ബെംഗളൂരു: കുനൂർ ഹെലികോപ്ടർ അപകടത്തിൽ രക്ഷപ്പെട്ട ഏക ആളായ ഗ്രൂപ്പ് ക്യാപ്റ്റൻ വരുൺ സിങ്ങിന്റെ നില അതീവ ഗുരുതരമായി തുടരുന്നു. അദ്ദേഹത്തെ വിമാനമാർഗ്ഗം ബെംഗളൂരുവിലേക്ക് വിദഗ്ധ ചികിത്സയ്ക്കായി മാറ്റി. വെല്ലിങ്ടണിലെ സൈനിക ആശുപത്രിയിൽ നിന്ന് ഒരു ആംബുലൻസിൽ സുളു വ്യോമ താവളത്തിലേക്ക് കൊണ്ടുപോയി. അവിടെ നിന്നാണ് ബെംഗളൂരുവിലേക്ക് മാറ്റിയത്. ബെംഗളൂരുവിൽ കമാൻഡ് ആശുപത്രിയിലാണ് ചികിത്സ.

ഗ്രൂപ്പ് ക്യാപ്റ്റൻ വരുൺ സിങ് വെന്റിലേറ്ററിൽ ആണെന്നും അദ്ദേഹത്തിന്റെ ജീവൻ രക്ഷിക്കാൻ എല്ലാ ശ്രമവും തുടരുകയാണെന്നും പ്രതിരോധ മന്ത്രി രാജ് നാഥ് സിങ് ഇന്ന് രാവിലെ പാർലമെന്റിൽ അറിയിച്ചിരുന്നു. 80 ശതമാനത്തോളം പൊള്ളലോടെയാണ് വരുൺ സിങ്ങിനെ വെല്ലിങ്ടണിലെ സൈനിക ആശുപത്രിയിലാക്കിയത്.

തന്റെ മകന്റെ ആരോഗ്യനിലയെ കുറിച്ച് ഒന്നും പറയാനാവില്ലെന്ന് അദ്ദേഹത്തിന്റെ പിതാവ് കേണൽ കെപി സിങ് പറഞ്ഞു. നില ഗുരുതരമെന്നാണ് അധികൃതരും പറയുന്നത്. കേണൽ കെപി സിങ്ങും ഭാര്യ ഉമാ സിങ്ങും അപകടവിവരം അറിയുമ്പോൾ മുംബൈയിൽ നാവികസേനയിൽ ലഫ്്റ്റനന്റ് കമാൻഡറായ ഇളയ മകൻ തനുജിന് ഒപ്പമായിരുന്നു. വരുൺ സിങ് ഒരു പോരാളി ആണെന്നും അവൻ തിരിച്ചുവരുമെന്നും കേണൽ സിങ്ങിന്റെ അയൽക്കാരനായ ലഫ്റ്റനന്റ് കേണൽ ഇഷാൻ ആർ മാധ്യമങ്ങളോട് പറഞ്ഞു.

അപകടത്തിൽ പെട്ട തേജസ് വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്യിച്ച മികവിന് ഈ വർഷം ഗ്രൂപ്പ് ക്യാപ്റ്റൻ വരുൺ സിങ്ങിന് ശൗര്യ ചക്ര സമ്മാനിച്ചിരുന്നു. ഇന്നലെ ജനറൽ ബിപിൻ റാവത്തിനെ സ്വീകരിക്കാനും, വെല്ലിങ്ടണിലെ ഡിഫൻസ് സർവീസസ് സ്റ്റാഫ് കോളേജിലേക്ക് അകമ്പടി സേവിക്കാനും ആണ് വരുൺ സിങ് സുളൂരിലേക്ക് പോയത്. ഡിഫൻസ് കോളേജിൽ ഡയറക്ടിങ് സ്റ്റാഫ് കൂടിയാണ് വരുൺ സിങ്.