തിരുവനന്തപുരം: വി എസ് അച്യുതാനന്ദന് എന്ത് പദവി നൽകണമെന്ന പ്രശ്‌നം സിപിഐ.(എമ്മി)ൽ കീറാമുട്ടിയായി തുടരുന്നതിനിടെ തനിക്ക് ഇനി ഒരു പദവിയും വേണ്ടെന്ന ഉറച്ച നിലപാടുമായി വി എസ് രംഗത്ത്.ഇന്നലെ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയടക്കമുള്ളവരോട് നടത്തിയ ആശയവിനിമയത്തിൽ വി എസ് ഇക്കാര്യം പങ്കുവച്ചതായാണ് അറിയുന്നത്. തന്നെ ബോധപൂർവം സ്ഥാനമോഹിയാക്കാനുള്ള നീക്കം ചില മാദ്ധ്യമങ്ങൾ വഴി നടക്കുന്നുണ്ട്. അതിന് വഴിപ്പെടാനില്ല. മരിക്കുംവരെ ജനങ്ങൾക്കും കമ്യൂണിസ്റ്റ് പാർട്ടിക്കുവേണ്ടിയും പോരാടുമെന്നും, ഇനി പ്രത്യേകിച്ചൊരു സ്ഥാനമാനങ്ങളൊന്നും തനിക്ക് വേണ്ടെന്നുമുള്ള വികാര നിർഭരമായ മറുപടിയാണ് ഒരു ഘട്ടത്തിൽ വി എസ് പ്രകടിപ്പിച്ചത്. ജനങ്ങളെ ബാധിക്കുന്ന ഏത് വിഷയത്തിലും സജീവമായി ഇടപെട്ട് താൻ ആരോഗ്യമുള്ളകാലത്തോളം പൊതുരംഗത്ത് ഉണ്ടാകുമെന്ന് വി എസ് തന്റെ അടുത്ത അനുയായികളെയും അറിയിച്ചത്.

ഇതിന്റെ ആദ്യ സൂചനയെന്നോണമാണ് മുല്ലപ്പെരിയാൻ വിഷയത്തിന്റെ സർക്കാറിന്റെ നിലപാടുകളെ വിമർശിച്ച് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് വി എസ് കത്തെഴുതിയത്. കത്ത് വാർത്തയായതിന് അൽപ്പം കഴിഞ്ഞുതന്നെ, മുല്ലപ്പെരിയാറിൽ പുതിയ ഡാം വേണ്ടെന്ന നിലപാടില്‌ളെന്ന് വ്യക്തമാക്കി മുഖ്യമന്ത്രിയുടെ വിശദീകരണവും വന്നു. ഇതുപോലെ കേരളത്തെ ബാധിക്കുന്ന ഏത് വിഷയത്തിലും സജീവമായി ഇടപെട്ട്, നവമാദ്ധ്യമങ്ങളിലൂടെയും പൊതുവേദിയിലുടെയും താൻ ഇനിയും സജീവമായി രംഗത്തുണ്ടാവുമെന്ന് വി എസ് തന്റെ വിശ്വസ്തരെ അറിയിച്ചിട്ടുണ്ട്.ഇതിന്റെ മറ്റൊരു വശം നോക്കിയാൽ ഫലത്തിൽ പ്രതിപക്ഷ നേതാവിന്റെ റോൾ വീണ്ടും വി.എസിന് വന്നുചേരുന്ന അവസ്ഥയായിരിക്കും രാഷ്ട്രീയ കേരളം ഇനി കാണാൻ പോവുന്നത്! വി.എസിന്റെ ജനപ്രീതിയെക്കുറിച്ച് നല്ല ബോധ്യമുള്ള ഔദ്യോഗിക നേതൃത്വമാവട്ടെ ഇത് മനസ്സിലാക്കിക്കൊണ്ടുതന്നെയാണ് എന്തെങ്കിലും ഒരു കാബിനറ്റ് തസ്തികയിൽ അദ്ദേഹം ഇരിക്കണമെന്ന് അവശ്യപ്പെടുന്നതും.

അതേസമയം വി.എസിന്റെ പദവികൾ എന്തൊക്കെയായിരിക്കണമെന്ന് സംസ്ഥാന നേതൃത്വത്തിന് ഒരു തീരുമാനത്തിൽ എത്താൻ കഴിയാഞ്ഞതോടെ വിഷയം അവർ കേന്ദ്ര നേതൃത്വത്തിതിന് വിട്ടിരിക്കയാണ്. നിലവിൽ കേന്ദ്രകമ്മറ്റിയിലെ പ്രത്യേക ക്ഷണിതാവായ വി.എസിന്റെ ഇപ്പോഴത്തെ പാർട്ടി ഘടകവും ഇതുതന്നെയാണ്്. അടുത്ത കേന്ദ്രകമ്മറ്റി ഇക്കാര്യം പരിഗണിക്കുമെന്നാണ് സിപിഐ.എം നേതാക്കൾ പറയുന്നത്. മുൻ യു.പി.എ സർക്കാറിന്റെ കാലത്ത് സോണിയാ ഗാന്ധിക്കുവേണ്ടി കാബിനറ്റ് റാങ്കോടെ സൃഷ്ടിച്ച യു.പി.എ ചെയർമാൻ പദവിപോലെ, എൽ.ഡി.എഫ് ചെയർമാൻ എന്ന പദവിയായിരുന്നു പാർട്ടി വി.എസിനായി ആദ്യം കണ്ടത്.എന്നാൽ ഇത് അനാവശ്യ ചെലവ് സൃഷ്ടിക്കലാണെന്ന് പറഞ്ഞ് എതിർപ്പു ഉയർന്നു.

