- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രതിരോധ കുത്തിവയ്പ്പെടുക്കാനുള്ളതു രണ്ടു ലക്ഷത്തിലേറെ കുട്ടികൾ; ഗുരുതരാവസ്ഥയിൽ കൂടുതൽ പേർ ചികിത്സയിൽ; ഭീതി വിട്ടൊഴിയാതെ മലപ്പുറം
മലപ്പുറം: മതസംഘടനകളും ചില സാംസ്‌കാരിക കൂട്ടായ്മകളും പ്രതിരോധ കുത്തിവെപ്പിനെതിരെ പ്രചാരണം ശക്തമാക്കിയ മലപ്പുറം ജില്ലയിൽനിന്നും ഡിഫ്തീരിയാ ഭീതി വിട്ടൊഴിയുന്നില്ല. കുത്തിവെപ്പെടുക്കാത്തതു മൂലം ഡിഫ്തീരിയ (തൊണ്ടമുള്ള്) ലക്ഷണങ്ങൾ മൂന്നു വിദ്യാർത്ഥികളിൽ കൂടി കണ്ടെത്തി. ഇതിൽ ഒരാളുടെ നില അതീവ ഗുരുതരമാണ്. കഴിഞ്ഞ ദിവസം ഡിഫ്തീരിയ കണ്ടെത്തിയ മൂന്ന് വിദ്യാർത്ഥികളെയും കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പള്ളിക്കൽ, ചീക്കോട് പഞ്ചായത്തുകളിലെയും താനൂർ നഗരസഭയിൽനിന്നുമുള്ള വിദ്യാർത്ഥികളിലാണ് ഡിഫ്തീരിയാ ലക്ഷണങ്ങൾ കണ്ടെത്തിയത്. രോഗം പിടിപെട്ട് ഗുരുതരാവസ്ഥയിലുള്ള താനൂരിലെ പത്താം ക്ലാസ് വിദ്യാർത്ഥി ഇതുവരെയും പ്രതിരോധ കുത്തിവെപ്പ് എടുത്തിട്ടില്ല. മറ്റു രണ്ടു പേർ ഭാഗികമായി മാത്രമെ എടുത്തിരുന്നുള്ളൂ. താനൂർ സ്വദേശിയായ വിദ്യാർത്ഥി മെഡിക്കൽ കോളേജിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സ തുടരുകയാണെന്നും മൂവരുടെയും അന്തിമ പരിശോധനാഫലം നാളെ അറിവാകുമെന്നും ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ഉമറുൽ ഫാറൂഖ് മറുനാടൻ മലയാളിയ
മലപ്പുറം: മതസംഘടനകളും ചില സാംസ്‌കാരിക കൂട്ടായ്മകളും പ്രതിരോധ കുത്തിവെപ്പിനെതിരെ പ്രചാരണം ശക്തമാക്കിയ മലപ്പുറം ജില്ലയിൽനിന്നും ഡിഫ്തീരിയാ ഭീതി വിട്ടൊഴിയുന്നില്ല. കുത്തിവെപ്പെടുക്കാത്തതു മൂലം ഡിഫ്തീരിയ (തൊണ്ടമുള്ള്) ലക്ഷണങ്ങൾ മൂന്നു വിദ്യാർത്ഥികളിൽ കൂടി കണ്ടെത്തി. ഇതിൽ ഒരാളുടെ നില അതീവ ഗുരുതരമാണ്.
