- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വാരാണസി സ്ഫോടന പരമ്പര: മുഖ്യസൂത്രധാരൻ വാലിയുള്ള ഖാന് വധശിക്ഷ; സങ്കട് മോചൻ ക്ഷേത്രത്തിലും കന്റോൺമെന്റ് റെയിൽവേ സ്റ്റേഷനിലുമുണ്ടായ സ്‌ഫോടനങ്ങളിൽ ജീവനെടുത്തത് 18 പേരുടെ; കനത്ത സുരക്ഷയുടെ അകമ്പടിയോടെ വിധി പറഞ്ഞത് ഗസ്സിയാബാദിലെ സെഷൻസ് കോടതി
ന്യൂഡൽഹി: വാരാണസി സ്ഫോടന പരമ്പരയുടെ മുഖ്യസുത്രധാരൻ വാലിയുള്ള ഖാന് വധശിക്ഷ. ഗസ്സിയാബാദിലെ സെഷൻസ് കോടതിയാണ് വിധി പ്രസ്താവിച്ചത്. 2006 മാർച്ച് ഏഴിന് രണ്ടിടത്ത് നടന്ന സ്ഫോടനത്തിൽ 18 പേർ കൊല്ലപ്പെട്ടിരുന്നു. സംഭവം നടന്ന് 16 വർഷത്തിന് ശേഷമാണ് കേസിൽ വിധി പറയുന്നത്. 2006 മാർച്ച് 7 ന് സങ്കട് മോചൻ ക്ഷേത്രത്തിലും കന്റോൺമെന്റ് റെയിൽവേ സ്റ്റേഷനിലുമുണ്ടായ സ്‌ഫോടനങ്ങളിൽ 100ലേറെ പേർക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു.
രണ്ട് കേസുകളിലാണ് കോടതി ശിക്ഷ വിധിച്ചത്. രണ്ടാമത്തെ കേസിൽ ജീവപര്യന്തം തടവാണ് ശിക്ഷ. സ്‌ഫോടന പരമ്പര കേസിൽ ഇയാൾ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയിരുന്നു. തുടർന്നാണ് വിധി പറയാൻ ഇന്നത്തേയ്ക്ക് മാറ്റിയത്. സുരക്ഷ കണക്കിലെടുത്ത് വിധി പ്രഖ്യാപന വേളയിൽ കോടതിയിൽ മാധ്യമങ്ങളെ അനുവദിച്ചിരുന്നില്ല. കോടതി പരിസരത്ത് ഡോഗ് സ്‌ക്വാഡ് ഇടയ്ക്കിടെ തിരച്ചിൽ നടത്തിയിരുന്നു
ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരം രജിസ്റ്റർ ചെയ്ത രണ്ട് കേസുകളിൽ വാലിയുള്ള ഖാന് ജില്ലാ സെഷൻസ് ജഡ്ജി ജിതേന്ദ്ര കുമാർ സിൻഹ ശിക്ഷ വിധിച്ചതായി ജില്ലാ ഭരണകൂടത്തിന്റെ അഭിഭാഷകൻ രാജേഷ് ശർമ്മ പറഞ്ഞു.
മാർച്ച് 7 ന് രാവിലെ 6.15 നാണ് ആദ്യ സ്‌ഫോടനം നടന്നത്. തുടർന്ന് 15 മിനിറ്റുകൾക്ക് ശേഷം റെയിൽവേ സ്റ്റേഷനിലും സ്‌ഫോടനം നടന്നു. അതേ ദിവസം, പൊലീസ് സ്റ്റേഷന് സമീപത്തെ റെയിൽവേ ക്രോസ്സിംഗിന് സമീപം കുക്കർ ബോംബും കണ്ടെത്തിയിരുന്നു. മൂന്ന് കേസുകളിലുമായി 121 സാക്ഷികളെ കോടതിയിൽ ഹാജരാക്കി.
2006 ഏപ്രിലിൽ, സ്ഫോടനക്കേസ് അന്വേഷിച്ച പ്രത്യേക ടാസ്‌ക് ഫോഴ്‌സ്, വാലിയുള്ള ഖാന് ബംഗ്ലാദേശിലെ ഭീകരസംഘടനയായ ഹർകത്ത്-ഉൽ-ജിഹാദ് അൽ ഇസ്ലാമിയുമായി ബന്ധമുണ്ടെന്നും സ്ഫോടനത്തിന്റെ സൂത്രധാരൻ ഇയാളാണെന്നും കണ്ടെത്തുകയായിരുന്നു. മറ്റ് അഞ്ച് ഭീകരരും ഇതിൽ ഉൾപ്പെട്ടിരുന്നതായി കണ്ടെത്തിയിരുന്നു.
ഉത്തർപ്രദേശിലെ പ്രയാഗ്രാജിലെ ഫൂൽപൂർ നിവാസിയായ വലിയുള്ളയെ സ്ഫോടനം നടന്നതിന് ശേഷം പൊലീസ് അറസ്റ്റ് ചെയിതിരുന്നു. വാരണാസിയിലെ അഭിഭാഷകർ വാദിക്കാൻ വിസമ്മതിച്ചതിനെ തുടർന്ന് ഗസ്സിയാബാദിലാണ് കേസുകളുടെ വിചാരണ നടന്നത്. വലിയുള്ളയ്ക്കെതിരെ കൊലപാതകം, കൊലപാതകശ്രമം, അപകടകരമായ ആയുധങ്ങൾ ഉപയോഗിച്ച് മുറിവേൽപ്പിക്കൽ എന്നീ കുറ്റങ്ങൾ തെളിഞ്ഞിരുന്നു
മറുനാടന് മലയാളി ബ്യൂറോ