കോതമംഗലം: ആരൊക്കെ എന്തൊക്കെപ്പറഞ്ഞാലും ആനവേട്ടക്കാരൻ വാസു കൊല്ലപ്പെട്ടതു തന്നെയെന്നും മറിച്ചൊന്നു ചിന്തിക്കാനില്ലെന്നുമാണ്് ആനവേട്ട അന്വേഷണ സംഘത്തിലെ 'ഭൂരിപക്ഷം ഉദ്യോഗസ്ഥരുടെയും നിലപാട്. ഇത്തരത്തിൽ ചില സൂചനകൾ അന്വേഷണത്തിന്റെ ആരംഭഘട്ടത്തിൽ ലഭിച്ചിരുന്നെങ്കിലും പഴുതുകളടച്ചുുള്ള ആസൂത്രകരുടെ നീക്കം മൂലം തെളിവുകൾ ശേഖരിക്കുന്നതിനുള്ള തങ്ങളുടെ നീക്കം തുടക്കത്തിലേ പരാജയപ്പെടുകയായിരുന്നെന്ന് അന്വേഷണ സംഘത്തിലെ ഉന്നത ഉദ്യോഗസ്ഥരിൽ ഒരാൾ പറഞ്ഞു.

സംസ്ഥാനസർക്കാർ സിബിഐക്ക് കൈമാറിയിട്ടുള്ള ആനവേട്ടക്കസിലെ മുഖ്യപ്രതിയെന്ന് വനംവകുപ്പ് ആവകാശപ്പെടുന്ന കുട്ടംപുഴ ഐക്കരമറ്റം വാസുവിന്റെ ജഡം കേസിലെ മറ്റൊരുപ്രതി പെരുമ്പാവൂർ ഐരാപുരം ഇഞ്ചപ്പുഴ മനോജിന്റെ കർണാടകയിലെ ഫാംഹൗസിനു സമീപം കഴിഞ്ഞ മാസം 20 ന് കണ്ടത്തുകയായിരുന്നു. വാസു തൂങ്ങി മരിക്കുകയായിരുന്നെന്നാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. കൃഷിയിടത്തിലെ മാവിൽ തുങ്ങിമരിച്ച നിലയിലായിരുന്നു ജഡം കാണപ്പട്ടത്.

കേസന്വേഷണം മറുകിവന്ന സമയത്തായിരുന്നു വാസുവിന്റെ മരണവാർത്ത മലയാറ്റൂർ ഡി എഫ് ഒ ക്ക് ലഭിക്കുന്നത്, അന്വേഷണം തങ്ങളിലേക്കും നീളുമെന്നു മനസിലാക്കിയ മാഫിയസംഘം വാസുവിനെ ജീവനോടെ കെട്ടത്തൂക്കുകയായിരുന്നെന്നാണ് അന്വേഷണസംഘത്തിന്റെ നിഗമനം. തെളിവോ സാക്ഷികളോ ലഭിക്കാത്ത സാഹചര്യത്തിൽ ഇക്കാര്യത്തിൽ പരസ്യവെളിപ്പെടുത്തലുകൾ വേണ്ടെന്ന നിലപാടിലാണ് ഇക്കൂട്ടർ. ജഡത്തിന് കാഴ്ചയിൽ പഴക്കം തോന്നിച്ചിരുന്നതും ഫാം നടത്തിപ്പുകാരൻ പെരുമ്പാവൂർ ഐരാപുരം ഇഞ്ചപ്പുഴ മനോജിന്റെ ഇതുസംബന്ധിച്ചുുള്ള വെളിപ്പെടുത്തലുകളിലെ പൊരുത്തക്കേടുകളും ഉദ്യോഗസ്ഥസംഘത്തിന്റെ ഈ വഴിക്കുള്ള സംശയം വർദ്ധിപ്പിച്ചിട്ടുണ്ട്.