കഴിഞ്ഞ ദിവസം ഡിഫ്തീരിയ കണ്ടെത്തിയ മൂന്ന് വിദ്യാർത്ഥികളെയും കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പള്ളിക്കൽ, ചീക്കോട് പഞ്ചായത്തുകളിലെയും താനൂർ നഗരസഭയിൽനിന്നുമുള്ള വിദ്യാർത്ഥികളിലാണ് ഡിഫ്തീരിയാ ലക്ഷണങ്ങൾ കണ്ടെത്തിയത്. രോഗം പിടിപെട്ട് ഗുരുതരാവസ്ഥയിലുള്ള താനൂരിലെ പത്താം ക്ലാസ് വിദ്യാർത്ഥി ഇതുവരെയും പ്രതിരോധ കുത്തിവെപ്പ് എടുത്തിട്ടില്ല. മറ്റു രണ്ടു പേർ ഭാഗികമായി മാത്രമെ എടുത്തിരുന്നുള്ളൂ. താനൂർ സ്വദേശിയായ വിദ്യാർത്ഥി മെഡിക്കൽ കോളേജിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സ തുടരുകയാണെന്നും മൂവരുടെയും അന്തിമ പരിശോധനാഫലം നാളെ അറിവാകുമെന്നും ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ഉമറുൽ ഫാറൂഖ് മറുനാടൻ മലയാളിയോടു പറഞ്ഞു.
രണ്ടു മാസം മുമ്പ് കോട്ടുമല വെട്ടത്തൂർ യതീംഖാനയിലെ അഞ്ചുവിദ്യാർത്ഥികൾക്ക് ഡിഫ്തീരിയ സ്ഥിരീകരിക്കുകയും ഇതിൽ രണ്ടു പേർ മരിക്കുകയും ചെയ്തിരുന്നു. തുടർന്ന് 2016 ജനുവരിയിൽ തീരദേശ മേഖലയായ വെട്ടം പഞ്ചായത്തിൽ പന്ത്രണ്ടു വയസുകാരനു കൂടി ഡിഫ്തീരിയ രോഗം സ്ഥിരീകരിക്കുകയുണ്ടായി. കൂടാതെ സമീപപ്രദേശമായ ചെറിയമുണ്ടം പഞ്ചായത്തിലെ ഒരു വിദ്യാർത്ഥിക്കും രോഗലക്ഷണങ്ങൾ കണ്ടെത്തിയിരുന്നു. എന്നാൽ തൊട്ടു പിന്നാലെയാണ് കഴിഞ്ഞ ദിവസം ജില്ലയുടെ വിവിധ ഭാഗങ്ങളിൽനിന്നും ഡിഫ്തീരിയ ലക്ഷണങ്ങൾ കണ്ടെത്തിയിരിക്കുന്നത്. കൂടാതെ രണ്ടു വർഷത്തിനിടെ മുപ്പതോളം വിദ്യാർത്ഥികൾക്ക് ഡിഫ്തീരിയ ലക്ഷണങ്ങൾ കണ്ടെത്തിയിരുന്നു. പ്രതിരോധ കുത്തിവെപ്പിന്റെ വീഴ്ചമൂലമുണ്ടാകുന്ന നാശം ഒന്നിനു പിന്നാലെ മറ്റൊന്നായി പിടികൂടുന്നുണ്ടെങ്കിലും പ്രതിരോധ കുത്തിവെപ്പിനോടുള്ള മലപ്പുറം ജില്ലയുടെ മനോഭാവം ഇപ്പോഴും മാറിയിട്ടില്ല. പഞ്ചായത്തുകളിലും സ്‌കൂളുകളിലും പ്രചാരണങ്ങളും കുത്തിവെപ്പും ശക്തമാക്കിയെങ്കിലും വലിയൊരു വിഭാഗം ഇന്നും ഇതിൽനിന്നും വിട്ടുനിൽക്കുന്ന അവസ്ഥയാണ്.