ഭരണപരിഷ്‌ക്കാരകമ്മറ്റി അധ്യക്ഷൻ, സർക്കാറിന്റെ ഉപദേശക സമിതി ചെയർമാൻ എന്നിങ്ങനെയുള്ള കാബിനറ്റ് റാങ്കോടെയുള്ള പദവികളും പറഞ്ഞുകേൾക്കുന്നുണ്ട്.പക്ഷേ പുതിയ വിവാദങ്ങളുടെ അടിസ്ഥാനത്തിൽ ഇനി ഇത്തരമൊരു പദവിയും സ്വീകരിക്കാനില്‌ളെന്ന ഉറച്ച നിലപാടിലാണ് വി എസ്. താൻ അധികാരമോഹിയാണെന്ന രീതിയിൽ വാർത്തവരുന്നതിൽ അങ്ങേയറ്റം ദുഃഖിതനായ അദ്ദേഹം തന്റെ തിരുവനന്തപുരത്തെ വാടക വീട്ടിൽ താൽക്കാലിക വിശ്രമത്തിലാണ്. വി എസ് അങ്ങനെ വിശ്രമിക്കുന്ന ആളെല്‌ളെന്ന് മന്ത്രി ജി. സുധാകരനെപ്പോലുള്ളവർ പരസ്യമായും പറഞ്ഞതിലും രാഷ്ട്രീയ സൂചനകൾ ഉണ്ട്.

സത്യത്തിൽ മകൻ അരുൺകുമാറും, പേഴ്‌സണൽ സ്റ്റാഫിലെ ചിലരുടെയും അത്യാർത്തിയാണ് വി.എസിനെ ഈ അധികാരമോഹിയെന്ന ആരോപണത്തിൽ കൊണ്ടുചാടിച്ചതെന്ന് അദ്ദേഹത്തെ സ്‌നേഹിക്കുന്നവർ ചൂണ്ടിക്കാട്ടുന്നു. മുമ്പും ഈ കോക്കസിനെതിരെ പരാതി വന്നിരുന്നു. ഇവർ എഴുതി തയ്യാറാക്കിയ കുറിപ്പ് കൈമാറിയതാണ് തന്റെ രാഷ്ട്രീയ ജീവതത്തിലെ ഏറ്റവും വലിയ നാണക്കേടിൽ വി.എസിനെ കൊണ്ടത്തെിച്ചത്.സാധാരണ ഏത് ആരോപണങ്ങളുടെയും മുന വാക്കുകൊണ്ട് ഒടിക്കുന്ന വി.എസിന്, കുറിപ്പ് വിവാദത്തെ ഫലപ്രദമായി പ്രതിരോധിക്കാനും ആയില്ല. ഇനിയെന്ത് പദവി സ്വീകരിച്ചാലും ജനങ്ങളുടെ കണ്ണിൽ സംശയം ഉണ്ടാകുന്നതിനാലാണ് അധികാരത്തിൽനിന്ന് മാറിനിൽക്കാമെന്ന് വി എസ് തീരുമാനിച്ചത്.

അതേസമയം സിപിഐ.(എം) ജനറൽ സെക്രട്ടറി വി.എസിനെ വഞ്ചിക്കുകയായിരുന്നെന്ന ഗുരുതരമായ ആരോപണവും അദ്ദേഹത്തോട് ചേർന്ന് നിൽക്കുന്നവർ ഉന്നയിക്കുന്നുണ്ട്.നേതാക്കൾ തമ്മിൽ കുറിപ്പുകളും കത്തുകളും കൈമാറുക പതിവായിരിക്കെ, അത് തന്നയാളിന്റെ പേര് വെളിപ്പെടുത്തുന്നത് രാഷ്ട്രീയ വഞ്ചനയാണെന്നാണ് ഇവർ പറയുന്നത്.നേരത്തെതന്നെ വി.എസും യെച്ചൂരിയും തമ്മിൽ ഒരു തിരഞ്ഞെടുപ്പു ധാരണയുണ്ടായിരുന്നെന്നും, തെരഞ്ഞെടുപ്പ് കാലത്ത് വി.എസിന് ഇല്ലാത്ത അനാരോഗ്യം ഇപ്പോൾ എങ്ങനെയാണ് ഉണ്ടായതെന്നുമാണ് ഇക്കൂട്ടർ ചോദിക്കുന്നത്. എന്നാൽ എന്തെങ്കിലും ഒരു ഓഫർവച്ച് യെച്ചൂരി ഇടപെട്ടിട്ടില്‌ളെന്നും വി.എസിനോട് ചേർന്ന് പ്രവർത്തിക്കുന്ന കോക്കസാണ് ഈ വ്യാജവാർത്തക്ക് പിന്നിലുമെന്നാണ് ജനറൽസെക്രട്ടറിയുമായി ബന്ധപ്പെട്ട കേന്ദ്രങ്ങൾ പറയുന്നത്.