- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പുതിയ സ്വപ്ന സുരേഷുമാർക്ക് പഴയ ശിവശങ്കർമാരുടെ ശുപാർശയിൽ കടന്നുവരാനാണോ യോഗ്യതകൾ പോലും എടുത്തു പറയാതെയുള്ള ഈ താത്ക്കാലിക നിയമനങ്ങൾ? മുഖ്യമന്ത്രിയുടെ കീഴിലെ പ്രോഗ്രാം ഇംപ്ലിമെന്റേഷൻ വിഭാഗത്തിൽ ലക്ഷങ്ങൾ ശമ്പളത്തിൽ തൽക്കാലിക നിയമന നീക്കം; ചോദ്യങ്ങളുയർത്തി വി ടി ബൽറാം
തിരുവനന്തപുരം: ഒന്നാം പിണറായി സർക്കാറിന് സമാനമായി രണ്ടാം പിണറായി സർക്കാറും പിൻവാതിൽ നിയമനങ്ങളുട കാര്യത്തിൽ ഒട്ടും പിന്നിലല്ല. സംസ്ഥാന സർക്കാറിന് ഓശാന പാടുന്നവർക്ക് ജോലി നൽകുന്ന സമീപനമാണ് സർക്കാറിന്. ഈ വിഷയത്തിൽ നിരന്തര വിമർശനങ്ങൾ ഉയർന്നെങ്കിലും സർക്കാർ ഒട്ടു പിന്നോട്ടു പോകാൻ തയ്യാറല്ല. ഇപ്പോഴിതാ വീണ്ടും സംസ്ഥാന സർക്കാരിന്റെ മറ്റൊരു നിയമന നീക്കവും വിവാദത്തിൽ ആകുകയാണ്.
മുഖ്യമന്ത്രിയുടെ കീഴിലുള്ള പ്രോഗ്രാം ഇംപ്ലിമെന്റേഷൻ ഇവാലുവേഷൻ & മോണിറ്ററിങ് വകുപ്പിൽ വീണ്ടും പുതുതായി താൽക്കാലിക തസ്തികകൾ സൃഷ്ടിച്ച് നിയമനങ്ങൾ നടത്താനുള്ള നീക്കമാണ് വിവാദത്തിലാകുന്നത്. ലക്ഷങ്ങൾ ശമ്പളം നൽകുന്ന തസ്തികകളാണ് നിലവിൽ വരുന്നത്. അതേസമയം എന്താണ് യോഗ്യത എന്ന കാര്യത്തിൽ കൃത്യമായ മാനദണ്ഡം ഇല്ല താനും. ഈ പിൻവാതിൽ നിയമനം നീക്കം ഇഷ്ടക്കാരെ തിരുകി കയറ്റാൻ വേണ്ടിയാണെന്ന വിമർശനവും ഉയർന്നു കഴിഞ്ഞു.
വി ടി ബൽറാം ഇക്കാര്യത്തിൽ സർക്കാറിനെ വിമർശിച്ചു കൊണ്ടു രംഗത്തുവന്നു. മുൻകാലത്ത് സ്വപ്‌ന സുരേഷിന് നിയമനം നൽകിയതും പോലെ നിയമനങ്ങൾ നടത്താനാണോ ഈ നീക്കമെന്ന വിമർശനമാണ് ബൽറാം ഉന്നയിക്കുന്നത്. കൃത്യമായ യോഗ്യതകൾ ഇല്ലാത്ത ജോലിക്കായി എന്തിനാണ് പുതിയ തസ്തികകൾ എന്ന ചോദ്യമാണ് ബൽറാം ഉന്നയിക്കുന്നത്. നിലവിലെ സെക്രട്ടേറിയേറ്റ് ജീവനക്കാരിൽ നിന്ന് തന്നെ അനുയോജ്യരായവരെ കണ്ടെത്തി ഈ ചുമതലകൾ ഏൽപ്പിച്ചാൽ പോരേ? എന്നും അദ്ദേഹം ചോദിക്കുന്നു. ഫേസ്‌ബുക്ക് പോസ്റ്റിലൂടെയാണ് ബൽറാം തന്റെ അഭിപ്രായം പറഞ്ഞിരിക്കുന്നത്.
