പെരുമ്പാവൂർ: വേങ്ങൂർ പാണംകുഴിയിൽ കമ്പനിയിൽ ജോലി ചെയ്യുന്ന മധ്യപ്രദേശ് സ്വദേശി അനോകിന്റെ മൊബൈൽ ഫോണും 2000 രൂപയും കവർച്ച ചെയ്ത സംഭവത്തിൽ അകനാട് എള്ളിൽ അനീഷിനെ (വട്ടോളി അനീഷ്, 32) ആണ് കുറുപ്പംപടി എസ്‌ഐ പി.എം ഷമീർ അറസ്റ്റ് ചെയ്തു. ഇതര സംസ്ഥാന തൊഴിലാളികൾക്കെതിരെ അക്രമം നടക്കുന്നുവെന്ന പ്രചരണ സജീവമാകുന്നതിന് ഇടയിലാണ് വ്യാജ പൊലീസ് ചമഞ്ഞ് വട്ടോളി അനീഷ് പകൽക്കൊള്ള നടത്തിയത്.

ഇന്നലെ വൈകിട്ട് നാലുമണിയോടെ കുറുപ്പംപടിയിൽ വച്ചാണ് സംഭവം. പെരുമ്പാവൂരിൽ നിന്നും പാണംകുഴിയിലേക്കുള്ള യാത്രാമധ്യേ കുറുപ്പംപടിയിൽ സ്വകാര്യ ബസ് എത്തിയപ്പോഴാണ് സംഭവം നടന്നത്. താൻ പൊലീസാണെന്ന് പറഞ്ഞ് കഞ്ചാവ് കൈവശം വച്ചിട്ടുണ്ടെന്ന് ആരോപിച്ച് അനോകിനെ ബലമായി ബസിൽ നിന്ന് പിടിച്ചിറക്കി ഒഴിഞ്ഞ മൂലയിലക്ക് കൊണ്ടുപോവുകയായിരുന്നു. കഴുത്തിന് കുത്തി പിടിച്ച് അനോകിന്റെ പോക്കറ്റിൽ കിടന്ന മൊബൈൽ ഫോണും കാശും പ്രതി ബലമായി കൈവശപ്പെടുത്തിയ ശേഷം ഓടി രക്ഷപ്പെടുകയും ചെയ്തു.

ഹിന്ദിക്കാരനായ തൊഴിലാളി പിന്നീട് താൻ ജോലി ചെയ്യുന്ന സ്ഥാപനത്തിന്റെ ഉടമയോട് വിവരം പറഞ്ഞതോടെയാണ് വിവരം സ്‌റ്റേഷനിൽ റിപ്പോർട്ട് ചെയ്യപ്പെട്ടത്. ഇതര സംസ്ഥാന തൊഴിലാളികൾക്കു നേരെ വ്യാപകമായി അക്രമണം നടത്തുകയാണെന്ന വ്യാജ റിപ്പോർട്ടുകൾ പ്രചരിക്കുന്ന സാഹചര്യത്തിൽ പൊലീസ് ഉണർന്നു പ്രവർത്തിച്ചു. ഇത്തരം പരാതികളിൽ ഉടനടി നടപടിയെടുക്കണമെന്ന് നിർദ്ദേശവുമുള്ളതിനാൽ ഉടൻ കേസെടുത്ത് അന്വേഷണം തുടങ്ങി.

ദൃക്‌സാക്ഷികളെ പെട്ടെന്ന് കണ്ടെത്താൻ കഴിയാത്ത കേസ് ആയതിനാലും പ്രതി അപരിചിതനായതിനാലും പൊലീസ് കുറച്ച് വിഷമിച്ചെങ്കിലും താമസിയാതെ പ്രതിയെ കണ്ടെത്തി. കുറുപ്പംപടി പൊലീസിന്റെ തന്ത്രപരമായ നീക്കത്തിനൊടുവിൽ മണിക്കൂറുകൾക്കകം പ്രതിയെ വീട്ടിൽ നിന്ന് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. പിന്നീട് പരാതിക്കാരനെ സ്റ്റേഷനിലേക്ക് വിളിച്ച് പ്രതിയെ തിരിച്ചറിയുകയും അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു. കവർച്ച ചെയ്യപ്പെട്ട മൊബൈലും കണ്ടെടുത്തിട്ടുണ്ട്.

പ്രതി ഇതിനു മുൻപും നിരവധി ക്രിമിനൽ കേസിൽ ഉൾപ്പെട്ടയാളാണെന്ന് പൊലീസ് പറഞ്ഞു. 2012ൽ ഇരിങ്ങോളിലുള്ള ഒരു വീട്ടമ്മയെ മാനഹാനിപ്പെടുത്തിയതിനും പൊതു സ്ഥലത്ത് ബഹളമുണ്ടാക്കിയതിനും കോടതിയിൽ വിചാരണ നേരിട്ടു കൊണ്ടിരിക്കുകയാണ്.
പ്രിൻസിപ്പൽ എസ്‌ഐ പി എം ഷമീറിനെ കൂടാതെ എസ്‌ഐമാരായ സാലി, യാക്കോബ്, എഎസ്‌ഐ ജോസഫ് എന്നിവരും പൊലീസുകാരായ അബ്ദുൽ റസാഖ്, എൽദോസ്, ബോബൻ എന്നിവരും ചേർന്നാണ് കേസ് അന്വേഷിച്ചത്. കുറുപ്പംപടി കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.