കോട്ടയം: മുർഖന്റെ കടിയേറ്റ വാവ സുരേഷ് പൂർണമായും ആരോഗ്യം വീണ്ടെടുത്തു വരികയാണ്. ആരോഗ്യനില തൃപ്തികരം ആയതിനെത്തുടർന്ന് തീവ്രപരിചരണ വിഭാഗത്തിൽ നിന്ന് നിരീക്ഷണ മുറിയിലേക്ക് മാറ്റിയിട്ടുണ്ട് വാവ സുരേഷിനെ. മുറിയിലേക്ക് മാറ്റിയപ്പൾ വാവ സുരേഷ് ആദ്യം ചോദിച്ചത് കട്ടൻചായയാണ്. ആർ.എം.ഒ. ഡോ. പി.ആർ.രഞ്ജിൻ മുറിയിലേക്ക് വന്നപ്പോഴായിരുന്നു ഇത്.

ഞരമ്പ് സംബന്ധമായ ചില പ്രശ്‌നങ്ങൾ ബാക്കിയാണ്. എന്നാലും, അല്പം ചായ നൽകാമെന്നായി ഡോക്ടർ. ചായ കഴിച്ചശേഷം ഡോക്ടർമാർ നടന്നതെല്ലാം വിവരിച്ചതോടെ തൊഴുകൈയോടെ വാവ സുരേഷ് കേട്ടിരുന്നു. 'എല്ലാവരോടും സ്‌നേഹം, നന്ദി'-പറഞ്ഞപ്പോൾ വാവയുടെ തൊണ്ടയിടറി. 'അപകടസ്ഥലംമുതൽ കോട്ടയം മെഡിക്കൽ കോളേജുവരെ സഹായിച്ചവരെയും പ്രാർത്ഥിച്ചവരെയും തന്റെ നന്ദി അറിയിക്കുന്നു'-സുരേഷ് പതിഞ്ഞസ്വരത്തിൽ സംസാരിച്ചു.

വെള്ളിയാഴ്ച ഉച്ചയോടെ തനിയെ നടന്നു. വെള്ളിയാഴ്ച ആശുപത്രിയിലെത്തിയ മന്ത്രി വി.എൻ.വാസവൻ ഉദ്യോഗസ്ഥരുമായി വിവരങ്ങൾ ചർച്ചചെയ്തു. അണുബാധ ഒഴിവാക്കാനും കോവിഡ് ചട്ടം നിലനിൽക്കുന്നതിനാലും സന്ദർശകർക്ക് വിലക്കുണ്ട്. നിരീക്ഷണമുറിയിലും തുടർന്ന് പേ വാർഡിലും വാവ സുരേഷിനെ കാണാൻ ആർക്കും അനുവാദം നൽകില്ല.

മൂർഖന്റെ കടിയിലൂടെ ശരീരത്തിൽ എത്തിയ പാമ്പിൻ വിഷം പൂർണമായി നീങ്ങിയതിനാൽ ആന്റിവെനം നൽകുന്നതും നിർത്തി. 2 ദിവസം കൂടി നിരീക്ഷിക്കാനാണ് ഡോക്ടർമാരുടെ തീരുമാനം. സുരേഷ് ഓർമ ശക്തിയും സംസാര ശേഷിയും പൂർണമായും വീണ്ടെടുത്തതായി ആശുപത്രി സൂപ്രണ്ട് ഡോ.ടി.കെ. ജയകുമാർ പറഞ്ഞു. കാലിൽ പാമ്പു കടിയേറ്റ ഭാഗം ഡോക്ടർമാർക്കു കാണിച്ചു കൊടുത്തു. ശരീരത്തിലെ മസിലുകളുടെ ശേഷിയും പൂർണതോതിൽ തിരിച്ചുകിട്ടി. മൂന്നു ദിവസത്തിനകം സുരേഷിന് ആശുപത്രി വിടാൻ കഴിയുമെന്നാണ് ഡോക്ടർമാരുടെ പ്രതീക്ഷ.

വ്യാഴാഴ്ച ബോധം വന്നയുടനെ ദൈവമേ എന്നാണ് ആദ്യം ഉച്ചരിച്ചത്. പിന്നീട് ഡോക്ടർ പേര് ചോദിച്ചപ്പോൾ സുരേഷ് എന്ന് മറുപടിയും നൽകിയിരുന്നു. വ്യാഴാഴ്ച ഉച്ചയ്ക്ക് അദ്ദേഹത്തെ കട്ടിലിൽ ചാരിയിരുത്തി ദ്രവരൂപത്തിലുള്ള ആഹാരവും നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് അദ്ദേഹം ഓർമശക്തിയും സംസാരശേഷിയും പൂർണ്ണമായും വീണ്ടെടുത്തതായി അധികൃതർ അറിയിച്ചത്.

24 മണിക്കൂറും പ്രത്യേകസംഘത്തിന്റെ നിരീക്ഷണത്തിൽ കഴിയുന്ന സുരേഷിന്റെ നില ബുധനാഴ്ച ഉച്ചയോടെയാണ് കാര്യമായി മെച്ചപ്പെട്ടു തുടങ്ങിയത്. ആശുപത്രി സൂപ്രണ്ട് ഡോ. ടി.കെ. ജയകുമാറിന്റെ നേതൃത്വത്തിൽ വിവിധവിഭാഗങ്ങളിലെ മേധാവികളാണ് വാവ സുരേഷിനെ ചികിത്സിക്കുന്നത്. തിങ്കളാഴ്ചയാണ് വാവസുരേഷിനെ മൂർഖന്റെ കടിയേറ്റ് ആശുപത്രിയിലാക്കിയത്.