കൊച്ചി: ആലുവയിൽ പോപ്പുലർ ഫ്രണ്ടിന് ഫയർഫോഴ്സ് പരിശീലനം നൽകിയ സംഭവത്തിൽ അന്വേഷണം വേണമെന്ന ആവശ്യവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. സിപിഎം പ്രീണന രാഷ്ട്രീയം കളിക്കുന്നതിനാലാണ് ഇത്തരം സംഭവങ്ങളുണ്ടാകുന്നതെന്ന് പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. ഭൂരിപക്ഷ തീവ്രവാദികളേയും ന്യൂനപക്ഷ തീവ്രവാദികളേയും സിപിഐഎം താലോലിക്കുന്നുവെന്നാണ് പ്രതിപക്ഷ നേതാവിന്റെ ആരോപണം. കേരളാ പൊലീസിൽ ആർഎസ്എസുകാരുണ്ടെന്ന വിവരങ്ങൾ പുറത്തുവരുന്നു. സോഷ്യൽ എഞ്ചിനീയറിങ് എന്ന പേരിൽ സിപിഐഎം നടത്തുന്നത് മതപ്രീണനമാണെന്നും വി ഡി സതീശൻ ആഞ്ഞടിച്ചു.

പോപ്പുലർ ഫ്രണ്ടിന്റെ റെസ്‌ക്യൂ ആൻഡ് റിലീഫ് എന്ന സംഘടനയുടെ സംസ്ഥാനതല ഉദ്ഘാടന വേദിയിൽ വച്ചായിരുന്നു ഫയർഫോഴ്സ് പരിശീലനം. പരിശീലനം നൽകിയത് ഗുരുതര വീഴ്ചയാണെന്നാണ് ഫയർഫോഴ്സ് മേധാവിയുടെ കണ്ടെത്തൽ. ജില്ലാ ഫയർ ഓഫിസർക്കെതിരെയും ബി സന്ധ്യ നടപടിക്ക് ശുപാർശ ചെയ്തിട്ടുണ്ട്. എറണാകുളം റീജണൽ ഫയർ ഓഫീസർ, ജില്ലാ ഫയർ ഓഫീസർ, ക്ലാസെടുത്ത മൂന്ന് ഉദ്യോഗസ്ഥർ എന്നിവർക്കെതിരെയാവും നടപടിയുണ്ടാകുക.

പോപ്പുലർ ഫ്രണ്ട് പുതുതായി രൂപം നൽകിയ റെസ്‌ക്യൂ ആൻഡ് റിലീഫ് എന്ന സംഘടനയുടെ സംസ്ഥാനതല ഉദ്ഘാടന പരിപാടിയിലാണ് സംഭവം നടന്നത്. ബുധനാഴ്‌ച്ച ആലുവയിൽ വച്ചായിരുന്നു ഉദ്ഘാടനം. അപകടത്തിൽ നിന്നും ഒരാളെ രക്ഷിക്കുന്നതിനുള്ള വിവിധ രീതികൾ, അതിനായി ഉപകരണങ്ങൾ ഉപയോഗിക്കുന്ന വിധം എന്നിവയിലാണ് പ്രവർത്തകർക്ക് സേനാംഗങ്ങൾ പരിശീലനം നൽകിയത്. ഉദ്ഘാടന വേദിയിൽ വച്ചായിരുന്നു പരിശീലനം. ഇതാണ് വിവദമായത്. പോപ്പുലർ ഫ്രണ്ടിന് പരിശീലനം നൽകിയത് ചട്ടലംഘനമെന്ന് കാട്ടി ബിജെപിയടക്കം രംഗത്തുവന്നു.

ഇതോടെയാണ് അന്വേഷണം നടത്താൻ അഗ്‌നിശമനസേനാ മേധാവി ബി സന്ധ്യ ഉത്തരവിട്ടത്. പരിശീലനം നൽകാനിടയായ സാഹചര്യം വിശദീകരിക്കാൻ ഉദ്യോഗസ്ഥരായ ബി. അനീഷ്, വൈഎ രാഹുൽദാസ്, എം സജാദ് എന്നിവരോട് ആവശ്യപ്പെട്ടു. വിശദീകരണം ലഭിച്ച ശേഷമായിരിക്കും തുടർന്നുള്ള നടപടികൾ. അതേസമയം സംഭവത്തിൽ ചട്ടലംഘനമൊന്നും നടന്നിട്ടില്ലെന്നാണ് ഒരുവിഭാഗം ഉദ്യോഗസ്ഥരുടെ വാദം.

സന്നദ്ധ സംഘടനകൾ റസിഡന്റ് അസോസിയേഷനുകൾ വിവിധ എൻജിഒകൾ എന്നിവക്ക് പരിശീലനം നൽകാറുണ്ട്. ഇതുപോലുള്ള പരിശീലനം മാത്രമാണ് നൽകിയതെന്നും രാഷ്ട്രിയ പാർട്ടികളുടെ വേദിയിൽ വെച്ച് പ്രവർത്തകർക്ക് പരിശീലനം നൽകരുതെന്ന് ചട്ടമില്ലെന്നുമാണ് ഇവരുടെ വാദം.