കൊച്ചി: മറുനാടൻ മലയാളിയുടെ വാർത്തയിൽ നിന്നും ലഭിച്ച ത്രെഡിൽ ഒരുങ്ങുന്ന വാമനന്റെ അണിയറപ്രവർത്തനങ്ങൾ പൂർത്തിയാകുന്നു. ഈ മാസം അവസാനത്തോടെ ചിത്രം തിയറ്ററുകളിൽ പ്രദർശനത്തിന് എത്തും. നവാഗത സംവിധായകനായ എ. ബി ബിനിൽ തന്നെയാണ് സിനിമയുടെ കഥയും തിരക്കഥയും, സംഭാഷണവും ഒരുക്കിയിരിക്കുന്നത്. 2020 ജൂലൈ 7 ന് മറുനാടനിലെ വാർത്താ അവതാരകൻ പി.ഹാരി ചെയ്ത വാർത്തയാണ് സംവിധാകന്റെ മനസിൽ സിനിമയുടെ സ്പാർക്ക് ഉണ്ടാക്കിയത്.

കോട്ടയം മെഡിക്കൽ കോളേജിന് പിന്നിലെ മോർച്ചറിക്ക് സമീപമുള്ള കെട്ടിടത്തിൽ നിന്നും രാത്രിയിൽ ഒരുസ്ത്രീയുടെ നിലവിളി ശബ്ദം കേൾക്കുകയും. ആശുപത്രിയിലെ ജീവനക്കാരേയും രോഗികളെയും കൂട്ടിരിപ്പുകാരേയും ഈ നിലവിളി ശബ്ദം ഭയപ്പെടുത്തുകയുമായിരുന്നു. വിവരം പൊലീസിൽ അറിയിച്ചു എങ്കിലും പൊലീസിനും ഇതിന്റെ ഉറവിടം കണ്ടെത്താനായില്ല. മയക്കുമരുന്ന് മാഫിയയോ മറ്റ് അനാശാസ്യപ്രവർത്തനങ്ങൾ നടത്തുന്ന ഏതോ ഗ്യാങ്ങ് ആയിരിക്കും ഇതിന് പിന്നിൽ എന്നാണ് പൊലീസിന്റെ നിഗമനം ഇതായിരുന്നു ആ വാർത്ത.

മറുനാടൻ മലയാളിയിൽ പ്രകാശ് ചന്ദ്രശേഖറാണ് ഈ വാർത്തയുടെ പിന്നാമ്പുറം അന്വേഷിച്ചത്. മനോരമയിലും മാതൃഭൂമിയിലും അടക്കം ഈ വിഷയം വാർത്തയായി എത്തി. ഇതിന് പിറകെയാണ് മറുനാടനും ഇതിലെ വസ്തുതകൾ തേടി ഇറങ്ങിയത്. ഇത് മറുനാടൻ ടിവിയിൽ ഹാരിയും വാർത്തായയി അവതരിപ്പിക്കുകായണ് ഈ വാർത്ത കണ്ടപ്പോഴാണ് ഇതിന് ഉള്ളിൽ ഒരു സിനിമാകഥ ഉണ്ടല്ലോ എന്ന് ബിനിലിന് തോന്നിയത്. ചെറുപ്പം മുതൽ അഭിനയമോഹവുമായി നടന്ന ബിനിൽ ബാബകല്യാണി, ഹലോ നമസ്തേ, തേനീച്ചയും പിരങ്കിപടയും എന്നീ ചിത്രങ്ങളിൽ അഭിനയിച്ചിരുന്നു.

ന്യൂയോർക്ക് ഫിലിം അക്കാദമിയിൽ നിന്നും സ്‌ക്രിപ്റ്റ് റൈറ്റിങ്ങിൽ ഡിപ്ലോമ പാസായ ബിനിൽ പിന്നെ ഈ കഥയുടെ പിറകേ കൂടി. സംഭവസ്ഥലം സന്ദർശിച്ചും വിവരങ്ങൾ ശേഖരിച്ചും തന്റെ കഥയുടെ വൺലൈൻ തയ്യാറാക്കി. സംഭവത്തിൽ അന്വേഷിച്ച് കണ്ട് പിടിച്ചതും തന്റെ ഭാവനയിൽ ഉരിത്തിരിഞ്ഞതുമായ സന്ദർഭങ്ങൾ കൂട്ടിയിണക്കിയാണ് തിരക്കഥ പൂർത്തിയാക്കിയത്. സിനിമയിലെ പ്രധാനകഥാപാത്രമായി ഇന്ദ്രൻസിനെയാണ് മനസിൽ കണ്ടിരുന്നത്. ഇന്ദ്രൻസിനെ കണ്ട് കഥ പറഞ്ഞപ്പോൾ ഈ സിനിമ ഉടൻ ചെയ്യാം എന്ന് ഉറപ്പ് നൽകിയ കഥ സ്‌ക്രിപ്റ്റാക്കുന്നതിനിടയിൽ ബിനിലിന്റെ കഥ കേട്ട ചില സുഹൃത്തുകൾ ഇത് കുറച്ച് കൂടി വലിയ ക്യാൻവാസിൽ ചെയ്യണം എന്ന് നിർദ്ദേശം മുന്നോട്ട് വെച്ചു. ഇതേ തുടർന്ന് ബിനിൽ സംവിധായകനും നടനുമായ ദിലീഷ് പോത്തനെ നേരീൽ കണ്ട് കഥ പറഞ്ഞു.