വാസുവിന്റെ ജഡം കണ്ടെത്തുന്നതിന് രണ്ടു ദിവസം മുൻപ് മനോജ് മലയാറ്റൂർ ഡിഎഫ് ഒ യേക്കണ്ട് വാസു ഫാമിലുണ്ടെന്നും അടുത്തദിവസം കൂട്ടിക്കൊണ്ടുവരാമെന്നും ഉറപ്പുനൽകുകയും ചെയ്തിരുന്നു. പറഞ്ഞ ദിവസം ഡി എഫ് ഒ, മനോജിനെയും വാസുവിനെയും കാത്തിരുന്നെങ്കിലും വെറുതെയായി. അടുത്ത ദിവസം മനോജ് ഡി എഫ് ഒ യേക്കണ്ട് പിറ്റേന്ന് വാസു ട്രെയിനിൽ നാട്ടിലേക്ക് തിരിച്ചിട്ടുണ്ടെന്ന് അറിയിച്ചു. ഇതേത്തുടർന്ന് ഡി എഫ് ഒ സംസ്ഥാനത്തെ അങ്ങോളം ഇങ്ങോളമുള്ള റെയിൽവേ സ്റ്റേഷനുകളിൽ വാസുവിനെ കസ്റ്റഡിയിൽ എടുക്കുന്നതിനായി ജീവനക്കാരേയും വിന്യസിച്ചിരുന്നു. എന്നാൽ ഒരു റെയിൽവേസ്റ്റേഷനിലും വാസു ഇറങ്ങിയതായി റിപ്പോർട്ട് കിട്ടിയില്ല. തൊട്ടടുത്ത ദിവസമാണ് വാസുവിന്റെ മരണവാർത്ത ഡിഎഫ്ഒയ്ക്ക് ലഭിക്കുന്നത്. ഇതിൽ സംശയം തോന്നിയ ഡി.എഫ്.ഒ മനോജിനെ കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്യുകയും ആനവേട്ടയിൽ പങ്കുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്ന് കേസിൽ പ്രതി ചേർക്കുകയുമായിരുന്നു.

പെരുമ്പാവൂരിലെ ഇയാളുടെ വീട്ടിൽ നിന്നും രണ്ടു തോക്കുകളും വനംവകുപ്പ് അധികൃതർ കണ്ടെത്തി. വാസു മരണപ്പെട്ടതായി തനിക്ക് നേരത്തെ വിവരം ലഭിച്ചിരുന്നെന്ന മനോജിന്റെ മൊഴി അക്ഷരാർത്ഥത്തിൽ അന്വേഷണ സംഘത്തെ ഞെട്ടിച്ചു. വാസു ട്രെയിനിൽ നാട്ടിലെക്ക് യാത്ര തിരിച്ചിട്ടുണ്ടെന്ന് മൊഴി നൽകിയ ദിവസം ഫാമിൽ വാസുവിന്റെ ജഡം കാണപ്പെട്ട വിവരം താൻ അറിഞ്ഞിരുന്നതായിട്ടാണ് മനോജ് ഡി.എഫ്.ഒ യുടെ നേതൃത്വത്തിൽ നടന്ന ചോദ്യം ചെയ്യലിൽ വെളുപ്പെടുത്തിയത്. തന്നെ കബളിപ്പിച്ചതിൽ കലി പൂണ്ടാണ് മനോജിനെ ഡി.എഫ്.ഒ നന്നായി കൈകാര്യം ചെയ്തതെന്നാണ് അറിയുന്നത് . മനോജിനെയും കേസിലെ മറ്റ് പ്രതിയായ അജി ബ്രൈറ്റിനെയും അന്വേഷണ സംഘം മർദ്ദിച്ചതായി കോടതിയിൽ കേസ് നിലവിലുണ്ട് .

ആനവേട്ട കേസ് സിബിഐ. യ്ക്ക് വിട്ട സാഹചര്യത്തിൽ കാടടച്ചുള്ള അന്വേഷണത്തിന് വനം വകുപ്പ് അധികൃതർ തൽക്കാലം വിരാമം കുറിച്ചിരിക്കുകയാണ് ഇപ്പോൾ. വിവിധ കേന്ദ്രങ്ങളിൽ തമ്പടിച്ചുള്ള രഹസ്യ അന്വേഷണമാണ് നടത്തിവരുന്നത്. പഴുതുകൾ അടച്ചുള്ള വിവരശേഖരണം വഴി കേസിലെ മുഴുവൻ പ്രതികളേയും കണ്ടെത്തൻ കഴിയുമെന്നും ഇതോടെ തങ്ങളുടെ പ്രതിഛായ വർദ്ധിപ്പിക്കാനാവുമെന്നുമാണ് വനം വകുപ്പ് അധികൃതരുടെ കണക്കുകൂട്ടൽ.

'സിബിഐ. വന്നാലും ഇനി ഒന്നും ചെയ്യാനില്ല, ഞങ്ങൾ തയ്യാറാക്കിയ റിപ്പോർട്ടിനപ്പുറം ഇനി ആരു വിചാരിച്ചാലും കണ്ടെത്താനും പോകുന്നില്ല'. പേര് വെളുപ്പെടുത്തരുതെന്ന അഭ്യർത്ഥനയോടെ അന്വോഷണ സംഘത്തിലെ ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു.