തിരുവനന്തപുരം: വർക്കലയിൽ വീടിന് തീപിടിച്ച് ഒരു കുടുംബത്തിലെ അഞ്ചുപേർ വെന്തുമരിച്ച സംഭവത്തിന്റെ നടുക്കത്തിലാണ് പ്രദേശം മുഴുവൻ. വർക്കല ദളവാപുരത്ത് രാഹുൽ നിവാസിൽ പ്രതാപന്റെ വീടിനാണ് തീപിടിച്ചത്. പ്രതാപൻ (62), ഭാര്യ ഷേർളി (53), മരുകൾ അഭിരാമി (25), ഇളയമകൻ അഖിൽ (29), അഭിരാമിയുടെ എട്ട് മാസം പ്രായമുള്ള കുട്ടി റയാൻ എന്നിവരാണ് മരിച്ചത്. ഗുരുതരമായി പൊള്ളലേറ്റ മൂത്തമകൻ നിഖിലിനെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കയാണ്.

ഇന്ന് പുലർച്ചെ രണ്ട് മണിയോടെയാണ് തീപിടുത്തം ഉണ്ടായത്. സംഭവം അയൽവാസികൾ പറഞ്ഞാണ് വീട്ടിലുള്ളവരും അറിഞ്ഞതെന്നാണ് പുറത്തുവരുന്ന വിവരം. പുലർച്ചെ വീട്ടിൽ നിന്ന് തീയും പുകയും ഉയരുന്നത് കണ്ട അയൽവാസികളാണ് വിവരം അഗ്‌നിരക്ഷാസേനയെ അറിയിച്ചത്. അഗ്‌നിരക്ഷാസേന എത്തുമ്പോഴേയ്ക്കും വീട്ടിൽ തീ ആളിക്കത്തുകയായിരുന്നു. വീടിന്റെ മുഴുവൻ മുറികളിലേയ്ക്കും തീ പടർന്നിരുന്നു. ഏറെ പണിപ്പെട്ടാണ് വെളുപ്പിന് ആറു മണിയോടെ ഒരുവിധം തീയണയ്ക്കാൻ കഴിഞ്ഞത്.

അയൽവാസിയായ ശശാങ്കൻ എന്നയാളാണ് വീടിന് തീപിടിച്ചത് ആദ്യം കണ്ടത്. ശശാങ്കർ ബഹളംവച്ചാണ് സമീപത്തെ മറ്റ് വീട്ടുകാർ ഉണർന്നത്. തീ കണ്ട ഉടനെ ശശാങ്കന്റെ മകൻ പ്രതാപന്റെ മകൻ നിഹുലിനെ ഫോൺ ചെയ്തു. നിഖിൽ ഫോൺ എടുക്കുകയും വീടിന് തീപിടിച്ചുവെന്ന് പറഞ്ഞ താഴേയ്ക്ക് ഇറങ്ങിവരികയും ചെയ്തിരുന്നുവെന്നും കുഞ്ഞിനെ എടുക്കട്ടെയെന്ന് പറഞ്ഞ് വീണ്ടും വീടിന്റെ അകത്തേയ്ക്ക് പോവുകയും ചെയ്തുവെന്ന് ശശാങ്കൻ പറഞ്ഞു. അപ്പോഴേക്കും തീ ആളിപ്പടർന്നിരുന്നു.

ഗുരുതരമായി പൊള്ളലേറ്റ നിഹുലിനെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കയാണ്. വീടിനു മുന്നിൽ പാർക്ക് ചെയ്തിരുന്ന ബൈക്കുകൾക്കാണ് ആദ്യം തീപിടിച്ചതെന്നാണ് വിവരം. അവിടെ നിന്ന് ഇരുനില വീട്ടിലേക്ക് തീപടരുകയായിരുന്നു എന്നാണ് ലഭിക്കുന്ന സൂചനകൾ. ഉന്നത പൊലീസ് ഉദ്യോഗസ്ഥരും സ്ഥലത്ത് എത്തിയിട്ടുണ്ട്.

വീടിന്റെ ഉൾഭാഗം പൂർണമായി കത്തിയ നിലയിലാണെന്ന് റൂറൽ എസ്‌പി ദിവ്യ ഗോപിനാഥ് പറഞ്ഞു. തീപിടിത്തതിന്റെ കാരണം അറിയാൻ വിശദമായ അന്വേഷണം വേണമെന്നും മുറികളിലെ എസികൾ ഉൾപ്പെടെ കത്തി നശിച്ചിട്ടുണ്ടെന്നും എസ്‌പി പറഞ്ഞു. സ്ഥലത്ത് പൊലീസ് പരിശോധന തുടരുന്നു. അപകടകാരണം എന്താണെന്ന് വ്യക്തമായിട്ടില്ലെന്ന് അഗ്‌നിരക്ഷാസേനയും പൊലീസും പറഞ്ഞു. സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.