വർക്കല: ചതിക്കപ്പെട്ട യുവതിയുടെ ഇടപെടലിൽ ആദ്യ രാത്രിക്ക് മുമ്പേ നവവരൻ അഴിക്കുള്ളിലായി. പീഡന കേസ് പ്രതിയെ വിവാഹദിവസം രാത്രിയിൽ ഭാര്യാഗൃഹത്തിൽ നിന്ന് പിടികൂടുകയായിരുന്നു. പാരിപ്പള്ളി നെട്ടയംചേരിയിൽ വേളമാനുർ ഇർഷാദ് മൻസിലിൽ ഇൻഷാദ് (29) ആണ് വിവാഹ ദിവസം പീഡനക്കേസിൽ അഴിക്കുള്ളിലായത്.

ഫേസ്‌ബുക്കിലൂടെ പരിചയപ്പെട്ട യുവതിയെ വിവാഹവാഗ്ദാനം നൽകി കഴക്കൂട്ടത്ത് ഹോട്ടലിലും വർക്കലയിലെ റിസോർട്ടിലും കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. തുടർന്ന് പ്രതി മറ്റൊരു പെൺകുട്ടിയെ വിവാഹം കഴിക്കുകയായിരുന്നു. വിവാഹവാർത്ത ഫെയ്‌സ് ബുക്കിലൂടെ അറിഞ്ഞ യുവതി പൊലീസിൽ പരാതി നൽകുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ വിവാഹദിവസം ഭാര്യാഗൃഹത്തിൽനിന്ന് രാത്രി ഒമ്പതോടെ പ്രതിയെ കസ്റ്റഡിയിലെടുത്തു.

കഴക്കൂട്ടത്തെ ഹോട്ടലിൽ ഫെബ്രുവരിയിലും വർക്കല പാപനാശത്തെ റിസോർട്ടിൽ ജൂലൈയിലുമായിരുന്നു പീഡനം. ഇതിന് ശേഷം പ്രതി വിവാഹ വാഗ്ദാനത്തിൽ നിന്നും പിന്മാറി. കടയ്ക്കൽ സ്വദേശിനിയെയാണ് വിവാഹം ചെയ്തത്. മുസ്ലിം ആചാര പ്രകാരം വിവാഹ ദിവസം വധുവിന്റെ വീട്ടിലാണ് താമസം. ഈ വീട്ടിലേക്ക് തീർത്തും അപ്രതീക്ഷിതമായി പൊലീസെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. രാത്രി ഒൻപത് മണിയോടെയാണ് പൊലീസെത്തിയത്.

ഗൾഫിലായിരുന്നു ഇൻഷാദിന് ജോലി. ഈ വർഷം ആദ്യമാണ് നാട്ടിൽ തിരിച്ചെത്തിയത്. ഇടവ സ്വദേശിനിയുമായുള്ള ബന്ധം അതിന് ശേഷമാണ് ഫെയ്‌സ് ബുക്കിലൂടെ തുടങ്ങിയത്. കഴകൂട്ടത്തെ അൽസാജിലും പാപനാശത്തെ റിസോർട്ടിലും തന്നെ കൊണ്ടു പോയി ബലാത്സംഗം ചെയ്തുവെന്നാണ് പെൺകുട്ടിയുടെ മൊഴി. വിവാഹം ഫെയ്‌സ് ബുക്കിലൂടെ അറിഞ്ഞ ഉടൻ യുവതി പരാതിയുമായെത്തുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു.

തനിക്ക് ബിസിനസ്സാണെന്ന് പറഞ്ഞാണ് ഇൻഷാദ് പെൺകുട്ടിയെ വലയിലാക്കിയതും പറ്റിച്ചതും. വഞ്ചിച്ചതറിഞ്ഞ പെൺകുട്ടി കടുത്ത നിരാശയിലായിരുന്നു. ഇതിനിടെയാണ് ഇൻഷാദിന്റെ വിവാഹ ഫോട്ടോകൾ ഫെയ്‌സ് ബുക്കിലെത്തിയത്. ഇൻഷാദിന്റെ സുഹൃത്തുക്കളും കല്ല്യാണ ഫോട്ടോ എഫ് ബിയിൽ ഇട്ടിരുന്നു. ഇൻഷാദും തന്റെ വിവാഹം കഴിഞ്ഞ വിവരം മുഖ പുസ്തകത്തിൽ ഇട്ടു. ഇത് കണ്ടപ്പോൾ വീട്ടുകാരുടെ കൂടെ നിർദ്ദേശാനുസരണമാണ് പെൺകുട്ടി പരാതി നൽകിയതെന്നാണ് സൂചന.വ

വർക്കല സിഐ പി വി രമേഷ്‌കുമാർ, അയിരൂർ എസ്‌ഐ കെ ഷിജി, ഗ്രേഡ് എസ്‌ഐ കെ ഉണ്ണി, സിപിഒമാരായ ബിജു, ഹരി, സിബി, ഹരീഷ് എന്നിവർ ഉൾപ്പെട്ട പൊലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.