തിരുവനന്തപുരം: ചിത്തര ആട്ടവിളക്കിന് ശബരിമല നടതുറന്ന വേളയിൽ സന്നിധാനത്തെ നിയന്ത്രിച്ച 'സൂപ്പർ ഡിജിപി'യായി വിലസിയത് ആർഎസ്എസ് നേതാവ് വത്സൻ തില്ലങ്കേരി തന്നെയെന്ന ആക്ഷേപങ്ങൾക്ക് കരുത്തു പകരുന്ന ഒരു വെളിപ്പെടുത്തൽ കൂടി പുറത്തുവന്നു. സന്നിധാനത്ത് ഡ്യൂട്ടിക്കായി വിനിയോഗിച്ച വനിതാ പൊലീസുകാരുടെ പ്രായം പോലും പരിശോധിച്ചത് തില്ലങ്കേരിയുടെ നേതൃത്വത്തിലുള്ള സംഘപരിവാർ പ്രവർത്തകർ ആണെന്നാണ് പുറത്തുവരുന്ന വിവരം. ഇത് സംബന്ധിച്ച വെളിപ്പെടുത്തൽ നടത്തിയത് ആർഎസ്എസ് നേതാവ് വത്സൻ തില്ലങ്കേരി ആയിരുന്നു.

സന്നിധാനത്ത് നിയോഗിച്ച 15 വനിതാ പൊലീസ് ഉദ്യോഗസ്ഥരുടെ പ്രായം തെളിയിക്കുന്നതിനുള്ള രേഖകൾ പരിശോധിച്ചെന്ന് ആർഎസ്എസ് നേതാവും ശബരിമല കർമ്മ സമിതി സംസ്ഥാന ജനറൽ സെക്രട്ടറിയുമായ വൽസൻ തില്ലങ്കേരി വെളിപ്പെടുത്തിയത്. കോഴിക്കോട് മുതലക്കുളത്ത് നടന്ന ശബരിമല ആചാര സംരക്ഷണ സംഗമത്തിൽ സംസാരിക്കവേയാണ് തില്ലങ്കേരി ഇത് സംബന്ധിച്ച് അഭിപ്രായപ്രകടനം നടത്തിയത്. ചിത്തിര ആട്ടവിശേഷത്തിന് നടതുറന്നപ്പോൾ സന്നിധാനത്ത് നിയോഗിച്ച വനിതാ പൊലീസുകാർ 50 വയസിന് മുകളിലുള്ളവരെന്ന് ഉറപ്പുവരുത്തിയെന്നാണ് വൽസൻ തില്ലങ്കേരി അവകാശപ്പെടുന്നത്.

സന്നിധാനത്ത് നിയോഗിച്ച വനിതാ പൊലീസിൽ ഒരാളുടെ ഭർത്താവിന്റെ പ്രായം 49 ആണെന്ന വ്യാജ വാർത്ത പ്രചരിച്ചിരുന്നു. ഇതോടെ ഉദ്യോഗസ്ഥയുടെ പ്രായം 49 ൽ താഴെയാകുമെന്ന ആശങ്കയുണ്ടായി. തുടർന്ന് എസ്‌പി മാരെ വിവരം അറിയിക്കുകയായിരുന്നു. ഇവർ സന്നിധാനത്തുള്ള പൊലീസ് ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ടു. തുടർന്ന് സന്നിധാനത്തുള്ള 15 വനിതാ പൊലീസ് ഉദ്യോഗസ്ഥരുടെ പ്രായം തെളിയിക്കുന്നതിനുള്ള രേഖകൾ പരിശോധിച്ചെന്നാണ് തില്ലങ്കേരിയുടെ അവകാശവാദം.

ചെറുപ്പക്കാരികളായ 50 വനിതാ പൊലീസ് ഉദ്യോഗസ്ഥരെ സന്നിധാനത്ത് നിയമിക്കുമെന്ന് സർക്കാർ തീരുമാനിച്ചെങ്കിലും ഒരു ഉദ്യോഗസ്ഥയും തയ്യാറായില്ല. തുടർന്ന് മറ്റ് സംസ്ഥാനങ്ങളിലെ വനിതാ പൊലീസുകാരെ സമീപിച്ചെങ്കിലും അവരും തയ്യാറില്ലെന്നും തില്ലങ്കേരി പ്രസംഗത്തിനിടെ പറഞ്ഞു. തില്ലങ്കേരിയുടെ പ്രസംഗം സർക്കാറിനെ ശരിക്കും വെട്ടിലാക്കുന്നതാണ്. പൊലീസിന് നിയന്ത്രണമുണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞിടത്താണ് ആർഎസ്എസ് നേതാവിന്റെ അവകാശവാദം വിവാദമാകുന്നത്.

