽഹിയിൽ പോയിട്ടില്ല എന്നിരിക്കെ ഇത്തരത്തിലുള്ള പ്രചരണം ബിജെപി യെ അപകീർത്തിപ്പെടുത്താൻ ഉള്ള ചിലരുടെ ശ്രമത്തിന്‌ടെ ഭാഗമാണെന്നായിരുന്നു പോസ്റ്റ്. ഉതുപ്പിന് ബിജെപി നേതാക്കളുമായുള്ള ബന്ധവും മറുനാടൻ നൽകിയിരുന്നു. അതിൽ സ്വച്ഛ് ഭാരത് പരിപാടിയുടെ ഉദ്ഘാടന ചടങ്ങിൽ മോദിയുടെ പ്രസംഗം കേൾക്കാൻ ബിജെപി നേതാക്കൾക്കൊപ്പം ഉതുപ്പും എത്തിയതായും വിശദീകരണമുണ്ടായിരുന്നു. അതിനോട് പ്രതികരിക്കാതെയാണ് വാർത്തിയിലെ മറ്റൊരു ഭാഗത്തെ ഉയർത്തിക്കാട്ടിയുള്ള ബിജെപിയുടെ വിമർശനം. ബിജെപിയിലെ മുതിർന്ന നേതാവിന്റെ അഭ്യർത്ഥനയെ തുടർന്നാണ് കൊച്ചിയിൽ നിന്ന് ഡൽഹി യാത്രയ്ക്ക് ഉതുപ്പ് സൗകര്യമൊരുക്കിയത്. ഒരു പക്ഷേ അത് ഔദ്യോഗിക നേതൃത്വത്തിന്റെ അറിവോടെയാകണമെന്നില്ല.

പക്ഷേ തട്ടിപ്പ് കേസിലെ പ്രതിക്ക് ശ്രീധരൻപിള്ള വക്കാലത്ത് നൽകുമ്പോൾ ഉതുപ്പിന് ബിജെപിയുമായുള്ള ബന്ധമാണ് വ്യക്തമാകുന്നത്. ക്രിമിനൽ കേസ് അഭിഭാഷകനായതിനാലാണ് ഇതെന്ന് വിശദീകരിച്ചും കഴിഞ്ഞു. ഈ ഘട്ടത്തിൽ ഉതുപ്പുമായുള്ള ബിജെപി നേതാക്കളുടെ ബന്ധവും തെളിഞ്ഞു. ലോട്ടറിക്കേസിൽ സാന്റിയാഗോ മാർട്ടിന് അനുകൂലമായി കേസ് വാദിക്കാൻ ഹൈക്കോടതയിൽ കോൺഗ്രസ് വക്താവായിരുന്നു മനു അഭിഷേക് സിംങ് വി എത്തിയിരുന്നു. അതുപോലെ പല കേസിലും കോൺഗ്രസുകാരായ അഭിഭാഷകർ കേസ് വാദിച്ചു. അന്നെല്ലാം രാഷ്ട്രീയ ധാർമികതയുടെ പേരിൽ കോൺഗ്രസിനെ വിമർശിച്ചതിൽ പ്രധാനിയായിരുന്നു ബിജെപി നേതാവ് ശ്രീധരൻപിള്ള. രാഷ്ട്ര താൽപ്പര്യത്തിനൊപ്പം രാഷ്ട്രീയക്കാർ നിൽക്കണമെന്ന വാദമാണ് ശ്രീധരൻ പിള്ളയും ബിജെപിയും ഉയർത്തിയത്. എന്നാൽ ഉതുപ്പിനെ രക്ഷിക്കാനുള്ള യാത്രയിൽ ശ്രീധരൻ പിള്ള രാഷ്ട്രീയക്കാരൻ അല്ലാതെയാകുന്നു.

ഉതുപ്പിന് പിന്നിൽ ബിജെപിക്കാരുണ്ടെന്ന പ്രത്യക്ഷ സൂചന സിബിഐയ്ക്ക് നൽകാനുള്ള കള്ളക്കളിയാണ് ശ്രീധരൻ പിള്ളയുടെ വക്കാലത്ത് ഏറ്റെടുക്കലിലൂടെ നടന്നതെന്നാണ് സൂചന. ഉതുപ്പിന്റെ അറസ്റ്റിനെ അട്ടിമറിക്കാൻ ഉന്നത ബിജെപി നേതാക്കൾ തന്നെ ശ്രമിക്കുന്നുമുണ്ട്. ഹൈക്കോടതിയിൽ ബിജെപി നേതാവ് ഉതുപ്പിനായി ഹാജരാകുമ്പോൾ കേന്ദ്ര സർക്കാരിന്റെ അന്വേഷണ ഏജൻസിയുടെ വാദങ്ങൾക്ക് ശക്തികുറയുകയും ചെയ്യും. ഇതിലൂടെ ജാമ്യം നേടിയെടുക്കാനും കഴിയും. ഈ സാങ്കേതികതയിലേക്കൊന്നും ഓൺലൈൻ മാദ്ധ്യമങ്ങളെ വിമർശിക്കുന്ന ബിജെപിയുടെ സംസ്ഥാന ഘടകം പോകുന്നില്ല. സംസ്ഥാന പ്രസിഡന്റ് വി മുരളീധരനും ശ്രീധരൻ പിള്ളയും രണ്ട് വഴിക്കാണ് നീങ്ങുന്നത്. ഇവർ തമ്മിലെ ഗ്രൂപ്പ് പോരും എല്ലാവർക്കും അറിയാവുന്നതാണ്. എങ്കിലും സമൂഹത്തെ ബാധിക്കുന്ന ഒരു കേസിലെ വഴിവിട്ട ശ്രീധരൻപിള്ളയുടെ നടപടിയെ വിമർശിക്കാൻ ബിജെപിയുടെ ഫേയ്‌സ് ബുക്ക് പേജ് തയ്യാറാകുന്നില്ല. മറ്റേതെങ്കിലും രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ നേതാവായിരുന്ന ഉതുപ്പിന്റെ അഭിഭാഷകനെങ്കിൽ എന്താകും സ്ഥിതിയെന്ന് വ്യക്തമാകുമായിരുന്നു.

നരേന്ദ്ര മോദിയുടെ ആശയങ്ങളുമായി ചാനൽ ചർച്ചകളിൽ കത്തിപ്പടരുന്ന ബിജെപി നേതാവാണ് ശ്രീധരൻ പിള്ള. മുൻ സംസ്ഥാന പ്രസിഡന്റ് കൂടിയായ പിള്ള അറിയപ്പെടുന്ന ഹൈക്കോടതിയിലെ ക്രിമിനൽ അഭിഭാഷകനുമാണ്. എന്തിലും വലുത് രാജ്യതാൽപ്പര്യമെന്ന മോദിയുടെ വാക്കുകൾ കണക്കിലെടുക്കാതെ പല കേസുകൾക്കും ഹജരാകാറുമുണ്ട്. ഉതുപ്പിനെതിരെ ബിജെപി ബന്ധം ഉയർത്തിക്കാട്ടിയ ശേഷവും ഹൈക്കോടതിയിൽ അൽസറഫ ഉടമയ്ക്കായി വക്കാലത്ത് നൽകാൻ ശ്രീധരൻ പിള്ള തയ്യാറായത് വിമർശനങ്ങൾ മുൻകൂട്ടി അറിഞ്ഞു കൊണ്ടാണ്. ഇതിലൂടെ ഉതുപ്പുമായി ബിജെപിക്കുള്ള ബന്ധമാണ് വ്യക്തമാകുന്നത്. കുവൈറ്റിലുണ്ടായിരുന്നപ്പോൾ ഉതുപ്പിനെ ഇന്റർപോളിനെ കൊണ്ട് അറസ്റ്റ് ചെയ്യിക്കാതിരിക്കാൻ ഉന്നത തല ഇടപെടലുകൾ നടന്നിട്ടുണ്ട്. ഹൈ്‌ക്കോടതിയിലും സുപ്രീംകോടതിയിലും മുൻകൂർ ജാമ്യാപേക്ഷയിൽ തീരുമാനം ഉണ്ടാകുന്നതു വരെ സിബിഐ കാത്തിരിക്കും. ഉതുപ്പിന്റെ രാഷ്ട്രീയ ബന്ധങ്ങൾ തന്നെയാണ് ഈ സാഹചര്യം ഒരുക്കുന്നത്.

അതേസമയം, ബിജെപി നേതാവ് എന്ന നിലയിലല്ല ക്രമിനൽ അഭിഭാഷകൻ എന്ന നിലയിൽ ഏത് പ്രതിക്ക് വേണ്ടിയും ഹാജരാകുന്നതിൽ തടസമില്ലെന്നാണ് ശ്രീധരൻപിള്ളയുടെ വാദം. ഇക്കാര്യത്തിൽ രാഷ്ട്രീയ പശ്ചാത്തലം നോക്കേണ്ടതില്ലെന്നും ശ്രീധരൻ പിള്ള പറഞ്ഞു. രാഷ്ട്രീയ പ്രാധാന്യമുള്ള പല കേസുകളിലെ പ്രതികൾക്ക് വേണ്ടി രാഷ്ട്രീയ രംഗത്തെ പലരും മുമ്പ് ഹാജരായിട്ടുള്ള കാര്യവും ചൂണ്ടിക്കാട്ടുന്നു. എന്നാൽ മോദിയുടെ പാർട്ടിയിലെ പ്രധാന വ്യക്തി ഇത്തരം ബാലിശ ന്യായങ്ങളുർത്തുമ്പോൾ ബിജെപി സംസ്ഥാന ഘടകം ശാസിക്കാനോ തിരുത്താനോ ശ്രമിക്കുന്നില്ല. പകരം സത്യം പറയുന്ന ഓൺലൈൻ മാദ്ധ്യമങ്ങളെ അടച്ചാക്ഷേപിക്കുകയാണ് ചെയ്യുന്നത്. സ്വച്ഛ് ഭാരത്തിന്റെ ഉദ്ഘാടന ചടങ്ങിൽ ഉതുപ്പ് പങ്കെടുത്തോ എന്നതിലും മിണ്ടാട്ടമില്ല. ഉതുപ്പിന്റെ ബിജെപി ബന്ധത്തിന് വ്യക്തമായ തെളിവ് തന്നെയാണ് ഈ മൗനം.

ചോദ്യം ചെയ്യാനായി ഉതുപ്പിനെ സിബിഐ കൊച്ചിയിലേക്ക് വിളിപ്പിച്ചെങ്കിലും വിദേശത്തായതിനാൽ ഹാജരായിട്ടില്ല. അനാവശ്യമായി കേസിൽ ഉൾപ്പെടുത്തി തന്നെ അറസ്റ്റ് ചെയ്യാൻ സാധ്യതയുള്ളതിനാൽ മുൻകൂർ ജാമ്യം അനുവദിക്കണമെന്നാണ് വർഗീസ് ഉതുപ്പിന്റെ ആവശ്യം. കുവൈറ്റ് ആരോഗ്യ മന്ത്രാലയത്തിന്റെ നിർദ്ദേശപ്രകാരം 1200 നഴ്‌സുമാരെ 19,500 രൂപ വാങ്ങി റിക്രൂട്ട് ചെയ്യാൻ കരാർ ലഭിച്ചിരുന്ന അൽസറഫ ഏജൻസി ഇതിന്റെ 100 ഇരട്ടി രൂപ വാങ്ങി റിക്രൂട്ട്‌മെന്റ് നടത്തിയെന്ന കേസിലാണ് വർഗീസ് ഉതുപ്പിനെ പ്രതി ചേർത്തിരിക്കുന്നത്. എല്ലാം ജീവനക്കാർ വരുത്തിയ പിഴയെന്ന് വരുത്താനാണ് നീക്കം. തട്ടിപ്പ് പുറത്തുവന്നശേഷവും കുവൈറ്റ് കേന്ദ്രീകിച്ച് നേഴ്‌സുമാരിൽ നിന്ന് ഉതുപ്പ് പിരിവ് നടത്തിയിരുന്നു. മുൻകൂർ ജാമ്യാപേക്ഷയിലെ തീരുമാനം അനുകൂലമായില്ലെങ്കിൽ ഉതുപ്പ് ഗൾഫിന് പുറത്തേക്കുള്ള രാജ്യങ്ങളിലേക്ക് കടക്കുമെന്ന് സൂചനയുണ്ട്. അങ്ങനെ വന്നാൽ അറസ്റ്റ് നടക്കുകയുമില്ല.

തട്ടിപ്പിലൂടെ ശതകോടിയാണ് ഉതുപ്പ് വർഗീസ് അവിഹിതമായി സമ്പാദിച്ചത്. ഇയാൾക്കെതിരെ ആദായനികുതി വകുപ്പും എൻഫോഴ്‌സമെന്റും അന്വേഷണം നടത്തുന്നുണ്ട്. ആദായ നികുതി വകുപ്പ് കൊച്ചിയിലെ ഏജൻസിയുടെ ഓഫീസിൽ നടത്തിയ പരിശോധനയിൽ സാമ്പത്തിക തിരിമറി കണ്ടെത്തിയിരുന്നു. കേസിലെ ഒന്നാം പ്രതിയായ ഉതുപ്പിന്റെ സഹായി അഡോൾഫ് ലോറൻസിനെ സിബിഐ ചോദ്യം ചെയ്യുകയാണ്. മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുമായുള്ള അടുപ്പത്തിനൊപ്പം ബിജെപി നേതാക്കളുടെ ഇടപെടൽ കൂടിയാകുമ്പോൾ കേസിൽ നിന്ന് ഉതുപ്പ് രക്ഷപ്പെടുമെന്ന ആശങ്ക തട്ടിപ്പിനിരയായവരിൽ സജീവമാണ്.