കഥ കേട്ട ഉടൻ ദീലിഷ് പോത്തൻ ബിനിലിന്റെ കൈ പിടിച്ച് മനോഹരമായ കഥയാണ് ഇത് നമുക്ക് ഒരിമിച്ച് ചെയ്യാം എന്ന് അറിയിച്ചു. എന്നാൽ കോവിഡിന്റെ വിഷയങ്ങൾ കാരണം ദീലിഷ്പോത്തനുമായി ചേർന്ന് സിനിമ ചെയ്യാൻ സാധിച്ചില്ല. ഈ സമയത്താണ് ഇന്ദ്രൻസ് പ്രധാനകഥാപാത്രത്തെ അവതരിപ്പിച്ച ഹോം എന്ന സിനിമ റിലീസ് ചെയ്യുന്നത്. സിനിമ വലിയ രീതിയിൽ പ്രേക്ഷേകശ്രദ്ധ പിടിച്ചു പറ്റുകയും ഇന്ദ്രൻസിന്റെ കഥാപാത്രം ചർച്ചയാവുകയും ചെയ്തിരുന്നു. അതോടെ ബിനിൽ ഉറപ്പിച്ചു തന്റെ വാമനനിൽ ഇന്ദ്രൻസ് തന്നെയാണ് അഭിനയിക്കാൻ പോകുന്നത് എന്ന്. ഉടൻ തന്നെ ഇന്ദ്രൻസിനെ കണ്ട് ഡേറ്റ് വാങ്ങി ഷൂട്ടിഗ് ആരംഭിക്കുക ആയിരുന്നു. 21 ദിവസം കൊണ്ടാണ് മൂന്ന് പാട്ടുകൾ ഉള്ള വാമനൻ 13 ലോക്കേഷനുകളിലായി ചിത്രീകരണം പൂർത്തിയായത്.

ഒറ്റപ്പെട്ട പ്രദേശങ്ങളിൽ ചില പ്രത്യേക സമയങ്ങളിൽ ഇരുട്ടിലൂടെ സഞ്ചരിക്കുന്ന ഏതൊരു മനുഷ്യനും അവിചാരിതമായി കേൾക്കുന്ന ശബ്ദങ്ങൾ ഭീതിയാണ് ഉണത്താറുള്ളത്. കൂരിരുട്ടിലും നിലാവെളിച്ചത്തിലും ഒരു വാഴ ഇല അനങ്ങിയാൽ അതിന്റെ നിഴൽ പോലും നമ്മെ ഭയപ്പെടുത്തും, എന്നാൽ എത്ര പേർ ആ അനക്കത്തിന്റെ ഉറവിടം കണ്ടെത്താൻ ശ്രമിക്കാറുണ്ട്. ഈ കഥ എഴുതുമ്പോൾ ഈ കഥാപാത്രത്തിലൂടെ മനുഷ്യന്റെ അനാവശ്യ ഭയത്തെ ആണ് ഇല്ലാതാക്കാൻ ശ്രമിക്കുന്നത്. തീർച്ചയായും ഈ ചിത്രം ഏതു പ്രായക്കാർക്കും ഒരേ രീതിയിൽ ആസ്വദിക്കാൻ കഴിയുന്ന ഒന്നാണെന്നും പ്രേക്ഷരോട് നീതി പുലർത്തുന്ന ഒരു സിനിമയാണ് വാമനൻ എന്നും സംവിധായകൻ ബിനിൽ മറുനാടനോട് പറഞ്ഞു.

ഇന്ദ്രൻസ്, ബൈജു സന്തോഷ് എന്നിവരാണ് കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മൂവി ഗ്യാങ് പ്രൈവറ്റ് ലിമിറ്റഡിന്റെ ബാനറിൽ കെ.ബി അരുൺ ബാബുവും സമഹ് അലിയും ചേർന്നാണ് വാമനൻ നിർമ്മിച്ചിരിക്കുന്നത്. നവാഗതനായ അരുൺ ശിവനാണ് ചിത്രത്തിന്റെ ഛായാഗ്രഹണം. പുഷ്പ, ബാഹുബലി മുതലായ പാൻ ഇന്ത്യൻ സിനിമകളിൽ പ്രവർത്തിച്ച ഹൈദ്രാബാദ് സ്വദേശി നവീനും, മാഗസിൻ മീഡിയ എന്റർറ്റെമെന്റും ചേർന്നാണ് വി.എഫ്. എക്സ് ചെയ്തിരിക്കുന്നത്. ഗാനരചന സന്തോഷ് വർമയും വിവേക് മുഴക്കുന്നും നിർവഹിക്കുന്നു. സംഗീതം നിതിൻ ജോർജ്, പശ്ചാത്തല സംഗീതം സുദീപ് പാലനാട്.

പോസ്റ്റർ ഡിസൈൻ ആർട്ടോകാർപ്പസ്, പി.ആർ.ഒ വാഴൂർജോസ്, ദിനേശ് എന്നിവരാണ്. രഘു വേണുഗോപാൽ, ഡോണ തോമസ്, രാജീവ് വാര്യർ, അശോകൻ കരുമാത്തിൽ, ബിജു കുമാർ കാവുകപറമ്പിൽ, സുമ മേനോൻ, രാജിത സുഷാന്ത് എന്നിവരാണ് സഹനിർമ്മാതാക്കൾ.