- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കൊടുങ്ങല്ലൂരിൽ വേദനയില്ലാ ആത്മഹത്യയ്ക്ക് പിന്നീൽ വിഷവാതകം; വർക്കലയിലെ അഞ്ചു പേരുടെ ജീവനെടുത്തതും കാർബൺ മോണോക്സൈഡോ? ഉഴവത്തു കടവിലെ 'വില്ലൻ' ചെറുന്നിയൂരിൽ എത്തിയതിലും ദുരൂഹത; രക്ഷപ്പെട്ട നിഹിലിന്റെ മൊഴി നിർണ്ണായകമാകും; പോസ്റ്റുമോർട്ടവും ഫോറൻസിക് കണ്ടെത്തലും സത്യം തെളിയിക്കും
വർക്കല: എട്ട് മാസം പ്രായമുള്ള ആൺകുഞ്ഞ് ഉൾപ്പെടെ അഞ്ചുപേർ വെന്തുമരിച്ച സംഭവത്തിൽ തീ പടർന്നത് വീടിന്റെ അകത്ത് നിന്നാണെന്ന് സംശയം ദുരൂഹമാകുന്നു. അകത്തു നിന്ന് കാർ പോർച്ചിലെ ബൈക്കുകളിലേക്ക് തീ പടർന്നത് ആകാനാണ് സാധ്യത. വീടിന്റെ ഉൾവശം മുഴുവൻ കത്തിക്കരിഞ്ഞനിലയിൽ ആണ്. പൊള്ളലിന് അപ്പുറം വിഷവാതകം ശ്വസിച്ചതാണ് മരണ കാരണമെന്നാണ് സംശയം. കാർബൺ മോണോക്സൈഡാണ് വില്ലനായതെന്നാണ് സൂചന. വീട്ടിലെ എസിയിൽ തീപടർന്നിരുന്നു. എസിയിൽ നിന്നും കാർബൺ മോണോക്സൈഡ് പുറത്തു വരാനുള്ള സാധ്യത ഏറെയാണ്.
വീട്ടിൽ എസിയുള്ളതിനാൽ മിക്ക മുറികളും വായു സഞ്ചാരം ഇല്ലാത്തതായിരുന്നു. അതുകൊണ്ട് തന്നെ വിഷ പുകയ്ക്ക് മുറിയിൽ തങ്ങി നിൽക്കാൻ കഴിയുമായിരുന്നു. ഇതാകും വില്ലനായത്. രണ്ടാഴ്ച മുമ്പ് കൊടുങ്ങല്ലൂരിൽ കാർബൺ മോണോക്സൈഡ് പുകയുണ്ടാക്കി ഒരു കുടുംബത്തിലെ നാലു പേർ ആത്മഹത്യ ചെയ്തിരുന്നു. ഇത് വലിയ ചർച്ചയാവുകയും ചെയ്തു. ഇതിന് പിന്നാലെയാണ് വിഷപുക അഞ്ചു പേരുടെ ജീവൻ വർക്കലയിൽ എടുക്കുന്നത്. അതുകൊണ്ട് തന്നെ വർക്കലയിലെ സംഭവത്തിൽ അട്ടിമറിയുണ്ടോ എന്നും പൊലീസിന് സംശയമുണ്ട്.
തീപടർന്ന് പുകയാൽ നിറഞ്ഞ വീടിന്റെ അടുക്കള ഭാഗത്തെ വാതിൽ തകർത്താണ് ഫയർഫോഴ്സ് ഉദ്യോഗസ്ഥർ അകത്ത് കയറിയത്. വീടിനകത്ത് നിറയെ പുകയായിരുന്നു. തീപടർന്നിരുന്ന വീടിനുള്ളിൽ നിന്ന് പുറത്തേക്ക് ഇറങ്ങിയ നിഹുലിന്റെ വായയിൽ നിറയെ കറുത്ത പുകയായിരുന്നു. മുകൾ നിലയിലെ രണ്ട് മുറികൾ പൂർണമായും കത്തി നശിച്ച നിലയിൽ ആണ്. വീട് മുഴുവൻ ഇന്റീരിയൽ ഡിസൈൻ ചെയ്തത് എല്ലാം കത്തിക്കരിഞ്ഞു. എസിയും കത്തി.