വി ടി ബൽറാമിന്റെ ഫേസ്‌ബുക്ക് പോസ്റ്റ് ഇങ്ങനെ:
ഇതിനിടെ മുഖ്യമന്ത്രിയുടെ കീഴിലുള്ള പ്രോഗ്രാം ഇംപ്ലിമെന്റേഷൻ ഇവാലുവേഷൻ & മോണിറ്ററിങ് വകുപ്പിൽ വീണ്ടും പുതുതായി കുറേ തസ്തികകൾ സൃഷ്ടിച്ച് താത്ക്കാലിക നിയമനങ്ങൾ നടത്താനൊരുങ്ങുന്നു. ഒരു ലക്ഷവും ഒരു ലക്ഷത്തി മുപ്പതിനായിരവുമൊക്കെയാണ് ശമ്പളം. യോഗ്യത എന്തായിരിക്കണമെന്ന് പറയുന്നുമില്ല.
വിവിധ സർക്കാർ വകുപ്പുകൾ, തദ്ദേശ സ്ഥാപനങ്ങൾ, മറ്റ് ബന്ധപ്പെട്ടവർ എന്നിവർക്കിടയിൽ വേണ്ടത്ര ഏകോപനമില്ലാത്തതിനാൽ പദ്ധതി നിർവ്വഹണം വൈകുന്നത് പരിഹരിക്കാനാണത്രേ ഇങ്ങനെ ലക്ഷങ്ങൾ ശമ്പളത്തിൽ 16 താത്ക്കാലികക്കാരെ പുതുതായി നിയമിക്കുന്നത്! എന്നാൽ ചില സംശയങ്ങൾ ബാക്കിയാവുകയാണ്:
ഈ വക കാര്യങ്ങൾക്ക് യോഗ്യത പോലും നിശ്ചയിക്കാതെ പുതിയ താത്ക്കാലികക്കാരെ നിയമിക്കേണ്ടതുണ്ടോ? നിലവിലെ സെക്രട്ടേറിയേറ്റ് ജീവനക്കാരിൽ നിന്ന് തന്നെ അനുയോജ്യരായവരെ കണ്ടെത്തി ഈ ചുമതലകൾ ഏൽപ്പിച്ചാൽ പോരേ?
സെക്രട്ടേറിയറ്റിൽ നിരവധിയാളുകൾ പണിയില്ലാതെയിരിക്കുകയാണെന്നും ഉദ്യോഗസ്ഥ പുനർവിന്യാസത്തിലൂടെ ഇവരെ വേണ്ട വിധം ഉപയോഗിക്കുകയാണ് വേണ്ടതെന്നുമുള്ള നിലപാട് സർക്കാർ ഉപേക്ഷിച്ചതുകൊണ്ടാണോ പുറത്തുനിന്ന് വീണ്ടും ആളെ എടുക്കുന്നത്?
അതോ നിലവിലെ ജീവനക്കാരിൽ ഈ പണിക്ക് പറ്റുന്ന ആരും ഇല്ല എന്നതാണോ അവസ്ഥ? ഇങ്ങനെ വരുന്ന താത്ക്കാലികക്കാർ പറഞ്ഞാൽ ഇപ്പോഴത്തെ തടസ്സത്തിനും മെല്ലെപ്പോക്കിനും ഉത്തരവാദികളായ സർക്കാർ വകുപ്പുകളിലെ താപ്പാനകൾ മൈൻഡ് ചെയ്യുമോ?
പുതിയ സ്വപ്ന സുരേഷുമാർക്ക് പഴയ ശിവശങ്കർമാരുടെ ശുപാർശയിൽ കടന്നുവരാനാണോ യോഗ്യതകൾ പോലും എടുത്തുപറയാതെയുള്ള ഈ താത്ക്കാലിക നിയമനങ്ങൾ?
മറുനാടന് മലയാളി ബ്യൂറോ