തിരുവനന്തപുരം: മുഖ്യമന്ത്രിക്ക് കീഴിലുള്ള വകുപ്പിലെ പുറംവാതിൽ നിയമനം തുറന്നുകാട്ടി വി ടി ബലറാമിന്റെ ഫേസ്‌ബുക്ക് കുറിപ്പ്.
മുഖ്യമന്ത്രിയുടെ കീഴിലുള്ള പ്രോഗ്രാം ഇംപ്ലിമെന്റേഷൻ ഇവാലുവേഷൻ & മോണിറ്ററിങ് വകുപ്പിൽ ലക്ഷങ്ങൾ ശമ്പളത്തിലുള്ള വിവിധ തസ്തികകളിലേക്കാണ് തസ്തിക തീരുമാനിക്കും മുൻപേ തന്നെ ആൾക്കാരുടെ ലിസ്റ്റ് തയ്യാറായതായി ബലറാം ആരോപിക്കുന്നത്.

ഇക്കഴിഞ്ഞ മെയ് 30നാണ് പ്രസ്തുത വകുപ്പിൽ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചത്.എന്നാൽ അതിനും എത്രയോ മാസങ്ങൾ മുൻപ് നിയമിക്കപ്പെടേണ്ടവരുടെ പട്ടിക തയ്യാറായിരുന്നുവെന്നും അദ്ദേഹം ഫേസ്‌ബുക്ക് പോസ്റ്റിൽ കുറിക്കുന്നു.ഇനി ഇവരൊക്കെ ആരുടെ വേണ്ടപ്പെട്ടവരാണെന്ന കാര്യം മാത്രമെ പുറത്ത് വരേണ്ടതുള്ളുവെന്നും ഖജനാവിൽ നിന്ന് നേരിട്ട് ശമ്പളം നൽകേണ്ട സർക്കാർ വകുപ്പുകളിൽ നിയമനം നടത്തേണ്ടത് ഇതുപോലെ പുറംവാതിലിലൂടെയാണോയെന്നും അദ്ദേഹം ചോദിക്കുന്നു.

കുറിപ്പിന്റെ പൂർണ്ണരൂപം

മുഖ്യമന്ത്രിയുടെ കീഴിലുള്ള പ്രോഗ്രാം ഇംപ്ലിമെന്റേഷൻ ഇവാലുവേഷൻ & മോണിറ്ററിങ് വകുപ്പിൽ ലക്ഷങ്ങൾ ശമ്പളത്തിൽ പ്രോജക്റ്റ് കോർഡിനേറ്റർ, ജൂനിയർ റിസോഴ്‌സ്‌പേഴ്‌സൺ എന്നീ തസ്തികകളിൽ 16 പേരെ താൽക്കാലികമായി നിയമിക്കാൻ സർക്കാർ തീരുമാനമെടുത്തത് ഇക്കഴിഞ്ഞ ദിവസം ഞാൻ ഒരു ഫേസ്‌ബുക്ക് പോസ്റ്റിലൂടെ വെളിപ്പെടുത്തിയിരുന്നു. ഇക്കഴിഞ്ഞ മെയ് 30നാണ് പ്രസ്തുത സർക്കാർ ഉത്തരവ് പുറത്തിറങ്ങിയത്.

എന്നാൽ ഈ തസ്തികകളിൽ നിയമിക്കാനുള്ളവരുടെ ലിസ്റ്റ് മാസങ്ങൾക്ക് മുമ്പ് തന്നെ തയ്യാറാക്കപ്പെട്ടിട്ടുണ്ട് എന്നതാണ് ഇപ്പോൾ അറിയുന്നത്. കിഫ്ബിയാണ് ഇവരുടെ ലിസ്റ്റ് തയ്യാറാക്കിയിരിക്കുന്നത്. പ്രോജക്റ്റ് കോർഡിനേറ്ററായി 16 പേരുടേയും ജൂനിയർ റിസോഴ്‌സ് പേഴ്‌സണായി 36 പേരുടേയും ലിസ്റ്റാണ് തയ്യാറാക്കിയിരിക്കുന്നത്. ഇവർ ഉടൻ ജോലിയിൽ പ്രവേശിക്കാനിരിക്കുകയാണെന്ന് അറിയുന്നു.

അതായത് നിയമിക്കപ്പെടേണ്ടവരെയൊക്കെ നേരത്തേ തന്നെ തീരുമാനിച്ചു വച്ചിട്ടുണ്ട്. എന്നിട്ടാണ് തസ്തിക പോലും സൃഷ്ടിക്കപ്പെട്ടത്. ഇവരൊക്കെ ആരുടെയൊക്കെ വേണ്ടപ്പെട്ടവരാണ് എന്നതിന്റെ വിശദാംശങ്ങളേ ഇനി അറിയാനുള്ളൂ. കിഫ്ബിക്കിതിലെന്താണ് കാര്യമെന്നതും മനസ്സിലാവുന്നില്ല. സർക്കാർ വകുപ്പുകളിലെ ഉദ്യോഗസ്ഥ നിയമനവും കിഫ്ബിക്കാണോ വിട്ടുകൊടുത്തിട്ടുള്ളത്?

അതേത് നിയമത്തിന്റെ അടിസ്ഥാനത്തിലാണ്? കിഫ്ബി പദ്ധതികളുടെ വിലയിരുത്തലിനാണെങ്കിൽ അതിന് കിഫ്ബിയിൽത്തന്നെ സംവിധാനങ്ങൾ നിലവിലുണ്ടല്ലോ. ഖജനാവിൽ നിന്ന് നേരിട്ട് ശമ്പളം നൽകേണ്ട സർക്കാർ വകുപ്പുകളിൽ നിയമനം നടത്തേണ്ടത് ഇതുപോലെ പുറംവാതിലിലൂടെയാണോ?