കോട്ടയം: മൂർഖൻ പാമ്പിന്റെ കടിയേറ്റ വാവ സുരേഷ് ജീവിതത്തിലേക്ക് തിരിച്ചു വരുമെന്ന പ്രതീക്ഷയിലാണ് എല്ലാവരും. അദ്ദേഹം അതിജീവിക്കുമെന്ന പ്രതീക്ഷയിലാണ് ഡോക്ടർമാർ അടക്കമുള്ളവർ. എന്നാൽ, അപകടനില തരണം ചെയ്യാത്തത് ആശങ്കയായി തുടരുകയും ചെയ്യുന്നു. അതിനിടെ വാവ സുരേഷിന് പാമ്പുകടിയേറ്റതിന് ശേഷമുള്ള കൂടുടതൽ ദൃശ്യങ്ങളും പുറത്തുവന്നു.

പാമ്പിനെ പിടികൂടി ചാക്കിലാക്കുന്നതിനിടെ കടിയേറ്റെങ്കിലും അതിനുശേഷം മൂർഖനെ വാവ സുരേഷ് തന്നെയാണ് പിടികൂടിയത്. നാട്ടുകാരെ സുരക്ഷിതരാക്കിയ ശേഷമാണ് വാവ സ്വയം പ്രഥമ ശുശ്രൂഷ നടത്തിയത്. വാവ ശുശ്രൂഷ നടത്തിയപ്പോഴാണ് നാട്ടുകാരും ശരിക്കും ഞെട്ടിയത്. അതുവരെ പാൻസിനാണ് പാമ്പു കടിച്ചതെന്ന് കരുതിയവർ ശരിക്കും ഞെട്ടുകയും ചെയ്തു. നാട്ടുകാർക്കിടയിലേക്കു പോയ പാമ്പിനെ പിന്തുടർന്ന് പിടിച്ചു. ആശുപത്രിയിലേക്ക് പോയത് പ്രാഥമിക ശുശ്രൂഷനടത്തിയശേഷമാണ്.

പാമ്പു കടിയേറ്റത് ധരിച്ച പാന്റ്‌സിൽ മാത്രമെന്ന് കരുതിയെന്നു വിഡിയോ പകർത്തിയ സുധീഷ്‌കുമാർ പറഞ്ഞത്. പാന്റ്‌സ് മുകളിലേക്ക് തെറുത്തുകയറ്റി മുറുക്കി. സ്വയം ചോര ഞെക്കി കളഞ്ഞു. രക്തം കണ്ടപ്പോഴാണ് കടിയേറ്റെന്ന് മനസിലാക്കിയതെന്നും സുധീഷ് പറഞ്ഞു. ഉടൻ ചികിത്സ വേണമെന്ന മനസ്സിലാക്കിയ ഉടനെ മെഡിക്കൽ കോളേജിലേക്ക് പോകാൻ വാവ സുരേഷ് നിർദ്ദേശിക്കുകയായിരുന്നു. കണ്ണടയാതിരിക്കാൻ പരമാവധി ശ്രമിച്ചു. പക്ഷേ ആ വാഹനം ചിങ്ങവനത്ത് എത്തിയപ്പോൾ വാവയ്ക്ക് ബോധം പോയി തുടങ്ങി. പാമ്പ് ഇഴയുന്നതു പോലെ മറിഞ്ഞു. ഇതോടെയാണ് വാഹനത്തിലുള്ളവർ തൊട്ടടുത്ത ഭാരത് ആശുപത്രിയിലേക്ക് മാറ്റിയത്. ഇത് നിർണ്ണായകമായി. വാവ എത്തിയതും പിന്നീടുള്ള സംഭവങ്ങളേയും നടുക്കത്തോടെയാണ് കുറിച്ചിക്കാർ കാണുന്നത്.

ചങ്ങനാശ്ശേരി കുറിച്ചി ഗ്രാമപ്പഞ്ചായത്തിലെ ഒന്നാം വാർഡിലെ പാട്ടാശ്ശേരി വാണിയപ്പുരയ്ക്കൽ വീട് കഴിഞ്ഞ വ്യാഴാഴ്ച മുതൽ ഭീതിയിലാണ്. വീട്ടുമുറ്റത്ത് ഉപയോഗിക്കാത്ത കന്നുകാലിക്കൂടിന് സമീപത്തെ കരിങ്കൽകൂട്ടത്തിനിടയിൽ വ്യാഴാഴ്ചയാണ് മൂർഖനെ കാണുന്നത്. ആ ഭീതിയെ തുടർന്നാണ് വാവ സുരേഷിനെ വീട്ടുകാർ ബന്ധപ്പെടുന്നതും എത്താമെന്ന് വാവ സമ്മതിച്ചതും.

ആ പാമ്പിനെ കണ്ടിട്ട് കുറച്ചു ദിവസമായി. അപ്പോൾ തന്നെ വാവയെ വിളിച്ചു. ആശുപത്രിയിലാണെന്നും വരാമെന്നും പറഞ്ഞു. ഇതോടെ ആ പ്രദേശത്ത് വലയിട്ടു. വലയിട്ട് പൊട്ടിച്ചും പാമ്പിറങ്ങി. പാമ്പ് പോയോ ഇല്ലേ എന്ന് അറിയാത്ത അവസ്ഥ. ഞായറാഴ്ച വിളിച്ചിട്ട് തിങ്കളാഴ്ച വരുമെന്ന് വാവ പറഞ്ഞു. ഇതോടെ ആശ്വാസമായി. വാവ പറഞ്ഞു പോലെ എത്തി. നടുവിന് വിഷമമുള്ളതു കൊണ്ട് കല്ല് മാറ്റി കൊടുക്കണമെന്ന് ആവശ്യപ്പെട്ടു അത് നാട്ടുകാർ മാറ്റി. ഇതിനിടെ പാമ്പിനെ കണ്ടു. പിടിക്കുകയും ചെയ്തു. ചാക്കിലേക്ക് കൊണ്ടു വന്നപ്പോൾ പുള്ളിയെ കാൾ നീളമുള്ള സാധനം. ഭയങ്കര പത്തിയുള്ളത്. നല്ല സൈസ് സാധനം. അകറ്റി പിടിച്ചതാണ്. എന്നിട്ടും കിടിച്ചു. ഇതിനിടെ പാമ്പിനെ വിട്ടു.

ചോര പരമാവധി ഞെക്കി കളഞ്ഞു. ഇതിനിടെ പാമ്പ് വീണ്ടും ഇഴഞ്ഞ് കല്ലിന് അടുത്തേക്ക് പോകാൻ ശ്രമിച്ചു. ഇതോടെ ചാടി പിടിച്ചു. ഒരു വിധത്തിൽ കുപ്പിയിലാക്കി. പെട്ടെന്ന് ആശുപത്രിയിൽ കൊണ്ടു പോകാൻ പറഞ്ഞു. വന്ന വണ്ടിയിലായിരുന്നു യാത്ര. പിന്നീട് ആ ഡ്രൈവർക്ക് വഴി പരിചമില്ലാത്തതു കൊണ്ട് കുറിച്ചിക്കാരുടെ വണ്ടിയിലേക്ക് മാറി.

വാവ സുരേഷിനൊപ്പം ആശുപത്രിയിൽ പോയ നാട്ടുകാരൻ പറയുന്നത് ഇങ്ങനെയാണ്. ചിങ്ങവനത്ത് ആയപ്പോൾ വാവയുടെ കണ്ണിൽ ഇരുട്ടു കയറി. തല മരവിക്കുന്നു എന്ന് പറഞ്ഞു. സിമന്റ് കവല വഴി കോട്ടയം മെഡിക്കൽ കോളേജിൽ പോകാനായിരുന്നു ആലോചന. അപ്പോഴേക്കും പാമ്പ് ഇഴയുന്നതു പോലെ വാവ മറിഞ്ഞു. കുറച്ചു സമയം കഴിഞ്ഞപ്പോൾ ബോധം പോയി. തൊട്ടടുത്ത് ഭാരത് ആശുപത്രിയിലേക്ക് മാറ്റി. അപ്പോൾ ഓക്സിജന്റെ അളവ് 20 ശതമാനം മാത്രമായിരുന്നു. തക്ക സമയത്ത് എത്തിച്ചത് ഭാഗ്യമായി. പത്ത് മിനിറ്റ് താമസിച്ചിരുന്നുവെങ്കിൽ എല്ലാം കഴിഞ്ഞേനേ-അദ്ദേഹം പറയുന്നു.

ചികിത്സയിൽ കഴിയുന്ന വാവ സുരേഷ് ജീവിതത്തിലേക്ക് മടങ്ങുകയാണ്. തലച്ചോറിന്റെ പ്രവർത്തനവും സാധാരണ നിലയിലേക്ക് എത്തുന്നതായി ഡോക്ടർമാർ അറിയിച്ചു. നില മെച്ചപ്പെടുന്നതോടെ അധികം താമസിയാതെ വെന്റിലേറ്ററിൽ നിന്ന് മാറ്റാനാകുമെന്നാണ് പ്രതീക്ഷ. കണ്ണുകൾ തുറന്നിട്ടില്ലെങ്കിലും ചോദ്യങ്ങളോട് അനുകൂലമായി പ്രതികരിക്കുന്നുണ്ട്. ദ്രവരൂപത്തിൽ ഭക്ഷണം നൽകുന്നുണ്ട്. വാവാ സുരേഷിന്റെ സഹോദരൻ സത്യദേവൻ, സഹോദരി ലാലി, സുഹൃത്തുക്കൾ എന്നിവരും ആശുപത്രിയിലുണ്ട്.