തൃശൂർ: പൂരം പൊടിപൊടിക്കാനിരിക്കെ, ഇത്തവണ കുടമാറ്റത്തിൽ ആസാദി കുടയും. സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്തവരും, രാജ്യത്തെ നവോത്ഥാന നായകരുടേയും ചിത്രങ്ങളുള്ള കുടയാണ് ആസാദി കുട. ആർ എസ് എസ് ആചാര്യൻ വി ഡി സവർക്കറുടെ ചിത്രവും കുടയിലുണ്ട്. തൃശൂർ പൂരത്തോടനുബന്ധിച്ച് പാറമേക്കാവ് വിഭാഗത്തിന്റ ആന ചമയ പ്രദർശനം ഉദ്ഘാടനം ചെയ്ത് ബിജെപി നേതാവ് സുരേഷ് ഗോപിയാണ് ആസാദിക്കുട പ്രദർശിപ്പിച്ചത്. ഇതോടെ ആസാദി കുടയിൽ വി ഡി സവർക്കർ ഇടം നേടിയതിനെ ചൊല്ലി സോഷ്യൽ മീഡിയയിൽ വാദപ്രതിവാദങ്ങൾ ആരംഭിച്ചിട്ടുണ്ട്. ചരിത്രത്തെയും സ്വാതന്ത്ര്യ സമരത്തെയും അപമാനിക്കാനുള്ള സംഘപരിവാർ അജണ്ടയാണ് ഇതിന് പിന്നിലെന്നാണ് ഒരു വിഭാഗം ആരോപിക്കുന്നത്

തൃശൂർ പൂരം സ്പെഷ്യൽ കുടയിൽ വിഡി സവർക്കർ ഇടം നേടിയതിൽ പ്രതികരിച്ച് കോൺഗ്രസ് നേതാവ് പത്മജ വേണുഗോപാൽ. 'ലജ്ജാകരം' എന്നാണ് പത്മജയുടെ പ്രതികരണം. സ്വാതന്ത്ര്യ സമര സേനാനികൾക്കും നവോത്ഥാന നായകർക്കുമൊപ്പമാണ് സവർക്കറും ഇടം പിടിച്ചിരിക്കുന്നത്. ഭഗത് സിംഗിനും ചട്ടമ്പിസ്വാമികൾക്കും മന്നത്ത് പത്മനാഭനും ചന്ദ്രശേഖർ ആസാദിനുമൊപ്പമാണ് സവർക്കറും ഉൾപ്പെട്ടിരിക്കുന്നത്.

ഇതിനെതിരെ വിമർശനവുമായി യൂത്ത് കോൺഗ്രസ് രംഗത്തെത്തി.സ്വാതന്ത്ര്യ സമര പോരാട്ടങ്ങളിൽ പുറം തിരിഞ്ഞു നിന്ന സവർക്കറെ വെള്ളപൂശാൻ ശ്രമിച്ചാലും സത്യം സത്യമായി നിലനിൽക്കുമെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. പ്രമോദ് ചൂരങ്ങാട്ട് രംഗത്തെത്തി. ഇന്നവർ പൂരത്തിന്റെ കുടയിലൂടെ പരിവാർ അജണ്ട തുടങ്ങിവെക്കുന്നു, തൃശ്ശൂരിൽ വരും കാലത്ത് ഇതിലും വലുത് പ്രതീക്ഷിക്കാം എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഫേസ്‌ബുക്ക് പോസ്റ്റിലായിരുന്നു വിമർശനം.

അതേസമയം, പാറമേക്കാവ് തിരുവമ്പാടി ദേവസ്വങ്ങളുടെ ചമയ പ്രദർശനം ഇന്ന് ആരംഭിച്ചു. തിരുവമ്പാടി ദേവസ്വത്തിന്റെ പ്രദർശനോദ്ഘാടനും റവന്യൂ മന്ത്രി കെ രാജൻ ഉദ്ഘാടനം ചെയ്തപ്പോൾ പാറമേക്കാവിന്റേത് മുൻ രാജ്യസഭാ എംപിയും ബിജെപി നേതാവുമായ സുരേഷ് ഗോപിയാണ് ഉദ്ഘാടനം ചെയ്തത്.

തിരുവമ്പാടിയും പാറമേക്കാവും രണ്ട് ദിവസങ്ങളിലായിചമയ പ്രദർശനം നടത്തുന്നുണ്ട്. പൂരത്തലേന്നാണ് സാധാരണ ചമയ പ്രദർശനം നടത്തി വരാറുള്ളത്. തിരക്ക് കണക്കിലെടുത്ത് ഇക്കുറി ഇന്നും നാളെയുമായാണ് ചമയ പ്രദർശനം നടത്തുന്നത്. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഉൾപ്പടെയുള്ള പ്രമുഖർ നാളെ പ്രദർശനം കാണാൻ എത്തും.

അഡ്വ. പ്രമോദ് ചൂരങ്ങാട്ടിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്:

സ്വതന്ത്ര സമര പോരാട്ട നാളുകളിൽ ഹിന്ദു രാഷ്ട്രവാദി ആയിരുന്നവൻ ബ്രിടീഷുകാർക്ക് മാപ്പ് എഴുതി നൽകി ,ബ്രിടീഷ് സാമ്രാജ്യത്തോട് എന്നും വിധേയനാകും എന്നു പ്രഖ്യാപിച്ച് ജയിൽ മോചിതനായി ഗാന്ധി, നെഹ്‌റു തുടങ്ങിയവർ നയിച്ച സ്വാതന്തര്യ സമര പോരാട്ടങ്ങളിൽ പുറം തിരിഞ്ഞു നിന്ന സവർക്കറെ വെള്ളപൂശാൻ സ്വതന്ത്ര സമര പോരാളികൾക്ക് ഒപ്പവും, സമൂഹിക പരിഷ്‌കർത്താക്കൾക്ക് ഒപ്പവും ചിത്രം ആലേഖനം ചെയ്താൽ ഇന്നലെകളിലെ സത്യം സത്യമായി നിലനിൽക്കും എന്ന് പറയുവാൻ ആഗ്രഹിക്കുന്നു....ഇന്നവർ പൂരത്തിന്റെ കുടയിലൂടെ പരിവാർ അജണ്ട തുടങ്ങി വെക്കുന്നു.... തൃശൂരിൽ വരും കാലത്ത് ഇതിലും വലുത് പ്രതീക്ഷിക്കാം....