വരാപ്പുഴ: വീട്ടിൽ കിടന്നുറങ്ങിയ യുവാവിനെ അർദ്ധ രാത്രി പൊലീസ് പിടിച്ചു കൊണ്ട് പോയി. ലോക്കപ്പിൽ ഇട്ട് തല്ലിക്കൊന്നു. ആദ്യം ഒന്നും അറിയില്ലെന്ന് പൊലീസ് പറഞ്ഞു. കൊടും കുറ്റവാളി വയറുവേദന കൊണ്ട് മരിച്ചെന്ന് സ്ഥാപിക്കാൻ ശ്രമിച്ചു. മനുഷ്യാവകാശ കമ്മീഷന്റെ ഇടപെടലിലൂടെ സത്യം പുറത്തുവന്നു. അങ്ങനെ പൊലീസ് പ്രതിയായി. രാജൻ കേസിനെ തോൽപ്പിക്കുന്ന കസ്റ്റഡിമരണമായി വരാപ്പുഴയിലെ ശ്രീജിത്തിന്റെ മരണം മാറി. വരാപ്പുഴ എസ് ഐ അടക്കമുള്ളവർക്കെതിരെ കൊലക്കുറ്റത്തിന് കേസെടുത്തു. അതിന് അപ്പുറം ശ്രീജിത്തിന്റെ കുടുംബത്തിന് താങ്ങും തണലുമാകാൻ സർക്കാരില്ല.

ബിജെപി അനുഭാവമുള്ള കുടുംബമാണ് ശ്രീജിത്തിന്റേതെന്ന് സിപിഎമ്മുകാർ തന്നെ പറയുന്നു. അതുകൊണ്ട് ഇടതു സർക്കാരിലെ ആരും അവിടേക്ക് തിരിഞ്ഞു നോക്കിയില്ല. തിരുവനന്തപുരത്തുകൊല്ലപ്പെട്ട ലിഗയുടെ കുടുംബത്തിന് പോലും അഞ്ച് ലക്ഷം രൂപ സർക്കാർ പ്രഖ്യാപിച്ചു കഴിഞ്ഞു. എന്നാൽ ശ്രീജിത്ത് മരിച്ച് ആഴ്ചകളായിട്ടും മന്ത്രിസഭ ഈ വിഷയം ചർച്ചയാക്കിയില്ല. കസ്റ്റഡി കൊലപാതകത്തിൽ മരിക്കുന്നവരുടെ കുടുംബമെന്ന പരിഗണനയിൽ ഒന്നും ശ്രീജിത്തിന്റെ അമ്മയ്ക്കും ഭാര്യയ്ക്കും സർക്കാർ പ്രഖ്യാപിച്ചില്ല. അതിനൊപ്പമാണ് പറവൂരിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ, കസ്റ്റഡിയിൽ മരിച്ച ശ്രീജിത്തിന്റെ വീട്ടിൽ കയറാതെ മടങ്ങിയത് വിവാദമാകുന്നത്.

അടിയന്തരവാസ്ഥകാലത്ത് രാജൻ കൊലയിൽ കെ കരുണാകരനെതിരെ ആഞ്ഞെടിച്ച പ്രസ്ഥാനമാണ് സിപിഎം. കസ്റ്റഡിയിലെ ചെറിയെ അതിക്രമങ്ങൾ പോലും അംഗീകരിക്കാത്ത പാർട്ടി. പറവൂർ നിയോജക മണ്ഡലത്തിൽത്തന്നെയുള്ള വരാപ്പുഴ ദേവസ്വംപാടത്താണ് പൊലീസ് കസ്റ്റഡിയിൽ മരിച്ച ശ്രീജിത്തിന്റെ വീട്. മുഖ്യമന്ത്രിയും മന്ത്രിമാരും സമീപപ്രദേശങ്ങളിലെത്തിയിട്ടും ശ്രീജിത്തിന്റെ വീട്ടിലെത്തിയില്ലെന്ന ആക്ഷേപം നിലനിൽക്കെയാണ് മുഖ്യമന്ത്രി പറവൂരിൽ എത്തിയത്. അപ്പോൾ മനപ്പൂർവ്വം പിണറായിയും ഒഴിവാക്കി. ഇതോടെ ശ്രീജിത്തിന്റെ മരണത്തിന് പിന്നിൽ സിപിഎം നേതാക്കൾക്കും പങ്കുണ്ടെന്ന ആരോപണമാണ് ശക്തമാകുന്നത്.

