- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എസ്എഫ്‌ഐക്കാരന്റെ അടി വെളിച്ചം വീശിയതു ടി പി ശ്രീനിവാസന്റെ വ്യാജ അവകാശവാദത്തിലേക്ക്; ഐക്യരാഷ്ട്ര സഭയിൽ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി ആയിരുന്നെന്ന വാദം വ്യാജമെന്ന് ആരോപണം
തിരുവനന്തപുരം: എസ്എഫ്‌ഐക്കാരന്റെ കരണത്തടി വെളിച്ചം വീശിയതു ടി പി ശ്രീനിവാസന്റെ വ്യാജ അവകാശവാദത്തിലേക്ക്. ഐക്യരാഷ്ട്ര സഭയിൽ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി ആയിരുന്നു ശ്രീനിവാസനെന്ന അവകാശവാദമാണു മാദ്ധ്യമപ്രവർത്തകനായ വി എസ് ശ്യാംലാൽ പൊളിച്ചടുക്കിയത്. വ്യാജ സർട്ടിഫിക്കറ്റു നൽകിയ ജെ വി വിളനിലത്തേക്കാൾ വിളഞ്ഞ തട്ടിപ്പുകാരനാണു ടി പി
തിരുവനന്തപുരം: എസ്എഫ്‌ഐക്കാരന്റെ കരണത്തടി വെളിച്ചം വീശിയതു ടി പി ശ്രീനിവാസന്റെ വ്യാജ അവകാശവാദത്തിലേക്ക്. ഐക്യരാഷ്ട്ര സഭയിൽ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി ആയിരുന്നു ശ്രീനിവാസനെന്ന അവകാശവാദമാണു മാദ്ധ്യമപ്രവർത്തകനായ വി എസ് ശ്യാംലാൽ പൊളിച്ചടുക്കിയത്.
വ്യാജ സർട്ടിഫിക്കറ്റു നൽകിയ ജെ വി വിളനിലത്തേക്കാൾ വിളഞ്ഞ തട്ടിപ്പുകാരനാണു ടി പി ശ്രീനിവാസനെന്നാണു ശ്യംലാൽ വിലയിരുത്തുന്നത്. സോളാർ വിഷയത്തിൽ നിന്നു ശ്രദ്ധതിരിക്കാൻ യുഡിഎഫ് സർക്കാരിനു ലഭിച്ച എസ്എഫ്‌ഐ-ടി പി ശ്രീനിവാസൻ സംഭവം തിരിഞ്ഞുകുത്തുകയാണ് പുതിയ സംഭവ വികാസങ്ങളിലൂടെ.
എസ്എഫ്‌ഐ പ്രവർത്തകന്റെ അടിയേറ്റ ടി പി ശ്രീനിവാസനുവേണ്ടി പല കോണിൽ നിന്നും മുറവിളി ഉയരുമ്പോൾ വിദ്യാർത്ഥികളുടെ തന്തയ്ക്കു വിളിച്ചിട്ടാണ് അടി കിട്ടിയതെന്ന ഇന്റലിജൻസ് റിപ്പോർട്ടിനെക്കുറിച്ചുള്ള വിവരം ശ്യാംലാൽ നേരത്തെ പുറത്തുവിട്ടിരുന്നു. ഇതിനു പിന്നാലെ ശ്രീനിവാസനെ വിമർശിച്ചതിനു ധാരാളം എതിരഭിപ്രായങ്ങൾ ശ്യാംലാലിനു ലഭിക്കുകയും ചെയ്തു. ഇതോടെയാണ് വെബ്‌സൈറ്റിലൂടെ ശ്രീനിവാസൻ ഉന്നയിക്കുന്ന അവകാശവാദങ്ങൾ പൊളിച്ചടുക്കാൻ ശ്യാംലാൽ തീരുമാനിച്ചത്.
