ലഖ്‌നൗ: രാമക്ഷേത്രത്തിനായി വീണ്ടും വിശ്വ ഹിന്ദു പരിഷത്ത് രംഗത്ത്. ഇത്തവണ രാജ്യത്തെ എല്ലാ ഗ്രാമങ്ങളിലും ശ്രീരാമന്റെ പ്രതിമ സ്ഥാപിക്കണമെന്നാണ് വി.എച്ച്.പിയുടെ ആവശ്യം. മാത്രമല്ല ഇതിനായി ഹിന്ദുക്കൾ അടുത്ത മാർച്ച് 31ന് ഹനുമാൻ ജയന്തി ആഘോഷിക്കണമെന്നും അയോധ്യയിൽ രാമക്ഷേത്രം യാഥാർഥ്യമാവാൻ ഹനുമാൻ ക്ഷേത്രങ്ങളിൽ പ്രത്യേക പ്രാർത്ഥന നടത്തണമെന്നും വി.എച്ച്.പി ആവശ്യപ്പെട്ടു.

വി.എച്ച്.പിയുടെയും ബജ്‌റംഗ്ദളിന്റെയും നേതൃത്വത്തിൽ കർണാടകയിൽ തിങ്കളാഴ്ച സമാപിച്ച സംഘ്പരിവാർ സംഘടനകളുടെ ധർമ സൻസദിലാണ് രാമ ക്ഷേത്രത്തിന് വേണ്ടിയുള്ള ആഹ്വാനം.

ഇതിനായി മാർച്ച് 15 മുതൽ 31 വരെ എല്ലാ ദിവസവും 108 തവണ ഹിന്ദുക്കൾ 'രാമക്ഷേത്രം യാഥാർഥ്യമാവട്ടെ' എന്ന് മന്ത്രിക്കണം. ഇക്കാലയളവിൽ രാമക്ഷേത്രത്തിനുവേണ്ടി ജനാഭിപ്രായം രൂപവത്കരിക്കണമെന്നും സൻസദ ആവശ്യപ്പെട്ടു.