കോട്ടയം: പാമ്പ് കടിയേറ്റ് ചികിത്സയിൽ കഴിയുന്ന വാവ സുരേഷിന്റെ ആരോഗ്യ നിലയിൽ നേരിയ പുരോഗതി. രക്തസമ്മർദവും ഹൃദയമിടിപ്പും സാധാരണ നിലയിലായി. തലച്ചോറിന്റെ പ്രവർത്തനത്തിലും നേരിയ പുരോഗതിയുണ്ട്. കോട്ടയം മെഡിക്കൽ കോളേജിലെ തീവ്രപരിചരണ വിഭാഗത്തിലാണ് അദ്ദേഹം ഇപ്പോഴുള്ളത്. വെന്റിലേറ്ററിൽ നിന്ന് മാറ്റിയിട്ടില്ല. വാവ സുരേഷിനായുള്ള പ്രാർത്ഥനകൾ ഫലം കാണുന്നുവെന്നാണ് ലഭിക്കുന്ന സൂചന.

കഴിഞ്ഞ വെള്ളപ്പൊക്കത്തിനു ശേഷം കുറിച്ചിയുടെ പടിഞ്ഞാറൻ മേഖലയിൽ പാമ്പുകൾ പെരുകി. വനം വകുപ്പ് ഉദ്യോഗസ്ഥർ എത്തിയാണ് പാമ്പിനെ പിടിക്കുന്നത്. പെരുമ്പാമ്പിനെയും മൂർഖൻ കുഞ്ഞുങ്ങളെയും ഇവിടെ നിന്നു പിടിച്ചിട്ടുണ്ട്. മീൻ പിടിക്കാൻ വല ഇടുമ്പോൾ മിക്കപ്പോഴും പാമ്പ് കുടുങ്ങും. ഈ മേഖലയിലെ ഭീതി മാറ്റാനാണ് വാവ എത്തിയത്. പാമ്പു കടിയേറ്റിട്ടും നാട്ടുകാരുടെ ഭീതി അകറ്റാൻ ആ പാമ്പിനേയും വാവ പിടിച്ചു. പാമ്പു കടിയേറ്റ ശേഷം പാമ്പിനെ പിടിക്കാനായി വാവ എടുത്ത ഈ സമയമാണ് ആരോഗ്യ നിലയെ ഗുരുതരമാക്കിയത്.

വാവയെ പാമ്പ് കടിക്കുന്ന വീഡിയോ വൈറലാണ്. പാമ്പ് കടി ഏത്രമേൽ ആഴത്തിലായിരുന്നുവെന്ന് ആ വീഡിയോയിൽ നിന്ന് വ്യക്തമാണ്. കാലിൽ കടിയേറ്റതോടെ പാമ്പിനെ സുരേഷിന് വിടേണ്ടിയും വന്നു. ഇതോടെ നാട്ടുകാർ ഭയന്നു. ആ വീഡിയോ എടുക്കുന്ന ആൾ പോലും അതുപേക്ഷിച്ച് ഓടി. നാട്ടുകാരുടെ ഈ ഭയം മനസ്സിലാക്കിയാണ് പാമ്പു കടിയേറ്റിട്ടും ആ പാമ്പിനെ പിടിക്കാൻ വാവ സുരേഷ് മുമ്പോട്ട് വന്നത്. അതിൽ വിജയിക്കുകയും ചെയ്തു. പക്ഷേ പതിവു പോലെ തന്റെ ആരോഗ്യം പ്രതിസന്ധിയിലുമായി.

ചങ്ങനാശ്ശേരിക്കടുത്ത് കുറിച്ചിയിൽ തിങ്കളാഴ്ച 4.30-ഓടെയാണ് വാവ സുരേഷിന് കടിയേറ്റത്. ഏഴടി നീളമുള്ള മൂർഖനെ പിടിച്ച് ചാക്കിലേക്ക് മാറ്റുന്നതിനിടെ പൊടുന്നനെ വളഞ്ഞുവന്ന് സുരേഷിന്റെ വലതുതുടയിൽ കടിക്കുകയായിരുന്നു. ഉടൻ പിടിവിട്ടെങ്കിലും അസാമാന്യധൈര്യത്തോടെ സുരേഷ് വീണ്ടും പാമ്പിനെ പിടിച്ച് ടിന്നിലാക്കി നാടിനെ സുരക്ഷിതമാക്കുകയായിരുന്നു.

കുറിച്ചിയിൽ വാവ സുരേഷിനെ കടിച്ചത് ഒരാഴ്ചയോളമായി പ്രദേശത്തെ വിറപ്പിച്ച മൂർഖനെയാണ്. യൂത്ത് കോൺഗ്രസ് കുറിച്ചി മണ്ഡലം പ്രസിഡന്റ് കരിനാട്ടുകവല പാട്ടാശേരിയിൽ വാണിയപ്പുരയ്ക്കൽ വി.ജെ. നിജുമോന്റെ വീട്ടുവളപ്പിൽ കൂട്ടിയിട്ട കരിങ്കല്ലുകൾക്കിടയിലാണ് പാമ്പിനെ കണ്ടത്. വാവ സുരേഷ് എത്താൻ വൈകുമെന്ന് അറിഞ്ഞതോടെ വീട്ടുകാർ വല കൊണ്ട് പാമ്പിനെ പിടിക്കാൻ ശ്രമം നടത്തിയെങ്കിലും സാധിച്ചില്ല. തുടർന്ന് കരിങ്കല്ലു കൂട്ടം വല കൊണ്ട് മൂടിയിട്ടു.

സുരേഷ് ഇന്നലെ എത്തിയെങ്കിലും അപകടത്തിൽ പരുക്കേറ്റതിനെത്തുടർന്ന് നടുവേദന ഉള്ളതിനാൽ കല്ലും മറ്റും നാട്ടുകാരാണ് മാറ്റിയത്. അവസാനത്തെ കല്ല് ഇളക്കിയതോടെ പാമ്പിനെ കണ്ടു. ഉടനെ സുരേഷ് പാമ്പിനെ പിടികൂടി. പാമ്പ് നാലു തവണ ചാക്കിൽ നിന്നു പുറത്തു ചാടി. അഞ്ചാം തവണ സുരേഷ് കാല് ചാക്കിനടുത്തേക്കു നീക്കിവച്ച് പാമ്പിനെ കയറ്റാൻ ശ്രമിച്ചപ്പോഴാണ് കടിയേറ്റത്.

സുരേഷിന്റെ കയ്യിൽ നിന്നു പിടിവിട്ടതോടെ പാമ്പ് വീണ്ടും ഇളക്കിയിട്ട കരിങ്കല്ലിന്റെ ഇടയിൽ ഒളിച്ചു. സുരേഷ് വീണ്ടുമെത്തി കരിങ്കല്ല് നീക്കി പാമ്പിനെ പിടിച്ചു കാർഡ്ബോർഡ് ബോക്സിലാക്കി സ്വന്തം കാറിൽ കൊണ്ടു വച്ചു. പിന്നെ സ്വയം പ്രഥമശുശ്രൂഷ ചെയ്തു. കാലിൽ കടിയേറ്റ ഭാഗം വെള്ളം കൊണ്ടു കഴുകി. രക്തം ഞെക്കികകളഞ്ഞു. തുണി കൊണ്ട് മുറിവായ കെട്ടി.

സുരേഷിന്റെ കാറിൽത്തന്നെയാണ് ആശുപത്രിയിലേക്ക് കൊണ്ടുപോയത്. ഡ്രൈവർക്ക് ആശുപത്രിയിലേക്കുള്ള വഴി പരിചയമില്ലാത്തതിനാൽ ഇടയ്ക്ക് നിജുവിന്റെ കാറിലേക്കു സുരേഷിനെ കയറ്റി. യാത്രയ്ക്കിടെ സുരേഷ് സംസാരിച്ചിരുന്നു. എന്നാൽ, ചിങ്ങവനത്ത് എത്തിയപ്പോൾ തല കറങ്ങുന്നതായി പറഞ്ഞു. നാട്ടകം സിമന്റ് കവലയെത്തിയോടെ ഛർദിച്ച് അവശ നിലയിലായി. ഇതോടെയാണ് ആരോഗ്യ നില ഗുരുതരമായി തുടങ്ങിയത്.

ആദ്യം കോട്ടയം ഭാരത് ആശുപത്രിയിൽ പ്രവേശിപ്പിച്ച സുരേഷിനെ പിന്നീട് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. അബോധാവസ്ഥയിലായ വാവ സുരേഷ് മരുന്നുകളോട് കാര്യമായി പ്രതികരിക്കുന്നില്ല. വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ഇപ്പോൾ ശരീരത്തിന്റെ പ്രവർത്തനം നിയന്ത്രിക്കുന്നത്. കോട്ടയം മെഡിക്കൽ കോളേജിലേക്ക് എത്തിക്കുന്നതിനിടെ ഹൃദയസ്തംഭനമുണ്ടായതായും മെഡിക്കൽ കോളേജധികൃതർ അറിയിച്ചു.

തിങ്കളാഴ്ച മൂന്നുമണിയോടെ സ്ഥലത്തെത്തിയ വാവാ സുരേഷ് കൽക്കെട്ട് പൊളിച്ചുമാറ്റിയതോടെ പാമ്പ് പുറത്തുചാടി. പാമ്പിനെ വാവ സുരേഷ് വാലിൽ തൂക്കിയെടുത്തു. വീട്ടുകാരോട് പാമ്പിനെ ഇടാൻ പ്ലാസ്റ്റിക് ടിൻ ആവശ്യപ്പെട്ടു. അതിൽ കയറ്റാനാവാതെവന്നതോടെ ചാക്ക് കൊണ്ടുവരാനാവശ്യപ്പെട്ടു. ഗൃഹനാഥൻ വളച്ചാക്ക് നൽകി. ചാക്കിനുള്ളിൽ മൂന്നുതവണ പാമ്പ് കയറിയെങ്കിലും ഉടൻ പുറത്തിറങ്ങി. വീണ്ടും ചാക്കിനുള്ളിൽ കയറ്റാനുള്ള ശ്രമത്തിനിടയിലാണ് വാവ സുരേഷിന്റെ തുടയിൽ പാമ്പ് ആഞ്ഞുകടിച്ചത്. ജീൻസാണ് അദ്ദേഹം ധരിച്ചിരുന്നത്.

സുരേഷ് പാമ്പിനെ ബലമായി കാലിൽനിന്ന് പറിച്ചെറിഞ്ഞശേഷം ഇരുകൈയുംകൊണ്ട് അമർത്തി രക്തം പുറത്തേക്കുകളഞ്ഞു. വീണ്ടും കരിങ്കൽകൂട്ടത്തിലേക്ക് കയറാൻ ശ്രമിച്ച പാമ്പിനെ അദ്ദേഹം ഉടൻ പിടികൂടി വലിയ ടിന്നിലാക്കി തന്റെ വാഹനത്തിൽ വെയ്ക്കുകയായിരുന്നു.