തിരുവനന്തപുരം: വടക്കാഞ്ചേരിയിലെ ലൈഫ് മിഷൻ ഫ്‌ളാറ്റ് സമുച്ചയത്തിന്റെ ബലം നാളെ വിജിലൻസ് സംഘം പരിശോധിക്കും. തൃശൂർ എൻജിനീയറിങ് കോളജിലെ വിദഗ്ദ്ധർ, ക്വാളിറ്റി കൺട്രോളർ (എറണാകുളം), പിഡബ്ല്യുഡി ബിൽഡിങ് എക്‌സിക്യൂട്ടിവ് എൻജിനീയർ (തൃശൂർ) തുടങ്ങിയവരടങ്ങുന്ന സംഘമാണ് ബലപരിശോധന നടത്തുന്നത്. രാവിലെ 10 മണിക്കാണ് പരിശോധന ആരംഭിക്കുന്നത്.

തൂണുകളുടെ ബലം പരിശോധിക്കുന്ന ഹാമർ ടെസ്റ്റ്, കോൺക്രീറ്റ് മുറിച്ചെടുത്ത് പരിശോധിക്കുന്ന കോർ ടെസ്റ്റ് തുടങ്ങിയവ നടത്തും. തൃശൂർ എൻജിനീയറിങ് കോളജിലായിരിക്കും കോൺക്രീറ്റ് പരിശോധിക്കുന്നത്. യുഎഇ കോൺസുലേറ്റ് വഴി റെഡ് ക്രസന്റ് അനുവദിച്ച 18.50 കോടി രൂപയിൽ 14.50 കോടി രൂപ ചെലവാക്കിയാണ് 140 ഫ്‌ളാറ്റുകൾ നിർമ്മിക്കാൻ പദ്ധതി തയാറാക്കിയത്. ശേഷിക്കുന്ന തുക ഉപയോഗിച്ചു ആരോഗ്യകേന്ദ്രം നിർമ്മിക്കുമെന്നാണു കരാർ.

പദ്ധതിയുടെ പേരിൽ 4.48 കോടിരൂപ കൈക്കൂലി നൽകിയെന്നു യൂണിടാക് എംഡി സന്തോഷ് ഈപ്പൻ സമ്മതിച്ചിരുന്നു. ഗുണനിലവാരത്തിൽ വിട്ടുവീഴ്ച ചെയ്താണ് കമ്മിഷൻ നൽകിയതെന്നാണ് വിജിലൻസ് സംശയിക്കുന്നത്.

2019 ജൂലൈ 11നാണ് കരാർ ഒപ്പുവച്ചത്. എം.ശിവശങ്കറിന്റേതടക്കമുള്ള ഫോണുകൾ പരിശോധിച്ചതിന്റെ വിശദാംശങ്ങൾ സിഡാക്കിൽനിന്ന് വെള്ളിയാഴ്ച ലഭിക്കും. ലോക്കറിലെ ഒരു കോടിരൂപ ശിവശങ്കറിന്റെതാണോയെന്ന് ഫോൺ പരിശോധനയിലൂടെ മനസിലാക്കാനാകുമെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രതീക്ഷ.