അഭിരാമിയുടെയും കുഞ്ഞിന്റെയും മൃതദേഹം കിടന്നത് മുകൾനിലയിലെ മുറിയിലെ ബാത്റൂമിൽ ആയിരുന്നു. ഇളയമകൻ അഹിലിന്റെ മൃതദേഹം മുകളിലത്തെ നിലയിലെ മറ്റൊരു മുറിയിൽ ആണ്. പ്രതാപന്റേയും ഷേർലിയുടെയും മൃതദേഹം കിടന്നത് താഴത്തെ മുറിയിൽ ആണെന്നും ഫയർഫോഴ്സ് ഉദ്യോഗസ്ഥർ പറയുന്നു. വർക്കല ചെറുന്നിയൂർ ബ്ലോക്ക് ഓഫിസിന് സമീപം ആണ് വീടിന് തീപിടിച്ച് വീട്ടുടമസ്ഥൻ ബേബി എന്ന പ്രതാപൻ(62), ഭാര്യ ഷെർലി(53), ഇവരുടെ മകൻ അഹിൽ(25), മറ്റൊരു മകന്റെ ഭാര്യ അഭിരാമി(24), നിഹുലിന്റേയും അഭിരാമിയുടെയും എട്ട് മാസം പ്രായമുള്ള ആൺ കുഞ്ഞ് എന്നിവർ മരിച്ചത്.
പുലർച്ചെ 1.40 ഓടെയാണ് പ്രതാപന്റെ വീടിന്റെ കാർ പോർച്ചിൽ തീ പടരുന്നത് അയൽവാസികൾ കണ്ടത്. നിലവിളിച്ച് വീട്ടുകാരെ ഉണർത്താൻ ശ്രമിച്ചെങ്കിലും നടന്നില്ല. ഇതിനിടെ തൊട്ടടുത്ത വീട്ടിലെ കുട്ടി നിഹുലിനെ ഫോണിൽ വിളിച്ചു. ഫോൺ എടുത്ത് സംസാരിച്ച നിഹുൽ പക്ഷേ ആ സമയത്ത് പുറത്തേക്കിറങ്ങിയിരുന്നില്ല. ഇതിനിടെ നാട്ടുകാരെത്തി ഫയർഫോഴ്സിനെ അറിയിച്ച് രക്ഷാ പ്രവർത്തനം തുടങ്ങുന്നതിനിടെ നിഹുൽ പുറത്തേക്ക് വരികയായിരുന്നു. നിഹുലിനെ നഗരത്തിലെ ഒരു സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വർക്കല പുത്തൻ ചന്തയിലെ പച്ചക്കറി മൊത്ത വ്യാപാരിയാണ് പ്രതാപൻ. പ്രതാപന് മൂന്ന് ആൺ മക്കളാണ് ഉള്ളത്. ഇതിൽ മൂത്ത മകൻ അഖിൽ വിദേശത്താണ്. മരിച്ച അഹിലും ഗുരുതരമായി പരിക്കേറ്റ നിഹുലും പ്രതാപന്റെ പച്ചക്കറി മൊത്ത വ്യാപാരത്തിൽ പങ്കാളികളായിരുന്നു. നിഹിലിൽ നിന്ന് മൊഴി എടുത്താൽ മാത്രമേ എന്താണ് സംഭവിച്ചത് എന്നതിൽ വ്യക്തത വരികയുള്ളൂ. പ്രതാപനെ കുറിച്ചും വീട്ടുകാരെ കുറിച്ചും നാട്ടുകാർക്ക് നല്ലതേ പറയാനുള്ളു. എല്ലാവരേയും സഹായിക്കുന്ന ആളായിരുന്നു പ്രതാപനെന്ന് നാട്ടുകാർ പറയുന്നു. സാമ്പത്തികമായി മികച്ച നിലയിലുള്ള കുടുംബമായിരുന്നു പ്രതാപന്റേതെന്നും അയൽക്കാർ പറയുന്നു.