ചിത്തിര ആട്ടവിശേഷത്തിന് നടതുറന്നപ്പോൾ ഇരുമുടിക്കെട്ടില്ലാതെ പതിനെട്ടാം പടിയിൽ എത്തി പുറംതിരിഞ്ഞ് നിന്ന് പ്രവർത്തകരെ അഭിസംബോധന ചെയ്ത് തില്ലങ്കേരി സംസാരിച്ചത് വലിയ വിവാദമായിരുന്നു. ഇരുമുടിക്കെട്ടില്ലാതെ പതിനെട്ടാം പടി കയറുകയും പൊലീസ് മൈക്കിലൂടെ തില്ലങ്കേരി പ്രസംഗിക്കുകയും ചെയ്തിരുന്നു. ചോറൂണിനെത്തിയ അമ്പത് വയസ്സ് കഴിഞ്ഞ സ്ത്രീയ്ക്ക് നേരെ പ്രതിഷേധക്കാർ പാഞ്ഞടുത്തതോടെയാണ് തില്ലങ്കേരി പൊലീസ് മൈക്കിലൂടെ സംസാരിച്ചത്. പതിനെട്ടാംപടി പ്രസംഗത്തിന് വേദിയാക്കിയ വത്സൻ തില്ലങ്കേരിയുടെ നടപടിക്കെതിരെ രൂക്ഷവിമർശനമാണ് ഉയർന്നത്.

ചിത്തിര ആട്ടവിശേഷത്തിനായി ശബരിമല നടതുറന്ന ദിവസങ്ങളിൽ സുപ്രീംകോടതി വിധി നടപ്പിലാക്കുന്നതിനെതിരെ വലിയ പ്രതിഷേധങ്ങളായിരുന്നു നടന്നത്. സന്നിധാനത്തും പരിസര പ്രദേശങ്ങളിലും കനത്ത സുരക്ഷ ഒരുക്കിയിരുന്നെങ്കിലും പലപ്പോഴും പ്രതിഷേധക്കാരെ നിയന്ത്രിക്കാൻ പൊലീസിന് കഴിഞ്ഞില്ല. വത്സൻ തില്ലങ്കേരിയുടെ നേതൃത്വത്തിലായിരുന്നു ശബരിമലയിൽ പ്രതിഷേധക്കാർ തമ്പടിച്ചിരുന്നത്. ആചാരസംരക്ഷണത്തിന് ഇറങ്ങിയ അദ്ദേഹം തന്നെ ആചാരം ലംഘിച്ചുവെന്ന പരാതി ഉയരുന്നതിനിടെ അയ്യപ്പനുമായി താരതമ്യം തില്ലങ്കേരി പ്രസംഗവും നടത്തിയത്.

ദൈവത്തെ സംരക്ഷിക്കാൻ മനുഷ്യർ മതിയോ, ഇത് ദൈവത്തെ അപമാനിക്കലല്ലേ എന്ന ചോദ്യമായിരുന്നു ഒരു ചാനൽ ചർച്ചയിൽ ഒരു പ്രേക്ഷകൻ ഉന്നയിച്ചത്. ശബരിമലയിൽ പോവാൻ ശബരിമല വിധി നിങ്ങൾക്ക് അനുകൂലമായില്ല എങ്കിൽ നിങ്ങൾ എത്ര നാൾ അവിടെ സ്ത്രീകളെ കയറ്റാതിരിക്കും. ശബരിമലയിൽ പോവാൻ നിങ്ങൾക്ക് എന്ത് അർഹതയുണ്ട്. പല കൊലപാതക കേസുകളിലും പ്രതിയാണ് നിങ്ങൾ. അങ്ങനെയുള്ള നിങ്ങൾക്ക് എന്ത് അർഹതയാണുള്ളതെന്നും ആ പ്രേക്ഷകൻ ചോദിച്ചു.

ഈ ചോദ്യങ്ങൾക്കുള്ള വത്സൻ തില്ലങ്കേരിയുടെ മറുപടി ഇങ്ങനെയായിരുന്നു. ' അയ്യപ്പൻ ഒരുപാട് ആളുകളെ കൊന്നിട്ടുള്ളയാളാണെന്ന് അറിയോ, അയ്യപ്പൻ ഉദയനൻ എന്ന കാട്ടുകള്ളനുൾപ്പടെയുള്ള നിരവധി ആളുകളെ കൊല ചെയ്തിട്ടുള്ള ചരിത്രം അറിയോ' കള്ളക്കേസ് .തന്റെ പേരിലുള്ളത് കള്ളക്കേസാണെന്നും എന്നാൽ അയ്യപ്പന്റെ പേരിലുള്ളത് ഒറിജിനൽ കേസാണെന്നും വത്സൻ തില്ലങ്കേരി അഭിപ്രായപ്പെടുന്നു. താങ്കൾ കൊലപാതകത്തെ ന്യായീകരിക്കുകയല്ലേ എന്ന് മറുചോദ്യം ഉയർന്നപ്പോൾ ദുഷ്ടലാക്കോടെയുള്ള ചോദ്യത്തിന് ഇങ്ങനെയെ മറുപടി പറയാനാകു എന്നായിരുന്നു വത്സന്റെ വിശദീകരണം. ഈ പ്രസ്താവനയും വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു.