കോഴിക്കോട്: ഡോ.ജേക്കബ് വടക്കുംചേരിയെപ്പോലുള്ള പ്രകൃതി ചികിൽസകരും മോഹനൻ വൈദ്യരെപ്പോലുള്ള ആയുർവേദ പ്രചാരകരും കഴിഞ്ഞാൽ വാക്‌സിനേഷനെതിരെ കേരളത്തിൽ ഏറ്റവും ശക്തമായ നിലപാട് എടുത്തിരുന്നത് ഹോമിയോ ഡോക്ടർമാരാണ്. പോളിയോ തുള്ളിമരുന്നുപോലും സാമ്രാജ്വത്വ ഗൂഢാലോചനയാണെന്നും,അലോപ്പതി ഡോക്ടർമാരുടെ തട്ടിപ്പാണ് വാക്‌സിനേഷന് പിന്നിലെന്നുമാണ് ഇവർ വർഷങ്ങളായി സംഘടിതമായി പ്രചരിപ്പിച്ചത്. എന്നാൽ ഡിഫ്ത്തീരിയ രോഗബാധയെതുടർന്ന് മലപ്പുറം ജില്ലയിലകടക്കം മരണങ്ങൾവരെ റിപ്പോർട്ട് ചെയ്തതോടെ കുത്തിവെപ്പ് വിരുദ്ധ പ്രചാരണത്തിൽനിന്ന് ഹോമിയോ ഡോക്ടർമാറും പിന്മാറുകയാണ്.കുത്തിവെപ്പ് തടയുന്നവർക്കെതിരെയും കുപ്രചാരണം നടത്തുന്നവർക്കെതിരെയും ആരോഗ്യമന്ത്രി കെ.കെ ശൈലജ നിയമനടപടി പ്രഖ്യപിച്ചതും നിലപാട് മാറ്റത്തിന് ഇടയാക്കിയെനാണ് അറിയുന്നത്.

നേരത്തെ കുത്തിവെപ്പിനെതിരെ ആസൂത്രിത പ്രചാരണം നടത്തിയിരുന്ന കാന്തപുരം വിഭാഗവും ജമാഅത്തെ ഇസ്ലാമിയും പുതിയ സാഹചര്യത്തിൽ വാക്‌സിനേഷനുവേണ്ടി രംഗത്തത്തെിയിട്ടുണ്ട്. കുത്തിവെപ്പിന്റെ ആവശ്യകത ചൂണ്ടിക്കാട്ടി കാമ്പയിനമായി രംഗത്തിറങ്ങാൻ മുസ്ലിം ലീഗും സമസ്തയും തീരുമാനിച്ചിട്ടുണ്ട്. ഡോ.ജേക്കബ് വടക്കുംചേരിയെപ്പോലുള്ള ചില പ്രകൃതി ചികിൽസകർ മാത്രമാണ് കേരളത്തിൽ ഇപ്പോഴും വാക്‌സിനേഷനെതിരെ പ്രചാരണം നടത്തുന്നത്.

കേന്ദ്ര-സംസ്ഥാന സർക്കാറുകൾ നൽകിവരുന്ന വാക്‌സിനേഷൻ ഷെഡ്യൂളിന് അനുകൂലമായ നിലപാടാണ് തങ്ങൾക്ക് ഉള്ളതെന്ന് ഹോമിയോ ഡോക്ടർമാരുടെ സംഘടനയായ ദി ഇൻസ്റ്റിറ്റിയൂഷൻ ഓഫ് ഹോമിയോപ്പത്സ് കേരള (ഐ.എച്ച്.കെ) സംസ്ഥാന പ്രസിഡന്റ് ഡോ. ഇ. ഷൈബുരാജും ജനറൽ സെക്രട്ടറി ഡോ. ഉണ്ണിക്കൃഷ്ണൻ ബി. നായരും പ്രസ്താവനയിൽ അറിയിച്ചു. നേരത്തെ വാക്‌സിനേഷനെ എതിർക്കുന്നതായി കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ പേരിൽ വന്ന പ്രസ്താവന അടിസ്ഥാനരഹിതമാണ്. ജില്ലാ കമ്മിറ്റിയുടേതെന്ന പേരിൽ നൽകിയ പ്രസ്താവനയുടെ നിജസ്ഥിതി സംബന്ധിച്ച് ബന്ധപ്പെട്ടവരോട് വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ടെന്നും സംസ്ഥാന നേതാക്കൾ അറിയിച്ചു. 2006 മുതൽ സംഘടനക്ക് വ്യക്തമായ ഒരു വാക്‌സിനേഷൻ നയമുണ്ട്. അത് സർക്കാറിന്റെ നയത്തെ അനുകൂലിക്കുന്നതാണ്. ഇക്കാര്യത്തിൽ തെറ്റിദ്ധാരണ പരത്തുന്ന പ്രവർത്തനം ആരുടെ ഭാഗത്തുനിന്നുണ്ടായാലും അതിൽ ഐ.എച്ച്.കെക്ക് പങ്കുണ്ടായിരിക്കില്‌ളെന്നും നേതാക്കൾ അറിയിച്ചു.