കാർബൺ മോണോക്സൈഡ് നിശബ്ദ കൊലയാളി
മുമ്പൊരിക്കൽ കേരളത്തിൽ നിന്നുള്ള എട്ട് വിനോദ സഞ്ചാരികൾക്കാണ് നേപ്പാളിലെ റിസോർട്ടിൽ ഉറക്കത്തിനിടയിൽ ജീവൻ നഷ്ടമായത് കാർബൺ മോണോക്സൈഡ് ശ്വസിച്ചായിരുന്നു. കടുത്ത തണുപ്പിനെ അതിജീവിക്കാൻ മുറിയിൽ പ്രവർത്തിപ്പിച്ചിരുന്ന ഹീറ്ററിൽ നിന്നുണ്ടായ വാതക ചോർച്ചയാണ് മരണത്തിനു കാരണമായത്. മലയാളികളായ എട്ടുപേർക്ക് അന്യനാട്ടിൽ ജീവൻ നഷ്ടപ്പെടുത്തിയ ആ വാതകം അന്ന് മാധ്യമങ്ങളിൽ നിറഞ്ഞു. അതിന് മുമ്പ് തിരുവനന്തപുരത്ത് വഞ്ചിയൂരിലും സമാനമായ മരണം സംഭവിച്ചു. കൂട്ടുകാരായ വിദ്യാർത്ഥികളായിരുന്നു മരിച്ചത്. കാറിൽ നിന്ന് പുറത്തു വന്ന വായു ശ്വസിച്ചായിരുന്നു മരണം. എന്നാൽ കൊടുങ്ങല്ലൂരിലെ കുടുംബത്തിലെ നാലു പേരുടെ മരണം മനപ്പൂർവ്വമായി കാർബൺ മോണോക്സൈഡ് ശ്വസിച്ചാണ്.
രണ്ടാഴ്ച മുമ്പ് കൊടുങ്ങല്ലൂർ ഉഴവത്ത് കടവിൽ അച്ഛനും അമ്മയും രണ്ട് മക്കളും വീട്ടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തുമ്പോൾ ആ കൊലയാളി വാതകം വീണ്ടും ചർച്ചയായി.. സോഫ്റ്റ് വെയർ എഞ്ചിനീയർ ആഷിക്(41) ഭാര്യ അബീറ, മക്കളായ അസ്റ(14) അനൈനുനിസ്സ(7) എന്നിവരാണ് മരിച്ചത്. വീട്ടിനുള്ളിൽ വിഷവാതകം നിറച്ച് കുടുംബം ആത്മഹത്യ ചെയ്തതാണെന്നാണ് വിവരം. വീടിനകത്ത് കാർബൺ മോണോക്സൈഡിന്റെ സാന്നിധ്യം കണ്ടെത്തി. ജനലുകൾ ടേപ്പ് വച്ച് ഒട്ടിച്ചിരുന്നു. വർക്കലയിലും തീ പിടിത്തത്തിനിടെ ഈ വിഷവാതകമുണ്ടായെന്നാണ് വിലയിരുത്തൽ. ഒരു സൂചന പോലും നൽകാതെ, ഇരകളെ അവർ പോലും അറിയാതെ മരണത്തിലേക്ക് തള്ളിവിടുന്ന ഈ കൊടുംഭീകരനാണ് കാർബൺ മോണോക്സൈഡ്.
കാർബണും, ഓക്സിജനും ചേർന്നതും മണവും, നിറവും, ഇല്ലാത്തതും ആയ ഒരു വാതകമാണ് കാർബൺ മോണോക്സൈഡ്. കുറഞ്ഞ അളവിൽ പോലും വളരെ മാരകമായ ഒരു വാതകമായതിനാൽ ഇതിനെ പലപ്പോളും 'നിശബ്ദ കൊലയാളി' എന്ന് വിളിക്കാറുണ്ട്. കാർബൺ മോണോക്സൈഡ് രക്തത്തിൽ കലർന്ന് കാർബോക്സി ഹിമോഗ്ലോബിൻ ഉണ്ടാകുന്നു. ശ്വസന വായുവിന്റെ കൂടെക്കലരുന്ന കാർബൺ മോണോക്സൈഡ് രക്തത്തിൽ കലരുകയും, ഓക്സിജന്റെ അഭാവം രക്തത്തിൽ വരികയും ചെയ്യുമ്പോൾ ആണ് മരണകാരണം ആകുന്നത്. എത്ര മാത്രം ഇത് ശ്വാസ വായുവിൽ അടങ്ങി ഇരിക്കുന്നു എന്നത് അനുസരിച്ചാണ് ഇതിന്റെ വിഷം തീരുമാനിക്കപ്പെടുന്നത്.
