തിരുവനന്തപുരം: വർക്കലയിൽ വീടിനു തീപിടിച്ച് ഒരു കുടുംബത്തിലെ അഞ്ചുപേർ മരിച്ച സംഭവത്തിൽ വിശദമായ അന്വേഷണം വേണ്ടി വരുമെന്ന് അഗ്‌നിരക്ഷാ സേന. ദുരന്തതീവ്രത കൂട്ടിയത് പുകയെന്നാണ് വിവരം. പുക ശ്വസിച്ചാണ് അഞ്ചുപേരും മരിച്ചതെന്ന വിവരമാണ് പുറത്തുവരുന്നത്. മൃതദേഹങ്ങളിൽ ആർക്കും കാര്യമായ പൊള്ളലേറ്റിട്ടില്ല എന്നാണ് പൊലീസ് പറയുന്നത്.

എസി ഉപയോഗിച്ചതിനാൽ മുറികൾ പൂട്ടിയിരുന്നു. പുക കയറി ബോധം പോയതിനാൽ പ്രതികരിക്കാൻ കഴിയാത്ത സാഹചര്യത്തിലേക്ക് വീട്ടുകാരെത്തിയെന്നാണ് നിഗമനം. തീപിടിത്തമുണ്ടായത് മുറിയിലെ എസിയിലുണ്ടായ ഷോർട്ട് സർക്യൂട്ട് മൂലമെന്നാണ് സൂചന. മൂന്നു കിടപ്പുമുറികളിലെയും എസി കത്തിയ നിലയിലാണ്. മുറികളിൽനിന്ന് തീ താഴെയുണ്ടായിരുന്ന ബൈക്കുകളിലേക്ക് പടർന്നെന്നാണ് പ്രാഥമിക നിഗമനം. വീടിന്റെ ഉൾഭാഗം പൂർണമായി കത്തിയ നിലയിലാണ്.

ഇന്നു പുലർച്ചെ ഒന്നരയോടെയാണ് സംഭവം. വർക്കല ദളവാപുരത്ത് രാഹുൽ നിവാസിൽ പ്രതാപന്റെ വീടിനാണ് തീപിടിച്ചത്. പ്രതാപൻ (62), ഭാര്യ ഷേർളി (53), മരുമകൾ അഭിരാമി (25), ഇളയമകൻ അഹിൽ (29), അഭിരാമിയുടെ എട്ട് മാസം പ്രായമുള്ള കുട്ടി റയാൻ എന്നിവരാണ് മരിച്ചത്. ഗുരുതരമായി പൊള്ളലേറ്റ രണ്ടാമത്തെ മകൻ നിഹുലിനെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

വീടിന് തീപിടിച്ച സംഭവത്തിൽ രക്ഷാപ്രവർത്തനത്തിന് തിരിച്ചടിയായത് റിമോട്ട് കൺട്രോൾ ഗേറ്റും വളർത്തുനായയും. തീ ഉയരുന്നത് കണ്ട അയൽവാസി കൂടുതൽ ആളുകളെ വിളിച്ചുകൂട്ടിയെങ്കിലും വീടിന് റിമോട്ട് കൺട്രോൾ ഗേറ്റ് ആയതിനാൽ ഇതു പെട്ടെന്ന് തുറക്കാൻ സാധിച്ചില്ല. മുറ്റത്ത് വളർത്തുനായ നിലയുറപ്പിച്ചതിനാൽ മതിൽ ചാടിക്കടന്ന് തീ അണയ്ക്കാനുള്ള നാട്ടുകാരുടെ ശ്രമങ്ങൾ നടന്നില്ലെന്നും വർക്കല എംഎൽഎ വി ജോയ് പ്രതികരിച്ചു.

ആളിപ്പടർന്ന തീ അണയ്ക്കാൻ മതിലിന് പുറത്തുനിന്ന് വെള്ളം ഒഴിക്കാൻ സാധിക്കുന്ന ഇടങ്ങളിലെല്ലാം അയൽവാസികൾ വെള്ളം എടുത്തൊഴിച്ചിരുന്നു. നാട്ടുകാർ വിവരം അറിയിച്ചതിന്റെ അടിസ്ഥാനത്തിൽ പൊലീസും ഫയർഫോഴ്സും സ്ഥലത്തെത്തിയ ശേഷമാണ് ഗേറ്റ് തകർത്ത് അകത്തുകടന്ന് തീ അണയ്ക്കാൻ സാധിച്ചതെന്നും വി ജോയ് പറഞ്ഞു.

അതേസമയം വീടിന് മുന്നിൽ പാർക്ക് ചെയ്ത വാഹനങ്ങളിൽ നിന്നാണോ തീപടർന്നതെന്നും സംശയമുണ്ട്. പോർച്ചിൽ നിർത്തിയിട്ട നാല് ഇരുചക്ര വാഹനങ്ങൾക്കാണ് ആദ്യം തീപിടിച്ചതായി കണ്ടതെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. അഗ്നിരക്ഷാസേന സ്ഥലത്ത് എത്തുമ്പോഴേയ്ക്കും വീട്ടിൽ തീ ആളിക്കത്തി. വീടിന്റെ മുഴുവൻ മുറികളിലേയ്ക്കും തീ പടർന്നിരുന്നു. ഏറെ പണിപ്പെട്ടാണ് വെളുപ്പിന് ആറു മണിയോടെ ഒരുവിധം തീയണയ്ക്കാൻ കഴിഞ്ഞത്.

അയൽവാസിയായ ശശാങ്കൻ എന്നയാളാണ് വീടിന് തീപിടിച്ചത് ആദ്യം കണ്ടത്. ശശാങ്കർ ബഹളംവച്ചാണ് സമീപത്തെ മറ്റ് വീട്ടുകാർ ഉണർന്നത്. തീ കണ്ട ഉടനെ ശശാങ്കന്റെ മകൻ പ്രതാപന്റെ മകൻ നിഖിലിനെ ഫോൺ ചെയ്തു. നിഖിൽ ഫോൺ എടുക്കുകയും വീടിന് തീപിടിച്ചുവെന്ന് പറഞ്ഞ താഴേയ്ക്ക് ഇറങ്ങിവരികയും ചെയ്തിരുന്നുവെന്നും കുഞ്ഞിനെ എടുക്കട്ടെയെന്ന് പറഞ്ഞ് വീണ്ടും വീടിന്റെ അകത്തേയ്ക്ക് പോവുകയും ചെയ്തുവെന്ന് ശശാങ്കൻ പറഞ്ഞു.

ഫയർഫോഴ്‌സും പൊലീസും എത്തി പരിശോധന നടത്തിയപ്പോൾ വീടിന്റെ മുകൾനിലയിലെ ശുചിമുറിയിൽ കിടക്കുന്ന രീതിയിലായിരുന്നു നിഹുലിന്റെ ഭാര്യ അഭിരാമിയും കുട്ടിയും. വർക്കല പുത്തൻചന്തയിലെ പച്ചക്കറി മൊത്തവ്യാപാരിയായ പ്രതാപനു മൂന്ന് ആൺമക്കളാണ്. മൂത്തമകൻ അഖിൽ വിദേശത്താണ്. മൂത്ത മകനും കുടുംബവും എത്തിയശേഷമാകും സംസ്‌കാര ചടങ്ങുകൾ. മരിച്ച അഹിലും ഗുരുതരമായി പൊള്ളലേറ്റ നിഹുലും പ്രതാപന്റെ പച്ചക്കറി മൊത്ത വ്യാപാരത്തിൽ പങ്കാളികളായിരുന്നു.