അതേസമയം ഹോമിയോപ്പതി ചികിത്സാ ശാസ്ത്രത്തിനെതിരെ അടിസ്ഥാനമില്ലാത്തതും തെറ്റിദ്ധാരണജനകവുമായ വാർത്തകൾ മാദ്ധ്യമങ്ങളിലൂടെ ചില കേന്ദ്രങ്ങൾ പുറത്തുവിടുന്നതിൽ പ്രതിഷേധിച്ച് സംസ്ഥാനത്തെ ഹോമിയോപ്പതി ഡോക്ടർമാർ ഇന്ന് കരിദിനമായി ആചരിക്കുകയാണ്. കുഞ്ഞുങ്ങൾക്കുവേണ്ടി നാഷനൽ ഇമ്യൂണൈസേഷൻ പ്രോഗ്രാമിന്റെ ഭാഗമായി സർക്കാർ നടത്തുന്ന പ്രതിരോധ കുത്തിവെപ്പിന് ഹോമിയോപ്പതി ഡോക്ടർമാർ എതിരാണെന്ന പ്രചാരണം വ്യാപകമായി നടക്കുന്നതായി കോഴിക്കോട് നടന്ന ക്വാളിഫൈഡ് പ്രൈവറ്റ് ഹോമിയോപ്പത്സ് അസോസിയേഷൻ ജില്ലാ യോഗത്തിൽ ആരോപണമുയർന്നു. അത്തരത്തിൽ നയം കേരളത്തിലെ ഹോമിയോപ്പതി ഡോക്ടർമാരുടെ സംഘടന സ്വീകരിച്ചിട്ടില്ല. മറിച്ച് പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായുള്ള ബോധവത്കരണ പരിപാടികളിൽ വാക്‌സിനേഷൻ എടുത്ത ചിലരിലെങ്കിലും കണ്ടുവരുന്ന ദൂഷ്യവശങ്ങൾകൂടി ജനങ്ങളെ ബോധ്യപ്പെടുത്തേണ്ടതാണ്.

പ്രതിരോധ കുത്തിവെപ്പ് സ്വീകരിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കാനുള്ള പൗരന്റെ മൗലികാവകാശത്തിന്മേലുള്ള കടന്നുകയറ്റം അപലപനീയമാണ്. കുത്തിവെപ്പിനുശേഷം ചിലരിലെങ്കിലും ഉണ്ടായേക്കാവുന്ന പാർശ്വഫലങ്ങൾക്ക് നൽകേണ്ട നഷ്ടപരിഹാരത്തിന്റെ കാര്യത്തിൽ കൂടി മറ്റു രാജ്യങ്ങളിൽ നിലവിലുള്ളതുപോലെ മനുഷ്യാവകാശ കമ്മിഷൻ ഇടപെടണമെന്ന് യോഗത്തിൽ സംസ്ഥാന സമിതിയംഗം ഡോ. കെ.പി. റോഷൻ ആവശ്യപ്പെട്ടു. ജില്ലാ സെക്രട്ടറി ഡോ. നിഷാബ് അലി, പ്രസിഡന്റ് ഡോ. സുരേഷ്‌ലാൽ എന്നിവർ സംസാരിച്ചു.
കുത്തിവെപ്പ് തടയുന്നവർക്കെതിരെയും വ്യാജ പ്രചാരണം നടത്തുന്നവർക്കെതിരെയും നിയമനടപടിയാണ് സർക്കാർ ഉദ്ദേശിക്കയാണെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ നേരത്തെ വ്യകത്മാക്കിയിരുന്നു.

പ്രതിരോധ കുത്തിവെപ്പ് വിഷയത്തിൽ മുൻവിധിയുടെ ആവശ്യമില്‌ളെന്നും മതസംഘടനകളൊന്നും കുത്തിവെപ്പിന് എതിരല്‌ളെന്നും സഹകരണമാണ് വാഗ്ദാനം ചെയ്തതെന്നും കഴിഞ്ഞദിവസം കാലിക്കറ്റ് പ്രസ്‌ക്‌ളബിന്റെ മുഖാമുഖം പരിപാടിയിൽ അവർ പറഞ്ഞു.

കുത്തിവെപ്പ് എടുക്കാത്തവർക്കാണ് ഡിഫ്തീരിയ ബാധിച്ചതെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. രോഗം ആദ്യം റിപ്പോർട്ട് ചെയ്തത് മലപ്പുറത്ത് ആണെന്നേയുള്ളൂ. മറ്റ് ജില്ലകളിൽനിന്നും രോഗം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. പല കാരണങ്ങളാൽ വലിയൊരു വിഭാഗം കുത്തിവെപ്പിൽനിന്ന് മാറിനിൽക്കുന്നു. എന്നാൽ, പരസ്യമായി ആരും കുത്തിവെപ്പിനെ എതിർക്കുന്നില്ല. മതസംഘടനകളാണ് തടസ്സമാവുന്നതെന്ന് പറയാനാവില്ല. സംഘടനാ നേതാക്കളുമായി ബന്ധപ്പെട്ടപ്പോൾ സഹകരണമാണ് വാഗ്ദാനം ചെയ്തത്. പ്രകൃതിചികിത്സ തുടങ്ങിയ പേരുകളിൽ ചിലർ ഇതിനെ എതിർക്കുന്നുണ്ട്. കുത്തിവെപ്പ് തടയുന്നവർക്കെതിരെ നിയമനടപടിയാണ് സർക്കാർ ഉദ്ദേശിക്കുന്നത്. പ്രതിരോധ മരുന്നിന്റെ ക്ഷാമം പരിഹരിക്കാൻ അടിയന്തര നടപടി സ്വീകരിക്കും. സ്‌കൂളിൽ ചേർക്കണമെങ്കിൽ കുത്തിവെപ്പ് എടുത്തിരിക്കണമെന്ന വിദ്യാഭ്യാസ വകുപ്പിന്റെ നിലപാട് ഈ വിഷയത്തിൽ ആരോഗ്യവകുപ്പിന് ഏറെ സഹായകരമാണെന്നും മന്ത്രി പറഞ്ഞു.