മലപ്പുറത്ത് കാര്യക്ഷമമായി പ്രതിരോധ നടപടിയെടുക്കാൻ ആരോഗ്യ വകുപ്പിന് കടമ്പകൾ ഏറെയാണ്. മതമൗലിക വാദികളുടെയും ചില സംഘടനകളുടെയും കുത്തിവെപ്പിനെതിരെയുള്ള ശക്തമായ എതിർപ്പുകൾ മറികടക്കുകയെന്നതാണ് ആരോഗ്യവകുപ്പിനു മുന്നിലുള്ള വെല്ലുവിളി. പ്രതിരോധ കുത്തിവയ്പിനെതിരെ മലപ്പുറം ജില്ലയിലെ സാധാരണക്കാരിൽ തെറ്റായ ധാരണ അടിച്ചേൽപ്പിച്ചിരിക്കുകയാണ്. ഇതിനാൽ ഇന്നും പ്രതിരോധ കുത്തിവെപ്പ് എടുക്കാത്ത രണ്ടുലക്ഷത്തോളം കുട്ടികൾ മലപ്പുറത്തുണ്ട്. പ്രതിരോധ കുത്തിവെപ്പിൽ സംസ്ഥാനത്ത് ഏറ്റവും പിറകിൽ നിൽക്കുന്ന മലപ്പുറം, കാസർഗോഡ് ജില്ലകളിലാണ് ഡിഫ്തീരിയ പോലുള്ള അപൂർവ രോഗങ്ങൾ വ്യാപകമായി കണ്ടുവരുന്നത്. 2013-2014 വർഷങ്ങളിലായി മലപ്പുറം ജില്ലയിൽ മാത്രം പത്ത് കുട്ടികളിലായിരുന്നു ഡിഫ്തീരിയ സ്ഥിരീകരിച്ചിരുന്നത്. ഇക്കാലയളവിൽ രോഗം സ്ഥിരീകരിച്ചിരുന്നത് പത്തിനും പന്ത്രണ്ടിനും ഇടയിൽ പ്രായമുള്ള കുട്ടികളിലായിരുന്നു. 2015 ആരംഭത്തിൽ 1,72,000ൽ അധികം കുട്ടികൾക്ക് പ്രതിരോധ കുത്തിവെപ്പ് എടുത്തില്ലെന്ന് ആരോഗ്യ വകുപ്പ് കണ്ടെത്തിയിരുന്നു. ഇതിൽ ഇരുപതിനായിരം കുട്ടികൾക്കു മാത്രമാണ് ഇതുവരെ കുത്തിവെപ്പ് നടത്താൻ കഴിഞ്ഞിട്ടുള്ളത്. ഇനിയും ഒന്നര ലക്ഷം കുട്ടികൾക്ക് പ്രതിരോധ കുത്തിവെപ്പ് എടുക്കാനുണ്ടെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. കുത്തിവെപ്പ് എടുക്കാത്തവരുടെ എണ്ണം ഇതിലും കൂടുമെന്നാണ് ആരോഗ്യവൃത്തങ്ങൾ തന്നെ സൂചിപ്പിക്കുന്നത്.
പ്രതിരോധ കുത്തിവെപ്പിനായി കേന്ദ്ര-സംസ്ഥാന സർക്കാറുകൾ വിവിധ പദ്ധതികൾ ആവിഷ്‌ക്കരിച്ചു നടപ്പാക്കുമ്പോഴും കുത്തിവെപ്പെടുക്കാത്തവരുടെ എണ്ണത്തിൽ മലപ്പുറം ജില്ലയാണ് മുന്നിൽ. ജില്ലയിലെ പ്രതിരോധ കുത്തിവെപ്പിന്റെ അഭാവമാണ് അടിക്കടിയുണ്ടാകുന്ന ഡിഫ്തീരിയക്ക് കാരണമാകുന്നത്. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ഡിഫ്തീരിയ റിപ്പോർട്ട് ചെയ്യുന്നത് മലപ്പുറം ജില്ലയിൽ നിന്നാണ്. കുട്ടികൾക്ക് യഥാസമയം നൽകേണ്ട കുത്തിവെപ്പ് ലഭിക്കാത്തതിനാലാണ് ഡിഫ്തീരിയ ബാധ ജില്ലയിൽ കൂടിവരുന്നതായി ആരോഗ്യവകുപ്പ് കണ്ടെത്തിയിരുന്നത്. സമ്പൂർണ പ്രതിരോധ കുത്തിവെപ്പ് സംസ്ഥാനവ്യാപകമാക്കുന്നതിന്റെ ഭാഗമായി പ്രത്യേക പദ്ധതികൾ കേരള സർക്കാർ പ്രഖ്യാപിച്ചിരുന്നു. കുട്ടികളുടെ ആരോഗ്യഭാവി ഉറപ്പാക്കുന്നതിനായി സംസ്ഥാന ആരോഗ്യ വകുപ്പ് ടിക്ക് (ടോട്ടൽ ഇമ്മ്യൂണൈസേഷൻ കാമ്പയിനിങ് കേരള) പദ്ധതി പ്രഖ്യാപിച്ചെങ്കിലും ഇതും കാര്യക്ഷമമായി നടക്കുന്നില്ല. കേന്ദ്ര-സംസ്ഥാന സർക്കാറുകൾ പ്രതിരോധ കുത്തിവെപ്പിനായി മലപ്പുറം ജില്ലക്കു മാത്രം കോടികൾ ചെലവാക്കുന്നുണ്ട്. പക്ഷെ, കുത്തിവെപ്പിനെതിരെയുള്ള പ്രചാരണം കൊഴുപ്പിക്കാനായി പ്രത്യേക ശക്തികൾ പ്രവർത്തിക്കുന്ന കാലത്തോളം ഇത് വിജയകരമായി നടപ്പാക്കാൻ സാധിക്കില്ല. ജനങ്ങളുടെ മനോഭാവത്തിൽ മാറ്റം വന്നാൽ മാത്രമെ പ്രതിരോധ വാക്‌സിൻ കുത്തിവെപ്പുകൾ സമ്പൂർണമാക്കാൻ സാധിക്കുകയുള്ളൂ.
പ്രതിരോധ കുത്തിവെപ്പ് എടുക്കാതിരിക്കുന്നതിനു പുറമെ മുനുഷ്യന്റെ മാറിവരുന്ന ജീവിതസാഹചര്യവും ഭക്ഷണശീലവുമാണ് ഡിഫ്തീരിയ പോലുള്ള മാരക രോഗങ്ങൾക്ക് ഇടയാക്കുന്നത്. തൊണ്ടമുള്ളിന്റെ ബാക്ടീരിയകൾ ഹൃദയം, വൃക്ക, നാഡികൾ എന്നിവയെയാണ് ബാധിക്കുക. തൊണ്ടയിൽ പാട രൂപപ്പെടുകയും ശ്വാസതടസമുണ്ടാവുകയുമാണ് രോഗവസ്ഥ. ഈ പാടയിൽ നിന്നും വരുന്ന വിഷാംശം മറ്റ് ആന്തരികാവയവങ്ങളിലേക്ക് പടരുന്നതാണ് ജീവന് ഭീഷണി സൃഷ്ടിക്കുന്നത്. ഡിഫ്തീരിയക്ക് ഫലപ്രദമായ മരുന്നില്ലെന്നതും ഈ രോഗം മുനുഷ്യന്റെ ജീവന് ഭീഷണിയാകുന്നു. രോഗം കണ്ടെത്തിയ അഞ്ചുവയസിനു മുകളിലുള്ളവർക്ക് നൽകേണ്ട ടി ഡി വാക്‌സിൻ സർക്കാർ ആശുപത്രികളിൽ ഇന്നും ലഭ്യമല്ലെന്നതും പ്രശ്‌നത്തിന്റെ വ്യാപ്തി വർധിപ്പിക്കുന്നു. ഇത്തരം മാരകരോഗങ്ങളെ പ്രതിരോധിക്കാൻ ശൈശവത്തിൽ എടുക്കേണ്ട കുത്തിവെപ്പ് കൃത്യസമയത്ത് എടുക്കുകയെന്നത് മാത്രമാണ് പരിഹാരം. രണ്ടു വയസിനുള്ളിൽ എടുക്കേണ്ട അഞ്ചു വാക്‌സിനുകൾ കൃത്യമായി നൽകുന്നവർ മലപ്പുറം ജില്ലയിൽ ഇരുപത് ശതമാനത്തിന് താഴെ മാത്രമാണ്. പ്രതിരോധ കുത്തിവെപ്പ് നടക്കുന്നതിലെ അലംഭാവം വരാനിരിക്കുന്ന വൻദുരന്തങ്ങളിലേക്കാണ് വിരൽ ചൂണ്ടുന്നത്.