തിരുവനന്തപുരം: ധവള വിപ്ലവത്തിന്റെ ശില്പി ഡോ. വർഗ്ഗീസ്‌കുര്യന് മരണാന്തരബഹുമതിയായി ഭാരതരത്‌ന സമ്മാനിക്കണമെന്ന് മിൽമ കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു. ദേശീയ ക്ഷീര ദിനത്തോടനുബന്ധിച്ച് കോ-ബാങ്ക്ടവറിൽ സംഘടിപ്പിച്ച ചടങ്ങിൽ മിൽമ ചെയർമാൻ പി.ടിഗോപാല കുറുപ്പ് ഇതിനായുള്ള പ്രമേയം അവതരിപ്പിച്ചു.

ഡോ. വർഗ്ഗീസ് കുര്യൻ രാഷ്ര്ടത്തിന് നൽകിയ സേവനങ്ങളെ മുൻനിർത്തി ആദരിക്കണമെന്ന് കേന്ദ്ര സർക്കാറിനോട് മിൽമ ആവശ്യപ്പെടുന്നു. പാലുൽപ്പാദനത്തിൽ രാജ്യത്ത മുന്നിലെത്തിച്ചത് അദ്ദേഹത്തിന്റെ ദീർഘവീക്ഷണ നയങ്ങളാണ്. സഹകരണ പ്രസ്ഥാനത്തിലൂടെ ക്ഷീരകർഷകർക്ക് ശക്തമായ വിതരണ സംവിധാനം കെട്ടിപ്പടുത്ത വ്യക്തിയാണ് ഡോ. വർഗ്ഗീസ് കുര്യനെന്ന് പ്രമേയം അനുസ്മരിക്കുന്നു. കേരളിയനായ ഡോ. വർഗ്ഗീസ് കുര്യന്റെ സേവനങ്ങൾ രാജ്യത്തെ ക്ഷീരകർഷകർക്ക്‌വഴികാട്ടിയായത് പരിഗണിച്ച്‌സംസ്ഥാന സർക്കാർ ഈ ആവശ്യംകേന്ദ്ര സർക്കാറിന് സമർപ്പിക്കണമെന്ന് പ്രമേയം ആവശ്യപ്പെടുന്നു.

കേന്ദ്ര സർക്കാർ സഹായത്തോടെ മിൽമ നടപ്പാക്കുന്ന വിവിധ പദ്ധതികൾക്കും ഇന്നലെ ഔപചാരിക തുടക്കമായി. ദേശീയ ക്ഷീര ദിനത്തോടനു ബന്ധിച്ച് കോബാങ്ക്ടവറിൽസംഘടിപ്പിച്ച ചടങ്ങിൽ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി പദ്ധതിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു. ക്ഷീര കർഷകരെ സഹായിക്കാനുള്ള പദ്ധതികൾക്കായി 38.42 കോടിരൂപയാണ് അടുത്ത മൂന്നുവർഷം മിൽമ ചിലവഴിക്കുക.

മിൽമ തയ്യാറാക്കിയ രണ്ടുൽപ്പന്നങ്ങൾ ചടങ്ങിൽ മുഖ്യമന്ത്രി വിപണിയിലിറക്കി. കട്ടത്തൈരും, കപ്പിൽ ലഭിക്കുന്ന സംഭാരവുമാണ് മിൽമ ഉപഭോക്താക്കൾക്കായി ഒരുക്കിയത്.