''മുൻ നയതന്ത്രജ്ഞൻ ടി.പി.ശ്രീനിവാസന് മർദ്ദനമേറ്റ സംഭവത്തെക്കുറിച്ച് ഞാൻ നേരത്തേ ഒരു പോസ്റ്റ് ഇട്ടിരുന്നു. അദ്ദേഹം നടത്തിയ bastards എന്ന പദപ്രയോഗത്തിൽ പ്രകോപിതനായാണ് ശരത് എന്ന ചെറുപ്പക്കാരൻ മർദ്ദിച്ചതെന്ന വിവരം പൊലീസ് രഹസ്യാന്വേഷണ വിഭാഗത്തിൽ നിന്നു ലഭിച്ചതനുസരിച്ചായിരുന്നു പോസ്റ്റ്. എന്നാൽ, ആ പോസ്റ്റിനു താഴെ വന്ന പ്രതികരണങ്ങളിൽ ഒരു ഭാഗം ശ്രീനിവാസനെ ന്യായീകരിക്കുന്നതായിരുന്നു. അദ്ദേഹം അത്തരമൊരു പദപ്രയോഗം നടത്താൻ ഒരു തരത്തിലും സാദ്ധ്യതയില്ലെന്നും അങ്ങേയറ്റം മാന്യനും സത്യസന്ധനുമാണെന്നായിരുന്നു അഭിപ്രായങ്ങൾ. മഹാനായ ശ്രീനിവാസനെ വിമർശിക്കാൻ നീയാരെടാ ഞാഞ്ഞൂലേ''- എന്നു ചോദിച്ചവരും അക്കൂട്ടത്തിലുണ്ടായിരുന്നുവെന്നാണു ശ്യാംലാൽ പറയുന്നത്.
തുടർന്ന് ശ്രീനിവാസൻ എന്ന മഹദ്‌വ്യക്തിയെക്കുറിച്ച് കൂടുതൽ പഠിക്കാൻ ശ്രമിച്ചു. അദ്ദേഹത്തിന്റെ വെബ്‌സൈറ്റായ www.tpsreenivasan.com പരിശോധിച്ചു. A former Permanent Representative of India to the United Nations, Vienna -അതായത് ഐക്യരാഷ്ട്ര സഭയിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി ആയിരുന്നു ശ്രീനിവാസൻ എന്നാണ് ഹോം പേജിലെ പ്രൊഫൈലിൽ പറയുന്നത്. ''ഞാനടക്കമുള്ള കേരളത്തിലെ മാദ്ധ്യമപ്രവർത്തകർ ഇതു തൊള്ളതൊടാതെ വിഴുങ്ങുന്നുണ്ടെ''ന്നും ശ്യാംലാൽ സമ്മതിക്കുന്നു.
എന്നാൽ, ഇതെക്കുറിച്ചു കുടുതൽ അന്വേഷണം നടത്തിയപ്പോഴാണ് തട്ടിപ്പു വ്യക്തമായത്. ഏതാനും ദിവസം മുമ്പാണ് സയ്യദ് അക്‌ബറുദ്ദീൻ ഐക്യരാഷ്ട്ര സഭയിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധിയായി സ്ഥാനമേറ്റത്. അദ്ദേഹത്തിന്റെ സ്ഥാനാരോഹണ വേളയിൽ ഒരു കുറിപ്പ് തയ്യാറാക്കുന്നതിന്റെ ഭാഗമായി മുമ്പ് സ്ഥിരം പ്രതിനിധികളായിരുന്നവരുടെ പട്ടിക പരിശോധിച്ചിരുന്നുവെന്നു ശ്യാംലാൽ പറയുന്നു. ''അതിലെങ്ങും ശ്രീനിവാസന്റെ പേര് കണ്ടില്ല. അടൽ ബിഹാരി വാജ്‌പേയിയുടെ കാലത്ത് ദേശീയ സുരക്ഷാ ഉപദേഷ്ടാവായിരുന്ന ബ്രിജേഷ് മിശ്ര, നമ്മുടെ ഇപ്പോഴത്തെ ഉപരാഷ്ട്രപതി ഹമീദ് അൻസാരി എന്നിവരെല്ലാം ആ പദവി വഹിച്ചിരുന്നവരാണ്. പക്ഷേ, ടി.പി.ശ്രീനിവാസൻ. നഹി.. നഹി.. കഹി ഭി നഹി..''
''സാങ്കേതികമായ ഒരു പദവി ഉപയോഗിച്ചാണ് ശ്രീനിവാസൻ നമ്മളെ പറ്റിക്കുന്നത്. വിയന്നയിൽ ഉള്ളത് ഐക്യരാഷ്ട്രസഭയിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി അല്ല. മറിച്ച് ഓസ്ട്രിയയിലെ ഇന്ത്യൻ അംബാസഡറാണ്. ഈ അംബാസഡറാണ് വിയന്ന ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന അന്താരാഷ്ട്ര സംഘടനകളിൽ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി''. വിയന്ന ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന അന്താരാഷ്ട്ര സംഘടനകളുടെ പട്ടികയും ഫേസ്‌ബുക്ക് പോസ്റ്റിൽ ശ്യാംലാൽ നൽകുന്നുണ്ട്.