മുഖ്യമന്ത്രി ശ്രീജിത്തിന്റെ വീട് സന്ദർശിക്കാനെത്തുമെന്ന പ്രതീക്ഷയിലായിരുന്നു കുടുംബവും നാട്ടുകാരും. ഉച്ചയോടെത്തന്നെ മാധ്യമപ്രതിനിധികളും ശ്രീജിത്തിന്റെ വീട്ടിലെത്തി. എന്നാൽ, പറവൂരിലെ ചടങ്ങ് കഴിഞ്ഞ് വാണിയക്കാട്-ആനച്ചാൽ റോഡിലൂടെ മുഖ്യമന്ത്രി ആലുവവഴി എറണാകുളത്തേക്ക് മടങ്ങി. ശ്രീനാരായണ ദർശനോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ആഘോഷപരിപാടികളിൽ പങ്കെടുക്കാനാണ് മുഖ്യമന്ത്രി പറവൂരിലെത്തിയത്. മുഖ്യമന്ത്രി വീട്ടിലെത്താത്തതിൽ വിഷമമുണ്ടെന്ന് ശ്രീജിത്തിന്റെ അമ്മ ശ്യാമള പറഞ്ഞു. ''ഞങ്ങൾക്ക് പ്രത്യേകിച്ച് രാഷ്ട്രീയമൊന്നുമില്ല. മറ്റ് പല നേതാക്കളും എത്തി ആശ്വസിപ്പിച്ചു. മുഖ്യമന്ത്രി സമീപത്തെത്തിയപ്പോൾ ശ്രീജിത്തിന്റെ കുഞ്ഞിനെയും ഭാര്യയെയും ആശ്വസിപ്പിക്കാനെത്തുമെന്ന് പ്രതീക്ഷിച്ചു. അതുണ്ടായില്ല''-ശ്യാമള പറഞ്ഞു.

പറവൂരിലെ ചടങ്ങിൽ പങ്കെടുക്കാനെത്തിയത് നിശ്ചയിച്ച റൂട്ട് മാറിയായിരുന്നു. ദേശീയപാത 17-ലൂടെ പറവൂരിൽ എത്താനാണ് ആദ്യം നിശ്ചയിച്ചിരുന്നത്. എത്തിയത് ആലുവ-പറവൂർ റോഡിലൂടെയാണ്. എറണാകുളം ബോൾഗാട്ടിയിൽ കൺവെൻഷൻ സെന്ററിന്റെ ഉദ്ഘാടനവും തുടർന്ന് ദേശീയപാത 66-ന്റെ വികസനവുമായി ബന്ധപ്പെട്ട് കേന്ദ്രമന്ത്രിയുടെ അധ്യക്ഷതയിൽചേർന്ന യോഗത്തിലും പങ്കെടുത്ത ശേഷമാണ് മുഖ്യമന്ത്രി പറവൂരിലേക്ക് യാത്രതിരിച്ചത്.കസ്റ്റഡിമരണവുമായി ബന്ധപ്പെട്ട് വരാപ്പുഴയിലും പരിസരപ്രദേശങ്ങളിലും നിലനിൽക്കുന്ന പ്രതിഷേധംകൂടി കണക്കിലെടുത്താണ് ആദ്യം നിശ്ചയിച്ച റൂട്ട് മാറ്റിയത്.

സിപിഎം നേതൃത്വത്തിന്റെ അറിവോടെയാണ് ശ്രീജിത്തിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തതെന്ന ആരോപണം ശക്തമാണ്. സിപിഎം ജില്ലാ സെക്രട്ടറി പി രാജീവിന്റെ ഇടപെടലുകളും സംശയത്തിന്റെ നിഴലിലാണ്. ഇതിനിടെ കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം ഹൈക്കോടതിയെ സമീപിക്കുകയും ചെയ്തു. സിബിഐ എത്തിയാൽ ആലുവ റൂറൽ എസ് പിയായിരുന്ന എവി ജോർജും പ്രതിസന്ധിയിലാകും. ഈ സാഹചര്യത്തിലാണ് കുടുംബവുമായി സർക്കാർ അകലം പാലിക്കുന്നതെന്നാണ് ആക്ഷേപം.