കൊച്ചി: കോടികണക്കിന് രൂപയുടെ സ്വത്ത് സഹോദരങ്ങൾ തട്ടിയെടുത്തെന്ന പ്രമുഖ വ്യവസായിയുടെ പരാതിയിൽ അങ്കമാലി പൊലീസ് കേസെടുത്തു. അങ്കമാലി ആസ്ഥാനമായി പ്രവർത്തിക്കുന്ന മൂലൻസ് ഗ്രൂപ്പ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ വർഗീസ് സെബാസ്റ്റ്യൻ ആണ് പൊലീസിൽ പരാതി നൽകിയത്. മരിച്ചു പോയ പിതാവിന്റെ ഒത്താശയോടെ സഹോദരങ്ങൾ 80 കോടിയോളം രൂപയുടെ സ്വത്ത് കബളിപ്പിച്ചെടുത്തതായാണ് പരാതി.

1981 മുതൽ വിദേശത്ത് ജോലി ചെയ്തിരുന്ന പരാതിക്കാരൻ പിതാവിന്റെ പേരിൽ നാട്ടിലേക്ക് അയച്ചു നൽകിയ പണം ഉപയോഗിച്ച് വാങ്ങിയ സ്വത്തുക്കളും, ബിസിനസിൽ ഒപ്പം ചേർന്ന സഹോദരങ്ങൾ കബളിപ്പിച്ചും കോടികൾ തട്ടിയെടുത്തെന്നാണ് ആരോപണം. 1985 ൽ സൗദിയിലെ അൽകോബാറിൽ സൂപ്പർമാർക്കറ്റ് സ്ഥാപിച്ചാണ് ഗ്രൂപ്പ് ബിസിനസ് രംഗത്തേക്ക് കടന്നത്. സഹോദരങ്ങളായ ജോസ്, സാജു, ജോയ് എന്നിവരെ പലകാലയളവിലായി ബിസിനസിൽ ഒപ്പം ചേർത്തു.

1987 ൽ ഗ്രൂപ്പ് കയറ്റുമതിയും തുടങ്ങി. നാട്ടിൽ ഇതിന്റെ ചുമതലയും സഹോദരങ്ങളെ ഏൽപ്പിച്ചു. ഇതിനിടെ, മായം കലർന്ന ഭക്ഷ്യ വസ്തുക്കൾ കയറ്റി അയച്ചത് മൂലം സൗദിയിൽ കേസും ഉണ്ടായി. സഹോദരങ്ങൾക്ക് ബിസിനസ് നടത്തണമെന്നുള്ള പിതാവിന്റെ ആവശ്യം പരിഗണിച്ചാണ് ഭാഗം വെക്കാനായി പിതാവ് ദേവസ്സിയുടെ പേരിൽ മുക്ത്യാർ എഴുതി നൽകിയത്. എന്നാൽ പിതാവിനെ ഭീഷണിപ്പെടുത്തി മുക്ത്യാർ ഉപയോഗിച്ച് സ്വത്തുക്കൾ സഹോദരങ്ങൾ എഴുതി വാങ്ങിയെന്നാണ് പരാതിക്കാരൻ ചൂണ്ടിക്കാട്ടിയിട്ടുള്ളത്.

പിതാവിന് ഒപ്പിട്ടു നൽകിയ ബ്ലാങ്ക് പേപ്പറുകളും തട്ടിപ്പിന് ഉപയോഗപ്പെടുത്തി. ,മൂലൻസ് എക്സിം ഇന്റർ നാഷണൽ പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിന്റെ ഡയറക്ടർ ബോർഡിൽ നിന്നും സഹോദരങ്ങൾ ഒഴിവാക്കിയതായും പരാതിയിൽ പറയുന്നു. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 420, 468, 471, 34 വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്തു പൊലീസ് പ്രഥമവിവര റിപ്പോർട്ട് അങ്കമാലി ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി.