- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തെക്കൻ കേരളത്തിലെ സമാന്തര പ്രവർത്തനങ്ങളിൽ വി എസിന് ചുറ്റും ഇപ്പോഴും ആൾക്കൂട്ടം; പാർട്ടി പരിപാടികൾക്ക് അംഗബലം കുറയുന്നു; കോടിയേരിക്കും ജനക്കൂട്ടത്തെ ആകർഷിക്കുന്ന നേതാവാകാൻ കഴിയുന്നില്ല; കണ്ണൂരിൽ വി എസിനെ അടുപ്പിക്കാതെ നേതൃത്വം
ആലപ്പുഴ: വിഭാഗീയത പാർട്ടിയിൽ അവസാനിച്ചുവെന്ന് പ്രഖ്യാപിച്ചാണ് സിപിഐ(എം)മുൻസംസ്ഥാന സെക്രട്ടറി പിണറായി വിജയൻ പടിയിറങ്ങിയത്. കാരണം വി എസ് അനുകൂലജില്ലകളിൽ ഔദ്യോഗികപക്ഷത്തുനിന്നുള്ള പുലികളെ ഇറക്കി വിമതരെ ഒതുക്കിയശേഷമാണ് പിണറായി അത്തരത്തിലൊരു പ്രസ്താവന ഇറക്കിയത്. പക്ഷേ പിണറായിക്കു പിഴച്ചു. ഇപ്പോൾ പാർട്ടിയുടെ താഴേത്തട്ടുവരെ ഇളക
ആലപ്പുഴ: വിഭാഗീയത പാർട്ടിയിൽ അവസാനിച്ചുവെന്ന് പ്രഖ്യാപിച്ചാണ് സിപിഐ(എം)മുൻസംസ്ഥാന സെക്രട്ടറി പിണറായി വിജയൻ പടിയിറങ്ങിയത്. കാരണം വി എസ് അനുകൂലജില്ലകളിൽ ഔദ്യോഗികപക്ഷത്തുനിന്നുള്ള പുലികളെ ഇറക്കി വിമതരെ ഒതുക്കിയശേഷമാണ് പിണറായി അത്തരത്തിലൊരു പ്രസ്താവന ഇറക്കിയത്.
പക്ഷേ പിണറായിക്കു പിഴച്ചു. ഇപ്പോൾ പാർട്ടിയുടെ താഴേത്തട്ടുവരെ ഇളക്കുന്ന തരത്തിലാണ് വി എസ് പ്രവർത്തനം തുടരുന്നത്. വി എസ് അനുകൂല ജില്ലകളായിരുന്ന ആലപ്പുഴ, കോട്ടയം, തിരുവനന്തപുരം, എറണാകുളം എന്നിവിടങ്ങളിൽ ജി സുധാകരൻ, ടി എൻ വാസവൻ, കടകംപള്ളി സുരേന്ദ്രൻ, പി രാജിവ് എന്നിവരെയാണ് വെട്ടിനിരത്താൻ നിയോഗിച്ചത്. ആലപ്പുഴയിൽ ഒരു കാലത്തു വി എസിന്റെ വിശ്വസ്തനായിരുന്ന ജി സുധാകരൻ പിണറായിക്ക് നൽകിയ റിപ്പോർട്ട്് ഇനി പാർട്ടിയിൽ വി എസ് മാത്രമാണ് അവശേഷിക്കുന്ന വിമതൻ എന്നായിരുന്നു.
എന്നാലിപ്പോൾ കാര്യങ്ങൾ കൈവിട്ടതുപോലായി. വി എസ് വീണ്ടും സജീവമാവുകയാണ്. വി എസ് എവിടെ എത്തിയാലും ജനങ്ങൾ തടിച്ചുകൂടൂന്ന സ്ഥിതി. പുതിയ പാർട്ടി സെക്രട്ടറിക്കുപോലും പ്രവർത്തകരെയോ ജനങ്ങളെയോ ആകർഷിക്കാൻ കഴിയാത്ത അവസ്ഥ. വി എസ് എത്തുന്നിടം നോക്കി പിറകെ സഞ്ചരിക്കാനാണ് പുതിയ പാർട്ടിസെക്രട്ടറിയുടെ വിധി. ഇത്തരത്തിൽ പാർട്ടിയുടെ നാലു പരിപാടികൾ പലയിടങ്ങളിലും നടന്നു കഴിഞ്ഞു. ചെറിയ പരിപാടികൾ പോലും പാർട്ടി സംസ്ഥാന സെക്രട്ടറി ഉദ്ഘാടനം ചെയ്യുന്ന സാഹചര്യമാണുള്ളത്.
വി എസ് വിരുദ്ധനീക്കത്തിന്റെ ഭാഗമായി മാന്നാറിൽ സംഘടിപ്പിച്ച പാർട്ടി പരിപാടി സമ്പൂർണപരാജയമായിരുന്നു. നേരത്തെ ഇവിടെ വി എസ് നിർധനവിധവയ്ക്ക് വീട് വച്ച് നൽകിയ ദേശാഭിമാനി സഹകരണസംഘത്തിന്റെ പരിപാടി ഉദ്ഘാടനം ചെയ്തിരുന്നു. ഇവിടെ പതിനായിരത്തോളം ജനങ്ങളാണ് പങ്കെടുത്തത്. ഈ പരിപാടിയുടെ പ്രൗഢി പൊളിക്കാനായിരുന്നു പാർട്ടി ഔദ്യോഗിക പരിപാടി സംഘടിപ്പിച്ചത് . എന്നാൽ ഇതു കനത്ത പരാജയത്തിലേക്ക് നീങ്ങി. ഇതോടെ പാർട്ടിയുടെ പൊതുപരിപാടിയിൽ ജനസാന്നിദ്ധ്യം കുറവായത് ചർച്ച ചെയ്യപ്പെടുകയാണ്. പാർട്ടി സ്‌മ്മേളനങ്ങൾ ശുഷ്‌കമാകുകയാണ്.
മുൻകാല ഒളിവ് പ്രവർത്തനങ്ങളിൽ സ്വീകരിച്ച, ഗ്രാമങ്ങളിലും വീടുകളിലും സന്ദേശമെത്തിക്കുന്ന രീതിയാണ് വി എസ് സമാന്തരപ്രവർത്തനങ്ങളിൽ പിന്തുടരുന്നത്. ഇപ്പോൾ വി എസ് എവിടെയെത്തിയാലും ആയിരങ്ങൾ തടിച്ചുകൂടുന്ന സ്ഥിതിയിലേക്ക് കാര്യങ്ങൾ എത്തി. വി എസ് പുതുതായി സന്നദ്ധ സംഘടന രൂപീകരിച്ചു നടത്തുന്ന താഴേത്തട്ട് പ്രവർത്തനങ്ങൾ ക്ലച്ച് പിടിക്കുന്നതായാണ് പാർട്ടി വിലയിരുത്തുന്നത്. ദേശാഭിമാനി സഹകരണ സംഘത്തിന്റെ പ്രവർത്തനം പാർട്ടിക്ക് കനത്ത തിരിച്ചടിയാണ് നൽകിയത്. വി എസിന്റെ പേരു നൽകാതെ പാർട്ടി സംഘടിപ്പിക്കുന്ന മുഴുവൻ പരിപാടികളും പൊളിയുകയാണ്.
കഴിഞ്ഞ ദിവസം ആലപ്പുഴയിൽ സംഘടിപ്പിച്ച സ. ബാലൻ സ്മാരകമന്ദിരം ഉദ്ഘാടനത്തിൽനിന്നും വി എസിനെ ഒഴിവാക്കിയിരുന്നു. ഇവിടെ പരിപാടി ഉദ്ഘാടനം ചെയ്യാനെത്തിയത് സാക്ഷാൽ പാർട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണനായിരുന്നു. ഇവിടെ പങ്കെടുത്തത് നൂറിൽ താഴെ ആളുകൾ മാത്രം. വാദ്യഘോഷങ്ങളുടെ അകമ്പടി മാത്രമാണ് കോടിയേരിക്ക് കാണാൻ കഴിഞ്ഞത്. വി എസിനെ ഒഴിവാക്കിക്കൊണ്ടുള്ള പാർട്ടിയുടെ പ്രവർത്തനങ്ങൾ ഒരു വിഭാഗം പ്രവർത്തകരും ജനങ്ങളും അംഗീകരിക്കുന്നില്ലെന്ന സൂചനയാണിതു നൽകുന്നത്. വി എസ് എത്തുന്നിടത്തേക്ക് ജനങ്ങൾ കൂട്ടത്തോടെ എത്തുന്ന പ്രവണത പാർട്ടിയെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്.
അതേസമയം പാർട്ടിയുടെ ശക്തികേന്ദ്രമായ കണ്ണൂർ ജില്ലയിൽ നേരേ മറിച്ചാണു സ്ഥിതി. പാർട്ടിയുടെ സംസ്ഥാന സമ്മേളനത്തിന്റെ മുഴുവൻ ശോഭയും കെടുത്തിക്കൊണ്ടു സമ്മേളനവേദി വിട്ട വിഎസിനെ പരസ്യമായി പിന്തുണയ്ക്കാൻ ഒരൊറ്റ സഖാവു പോലുമില്ല. ടി പി വധക്കേസിൽ വി എസ് പാർട്ടിയെ പ്രതിക്കൂട്ടിലാക്കിയപ്പോൾ തുടങ്ങിയതാണ് കണ്ണൂരിലെ പാർട്ടിക്കാർക്ക് വി എസിനോടുള്ള കലിപ്പ്. പാർട്ടി സമ്മേളനത്തോടെ വി എസിനു കണ്ണൂർ ജില്ലയിൽ അപ്രഖ്യാപിത വിലക്കുള്ളതു പോലായി. അതുകൊണ്ടു തന്നെ ആ ജില്ലയിലേക്ക് എത്തിനോക്കാൻ വി എസ് തയാറുമല്ല.
വിഷു പ്രമാണിച്ച് നാളെ (15.4.2015) ഓഫീസിന് അവധിയായതിനാൽ മറുനാടൻ മലയാളി അപ്‌ഡേറ്റ് ചെയ്യുന്നതല്ല. വായനക്കാർക്ക് വിഷു ആശംസകൾ- എഡിറ്റർ.