ചണ്ഡീഗഢ്: കഴിഞ്ഞ ദിവസം ഹരിയാനയിൽ ബിജെപി നേതാവിന്റെ മകന്റെ ആക്രമണത്തിൽ നിന്ന് രക്ഷപ്പെട്ട വർണിക കുണ്ടു എന്ന പെൺകുട്ടി തന്നെ കുറ്റപ്പെടുത്തിയ ബിജെപി നേതാവിന് ചുട്ട മറുപടിയുമായി പരസ്യമായി രംഗത്ത് വന്നിരിക്കുകയാണ്. ഞാൻ എന്തു ചെയ്യുന്നു, എവിടെ പോകുന്നു എന്നതൊക്കെ ഞാനും എന്റെ കുടുംബവുമായി ബന്ധപ്പെട്ട കാര്യമാണ്, അതിൽ നിങ്ങളാരും ഇടപെടേണ്ടെന്നും ബിജെപി നേതാവിന്റെ പ്രകോപന പരമായ ചോദ്യത്തിന് മറുപടിയായി വർണിക കുണ്ടു പറഞ്ഞു.

പെൺകുട്ടിയെ ആക്രമിക്കാൻ ശ്രമിച്ച വാർത്ത പുറത്ത് വന്നപ്പോൾ എന്തുകൊണ്ടാണ് ആ പെൺകുട്ടിയെ അർദ്ധ രാത്രി ഒറ്റക്ക് ചുറ്റിത്തിരിയാൻ അനുവദിച്ചത് എന്നാണ് ഹരിയാണ ബിജെപി വൈസ് പ്രസിഡന്റ് രാംവീർ ഭാട്ടിയ ചോദിച്ചത്. എന്നാൽ ഈ ചോദ്യം പോയി സ്വന്തം നേതാവിന്റെ മകനോട് ചോദിക്കാനാണ് പെൺകുട്ടി പറയുന്നത്. ബിജെപി നേതാവിന്റെ മകൻ അടങ്ങുന്ന സംഘം എന്തിനാണ് രാത്രി അവിടെയെത്തിയതെന്ന് അദ്ദേഹം ചോദിക്കാത്തതെന്നും വർണിക ചോദിക്കുന്നു.

'ലൈംഗിക പീഡന കേസിലും സമാനമായ പല സംഭവങ്ങളിലും ഇരയായ പെൺകുട്ടികളെ പോലെ എനിക്ക് മുഖം മൂടി നടക്കേണ്ട. ഞാൻ അക്രമത്തെ അതിജീവിച്ചയാളാണ്. കുറ്റം ചെയ്ത ആളല്ല'. അക്രമത്തെ അതിജീവിച്ച ഞാൻ എന്തിന് മുഖം മൂടി നടക്കണമെന്ന് ബിജെപി നേതാവിന്റെ മകന്റെ അക്രമത്തിൽ നിന്നും രക്ഷപ്പെട്ട യുവതി. ഒരു ദേശീയ മാധ്യമത്തോട് വർണിക പ്രതികരിച്ചു. മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥന്റെ മകൾ കൂടിയാണ് വർണിക.

എന്തൊക്കെ പ്രശ്‌നങ്ങൾ ഉണ്ടായാലും കുറ്റക്കാർക്കെതിരെ ഉറച്ച് നിൽ്കകാൻതന്നെയാണ് വർണികയുടെ തീരുമാനം. കുറ്റക്കാർക്ക് തക്കതായ ശിക്ഷ ലഭിക്കുന്നതു വരെ താൻ സന്തോഷവതി ആയിരിക്കില്ലെന്നും നീതിക്ക് വേണ്ടി അങ്ങേയറ്റം വരെ പോരാടുമെന്നും വർണിക കൂട്ടിച്ചേർത്തു.

'25 മിനുട്ടോളമാണ് അവർ രാത്രിയിൽ പിന്തുടർന്ന് ഭയപ്പെടുത്തിയത്. എന്നാൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തപ്പോൾ എന്നോട് മാപ്പ് പറഞ്ഞു. പരാതി പിൻവലിക്കണമെന്ന് അപേക്ഷിച്ചു. എന്നാൽ കേസുമായി മുന്നോട്ട് പോവാൻ ഞാൻ തീരുമാനിച്ചു. എനിക്ക് മാത്രം നീതി ലഭിക്കാൻ വേണ്ടിയല്ല, എല്ലാ പെൺകുട്ടികൾക്കും വേണ്ടിയാണ് അത്തരത്തിലൊരു തീരുമാനം താൻ സ്വീകരിച്ചത്, പ്രതികൾക്ക് ജാമ്യം ലഭിച്ചതിനെ കുറിച്ച് ആശങ്കയില്ലെന്നും വർണിക പറഞ്ഞു.

കഴിഞ്ഞ വെള്ളിയാഴ്ചയാണ് വർണിക കുണ്ടുവിനെ ബിജെപി നേതാവിന്റെ മകൻ അടങ്ങുന്ന സംഘം പിന്തുടർന്നത്. നാല് കിലോമീറ്ററോളം വർണികയെ പിന്തുടർന്ന ഇവർ കാർ നിർത്താനാവശ്യപ്പെട്ട് ആക്രോശിക്കുകയും ചെയ്തിരുന്നു. പിന്നീട് പൊലീസിനെ ഫോൺ ചെയ്ത് വിവരമറിയിച്ചാണ് വർണിക രക്ഷപ്പെട്ടത്. സംഭവത്തിൽ ബിജെപി നേതാവ് സുഭാഷ് ബരാളയുടെ മകൻ വികാസ് ബരാളയേയും സുഹൃത്ത് ആശിഷിനേയും പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.