കാറിന്റെ എ സി ഓൺ ആക്കി ഇട്ടു ഉള്ളിൽ ഇരിക്കുകയോ ഉറങ്ങുകയോ ചെയ്യുന്നത്. കാറിന്റെ എൻജിൻ പ്രവർത്തിച്ചു കൊണ്ടിരിക്കുമ്പോ ഈ വാതകം അൽപ്പാൽപ്പം ആയി ഉണ്ടാവുന്നുണ്ട്. പക്ഷെ ഓടിക്കൊണ്ടിരിക്കുമ്പോ ഇത് പുറത്തേക്കു പോവും. പക്ഷെ നിർത്തിയിട്ടിരിക്കുമ്പോ ഈ വാതകം നമ്മൾ അറിയാതെ ഉള്ളിൽ വന്നു നിറയാൻ സാധ്യത ഉണ്ട്. തിരുവനന്തപുരത്ത് വഞ്ചിയൂരിലെ കാറിനുള്ള കൂട്ടുകാരായ വിദ്യാർത്ഥികളെ മരിച്ച നിലയിൽ കണ്ടെത്തിയത് ഇത്തരത്തിലുണ്ടായ ദുരന്ത ഫലമാണ്. നേപ്പാളിലെ മലയാളികളുടെ മരണത്തിലും ഈ വാതകമായിരുന്നു.
അതിശൈത്യമായ തണുപ്പായിരുന്നതിനാൽ റിസോർട്ട് മുറിയിൽ ഇവർ ഗ്യാസ് ഹീറ്റർ പ്രവർത്തിപ്പിച്ചിരുന്നു. ഈ ഹീറ്ററിന് ഉണ്ടായ ചില തകരാറാണ് കാർബൺ മോണോക്സൈഡ് ചോരാൻ കാരണമായത്. തണുപ്പായതിനാൽ തന്നെ മുറിയിലെ ജനലുകളും വാതിലുകളും അടച്ചു പൂട്ടിയിരുന്നു. പുറത്തുനിന്നുള്ള വായു മുറിയിലേക്ക് കയറാത്തതും ശ്വാസം മുട്ടലിന് ഒരു കാരണമായി. ഇതേ രീതിയിലാണ് കൊടുങ്ങല്ലൂരിലെ ആത്മഹത്യയും. ജനലുകലിലൂടെ വായു പുറത്തേക്ക് പോകുന്നില്ലെന്ന് ഉറപ്പിച്ച് വീട്ടിൽ വിഷവാതകം നിറച്ചു.
ഓക്സിജൻ നമ്മുടെ ശരീരത്തിലെ വിവിധ ഭാഗങ്ങളിലേക്ക് എത്തുന്നത് രക്തത്തിലെ ഹീമോഗ്ലോബിനെ കൂട്ടു പിടിച്ചാണ്. എന്നാൽ, ഓക്സിജന്റെ ഒപ്പം കാർബൺ മോണോക്സൈഡ് ശരീരത്തിൽ എത്തിയാൽ കാർബൺ മോണോക്സൈഡിനാണ് ഹീമോഗ്ലോബിൻ കൂടുതൽ പരിഗണന കൊടുക്കുക. ഇങ്ങനെ കാർബൺ മോണോക്സൈഡ് ശരീരത്തിൽ എത്തുന്നതോടെ ഓക്സിജൻ ലഭിക്കാതെ ശരീരത്തിലെ കോശങ്ങൾ നശിക്കും. കൂടിയ തോതിൽ ശരീരത്തിലേക്ക് കാർബൺ മോണോക്സൈഡ് എത്തിയാൽ ബോധക്ഷയം ഉണ്ടാകും. മനുഷ്യനെ മരണത്തിലേക്ക് തള്ളിയിടാൻ കാർബൺ മോണോക്സൈഡിന് മിനിറ്റുകൾ മാത്രം മതി. എസിക്ക് തകരാറുണ്ടായാലും കാർബൺ മോണോക്സൈഡ് ഉണ്ടാകും. ഇത് വർക്കലയിലും സംഭവിച്ചുവെന്നാണ് വിലയിരുത്തൽ.
മറുനാടന് മലയാളി ബ്യൂറോ