മലപ്പുറം: 52 കിലോ കഞ്ചാവുമായി നിലമ്പൂർ സ്വദേശികളായ രണ്ട് പേർ വാളയാർ ചെക്‌പോസ്റ്റിൽ പിടിയിലായതിന് പിന്നിൽ എക്‌സൈസിന്റെ ജാഗ്രത. മലപ്പുറം നിലമ്പൂർ സ്വദേശികളായ പ്രകാശ് (28), സുബിജിത്ത് (21) എന്നിവരാണ് പിടിയിലായത്. ദേശിയ പാത കേന്ദ്രീകരിച്ചുള്ള എക്‌സൈസിന്റെ വാഹന പരിശോധനയിലാണ് ഇവർ പിടിയിലായത്.

അമിത വേഗത്തിലെത്തിയ കാർ ടോൾ പ്ലാസയ്ക്കു സമീപം പരിശോധനയിലായിരുന്ന ഉദ്യോഗസ്ഥരെ വെട്ടിച്ചു പായുകയായിരുന്നു. തുടർന്നു കിലോമീറ്ററോളം പിന്തുടർന്നാണു വാഹനം പിടികൂടിയത്. ചെന്നൈയിൽ നിന്നാണു കഞ്ചാവെത്തിച്ചത്. സിനിമാ സ്റ്റൈൽ ചെയ്‌സിംഗാണ് പിടികൂടാനായി എക്‌സൈസ് നടത്തിയത്. ജീവൻ പണയം വച്ചും അവർ വാഹനത്തെ പിന്തുടരുകയായിരുന്നു.

ഹാഷിഷ് ഓയിൽ നിർമ്മിക്കാൻ വേണ്ടിയണ് ഇത്രയധികം കഞ്ചാവ് കൊണ്ടുവരുന്നതെന്ന് പിടിയിലായവർ പറഞ്ഞു. കാറിൽ കടത്തുകയായിരുന്ന കഞ്ചാവിന് അരക്കോടിയിലധികം രൂപ വിലയുണ്ട്. പാലക്കാട് എക്സൈസ് എൻഫോഴ്സ്മെന്റ് അസി.എക്സൈസ് കമ്മിഷണർ എ.രമേശിന്റെ നേതൃത്വത്തിലുള്ള എഇസി സ്‌ക്വാഡും എക്സൈസ് സ്‌പെഷൽ സ്‌ക്വാഡും നടത്തിയ പരിശോധനയിലാണു കാറിൽ രഹസ്യ അറയിൽ ഒളിപ്പിച്ചു കടത്തിയ കഞ്ചാവ് പിടിച്ചത്.

ഉച്ചയ്ക്ക് 12.30 ഓടെ വാളയാർ ടോൾപ്ലാസയിൽ വച്ചാണ് ചെന്നൈയിൽ നിന്നും കേരളത്തിലേക്ക് കാറിൽ കടത്തുകയായിരുന്ന കഞ്ചാവ് എക്‌സൈസ് സംഘം പിടികൂടിയത്. രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ വാഹനപരിശോധനയ്ക്കിടെയാണ് കഞ്ചാവ് പിടിച്ചത്. ചെറിയ പ്ലാസ്റ്റിക് കവറുകളിലാക്കി നിത്യോപയോഗ സാധനങ്ങൾ കൊണ്ടുവരുന്ന തരത്തിലായിരുന്നു കഞ്ചാവ്, യുവാക്കൾ കാറിൽ കൊണ്ടുവന്നത്. പിടിയിലായ യുവാക്കൾക്ക് പിന്നിൽ കഞ്ചാവ് ഹോൾസെയിലായി വിൽപ്പന നടത്തുന്ന വൻ സംഘം ഉണ്ടെന്നും, ഇവരെക്കുറിച്ച് വിവരം ലഭിച്ചതായും എക്‌സൈസ് പറഞ്ഞു. സംസ്ഥാനം തെരഞ്ഞെടുപ്പിലേക്ക് കടക്കുന്ന സാഹചര്യത്തിൽ വരും ദിവസങ്ങളിലും ശക്തമായ പരിശോധന തുടരുമെന്നും എക്‌സൈസ് വ്യക്തമാക്കി.
 
മലപ്പുറത്തെ മൊത്ത വിതരണക്കാരിലെത്തിച്ചു ഹാഷിഷ് ഓയിലാക്കി വിദേശത്തേക്കു കടത്താനായിരുന്നു പദ്ധതി. ഇൻസ്‌പെക്ടർമാരായ പി.ബി.പ്രശോഭ്, എ.ഷൗക്കത്തലി, പ്രിവന്റീവ് ഓഫിസർമാരായ എ.ജയപ്രകാശൻ, ആർ.വേണുകുമാർ, മൻസൂർ അലി, ടി.ജെ. ജയകുമാർ, സിഇഒമാരായ കെ.ഉണ്ണിക്കൃഷ്ണൻ, കെ.പ്രമോദ്, എസ്.ആർ.നിഷാദ്, ബി.ഷൈബു, കെ.ജ്ഞാനകുമാർ, കെ.അഭിലാഷ്, ടി.എസ്.അനിൽകുമാർ, എ.ബിജു, ഭുവനേശ്വരി, ജി.അനിൽ കുമാർ, കെ.ജെ.ലൂക്കോസ്, എ.കൃഷ്ണകുമാർ എന്നിവരടങ്ങിയ സംഘമാണു പരിശോധന നടത്തിയത്.