''അവയിൽ ഏതിലൊക്കെ ഇന്ത്യയ്ക്ക് സ്ഥിരം പ്രതിനിധിയുണ്ടെന്ന് എനിക്കറിയില്ല. പക്ഷേ, ഒരു കാര്യം സുനിശ്ചിതം ന്യൂയോർക്കിലുള്ള ഐക്യരാഷ്ട്ര സഭയിലെ സ്ഥിരം പ്രതിനിധി എവിടിരിക്കുന്നു വിയന്നയിലെ അന്താരാഷ്ട്ര സംഘടനകളിലെ സ്ഥിരം പ്രതിനിധി എവിടെക്കിടക്കുന്നു? ഇതു കളി വേറെ.''
മുമ്പ് വ്യാജ സർട്ടിഫിക്കറ്റിന്റെ പേരിൽ ഡോ. ജെ വി വിളനിലം എന്ന വൈസ് ചാൻസലർക്കെതിരെ വൻ വിദ്യാർത്ഥിപ്രക്ഷോഭം അരങ്ങേറിയിരുന്നു. വൈസ് ചാൻസലർ ആകാൻ സമർപ്പിച്ച രേഖകളിൽ പണം നൽകി വാങ്ങിയ ബിരുദ സർട്ടിഫിക്കറ്റ് ഉൾപ്പെടുത്തിയതായിരുന്നു കാരണം. യഥാർത്ഥത്തിൽ ഡോ.വിളനിലത്തിന് വൈസ് ചാൻസലറാകാനുള്ള യോഗ്യതയുണ്ടായിരുന്നു. എന്നാൽ, കള്ള സർട്ടിഫിക്കറ്റ് സമർപ്പിച്ചതിന്റെ അധാർമ്മികതയാണ് ചോദ്യം ചെയ്യപ്പെട്ടത്. അതുമായി താരതമ്യം ചെയ്യുമ്പോൾ, ഇല്ലാത്ത യോഗ്യത ഉള്ളതായി അവകാശപ്പെടുന്ന ടി.പി.ശ്രീനിവാസനെ എന്തു ചെയ്യണമെന്നും ചോദ്യമുയരുകയാണ്.
ഐ.എഫ്.എസ്. എന്നാൽ ഇന്ത്യൻ ഫോറിൻ സർവ്വീസ് ആണ്. അത് അക്കാദമിക ഭരണപരിചയമല്ല. ഈ അക്കാദമിക തസ്തികയ്ക്ക് ഒരു നിശ്ചിത കാലയളവ് പ്രൊഫസറായി ജോലി ചെയ്യണമെന്നും അക്കാദമിക ഭരണപരിചയമുണ്ടാവണമെന്നും യുജിസി. നിഷ്‌കർഷിച്ചിട്ടുണ്ട്. കേരളത്തിലെ വൈസ് ചാൻസലർമാരുടെ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുന്ന കൗൺസിലിന്റെ അമരക്കാരന് വൈസ് ചാൻസലറാവാനുള്ള യോഗ്യത പോലുമില്ല. ശ്രീനിവാസന്റെ നിയമനത്തെ അന്നത്തെ യു.പി.എ. സർക്കാരിന്റെ തന്നെ മാനവശേഷി വികസന മന്ത്രാലയം എതിർത്തതായി കേട്ടിരുന്നു. എന്നാൽ, പിന്നീട് ഉമ്മൻ ചാണ്ടി ഇടപെട്ട് എല്ലാം കോംപ്ലിമെന്റ്‌സാക്കുകയായിരുന്നു.
''ശ്രീനിവാസന്റെ ഏഴയലത്തു നിൽക്കാനുള്ള യോഗ്യത പോലും എനിക്കില്ല എന്നെനിക്കറിയാം. അദ്ദേഹത്തിന്റെ മേഖലയിൽ അദ്ദേഹം അഗ്രഗണ്യനാണു താനും. പക്ഷേ, അതുകൊണ്ട് തട്ടിപ്പ് തട്ടിപ്പല്ലാതാവുന്നില്ല. ശ്രീനിവാസന്റെ ജാതകം പരിശോധിക്കണമെന്ന ആഗ്രഹമൊന്നും എനിക്കുണ്ടായിരുന്നില്ല. അദ്ദേഹം ഉൾപ്പെട്ട ഒരു സംഭവത്തെക്കുറിച്ച് മുഖപുസ്തകത്തിൽ പോസ്റ്റിട്ടതിന്റെ പേരിൽ 'മഹാനായ ശ്രീനിവാസനെ വിമർശിക്കാൻ നീയാരെടാ ഞാഞ്ഞൂലേ' എന്നൊക്കെ ചോദിച്ചാൽ, ഇതാണ് മറുപടി. ഞാൻ തട്ടിപ്പുകാരനല്ല!!''- എന്നും ശ്യാംലാൽ കുറിക്കുന്നു.
Posted by V.S.Syamlal on Sunday, 31 January 2016