- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പാമ്പ് കാലിൽ ആഞ്ഞ് എത്തിയപ്പോൾ നട്ടെല്ലിന് വേദന ഉണ്ടായി; ശ്രദ്ധ മാറിയപ്പോഴാണ് പാമ്പു കടിച്ചത്; ആ മൂർഖന് തന്നെ കൊത്താൻ ഇടയാക്കിയതിന് വാഹനാപകടത്തെ പഴിച്ച് വാവ സുരേഷ്; മരണത്തെ ഇത്രയും തൊട്ടടുത്തു കാണുന്ന അനുഭവം ആദ്യം; ആരോഗ്യം വീണ്ടെടുത്ത ശേഷം പൂർവാധികം ശക്തമായോടെ പാമ്പു പിടുത്തം തുടരുമെന്ന് വാവ
ശ്രീകാര്യം: മൂർഖന്റെ കടിയേറ്റ് മരണത്തെ മുഖാമുഖം കണ്ട വാവ സുരേഷ് ജീവിതത്തിലേക്ക് തിരികെ കയറി വീട്ടിൽ എത്തിയിട്ടുണ്ട്. പലവിധത്തിലുള്ള വിമർശനങ്ങൾ തനിക്കെതിരെ ഉയരുമ്പോഴും വാവ അതൊന്നു കൂസുന്നില്ല. ആരോഗ്യം വീണ്ടെടുത്ത ശേഷം വീണ്ടും പാമ്പു പിടുത്തം തുടരുമെന്നാണ് വാവ സുരേഷ് പറയുന്നത്. ലോകമെങ്ങും അറിയപ്പെടുന്ന പാമ്പുപിടുത്തകാരനാണെങ്കിലും സാമ്പത്തികമായി പരാധീനതകൾക്ക് നടുവിലാണ് വാവ. തന്റെ ശ്രീകാര്യത്തെ ഓലക്കുടിലിലേക്കാണ് അദ്ദേഹം വീണ്ടും എത്തിയത്.
മരണത്തെ മുഖാമുഖം കണ്ട മകനെ ജീവനോടെ തിരിച്ചുകിട്ടിയ ആശ്വാസത്തിലാണ് അമ്മ കൃഷ്ണമ്മ. നിറമിഴികളോടെയാണ് അവർ വാവ സുരേഷിനെ വീണ്ടും വീട്ടിലേക്ക് കൈപിടിച്ചു കയറ്റിയത്. 'ദൈവമാണ് ജീവൻ രക്ഷിച്ചത്' മാതാവ് കൃഷ്ണമ്മ നിറകണ്ണുകളോടെ പറഞ്ഞു. പലതവണയും ആശുപത്രിയിൽ എത്തിക്കേണ്ടി വന്നിട്ടുണ്ടെങ്കിലും ഇത്ര ആശങ്കാജനകമായ രീതിയിൽ മരണത്തെ മുഖാമുഖം കണ്ടത് ആദ്യത്തെ അനുഭവം. പാമ്പു പിടിക്കാനായി ഫോൺ വിളികൾ എത്തുമ്പോൾ പുറപ്പെടാനുള്ള എളുപ്പത്തിനാണ് മാസങ്ങൾക്കു മുൻപ് മെഡിക്കൽ കോളജിനു സമീപം ലോഡ്ജിൽ മുറി എടുത്തത്. ആദ്യകാലത്ത് സ്വന്തം സ്‌കൂട്ടറിൽ ആയിരുന്നു പാമ്പു പിടിക്കാൻ പോയിരുന്നത്. ദൂരസ്ഥലങ്ങളിൽ സ്‌കൂട്ടറിൽ എത്തുക ബുദ്ധിമുട്ടായതോടെ റെന്റ്എ കാറിലാക്കി യാത്ര.
രണ്ടാഴ്ച മുൻപ് പോത്തൻകോട് വച്ചുണ്ടായ അപകടത്തിൽ കാറിന് കാര്യമായ കേടുപാടു പറ്റി. ഈ അപകടമാണ് തന്നെ തളർത്തിയതെന്നാണ് വാവ പറയുന്നത്. വാഹനാപകടത്തിൽ സുരേഷിന്റെ നട്ടെല്ലിനും ഇടിയേറ്റിരുന്നു. മൂർഖന്റെ കടി ഏൽക്കാനുള്ള ഒരു കാരണം ഈ വാഹനാപകടം ആണെന്ന് സുരേഷ് പറയുന്നു. പാമ്പ് കാലിൽ കടിക്കുന്നത് തടയാൻ ശ്രമിക്കുമ്പോൾ പെട്ടെന്ന് നട്ടെല്ലിൽ വേദന ഉണ്ടായതോടെയാണു തന്റെ ശ്രദ്ധ മാറിയത് എന്നും സുരേഷ് പറഞ്ഞു. ഈ തക്കത്തിനാണ് പാമ്പു കടിച്ചതും.
പാമ്പു പിടിത്തക്കാരൻ ആയിട്ടാണ് വാവ സുരേഷ് അറിയപ്പെടുന്നതെങ്കിലും നാട്ടുകാർക്ക് വാവ സുരേഷ് നല്ലൊരു സാമൂഹിക പ്രവർത്തകൻ ആണ്. ഇല്ലായ്മകൾക്കിടയിലും തന്റെ കൈവശം ഉള്ള പണത്തിന്റെ ഒരു ഭാഗം സാമൂഹിക പ്രവർത്തനത്തിനായി നൽകാറുണ്ട്. അച്ഛൻ ബാഹുലേയൻ കൂലി പണിക്കാരനാണ്. ലാലി അല്ലാതെ സത്യദേവൻ, ഗിരീശൻ എന്നീ സഹോദരങ്ങളും സുരേഷിനുണ്ട്. തന്റെ ആരോഗ്യം വീണ്ടെടുത്ത ശേഷം പൂർവാധികം ശക്തിയോടെ പാമ്പു പിടിത്തവും സാമൂഹിക പ്രവർത്തനവും നടത്തുമെന്നു വാവ പറയുന്നു.
വാവ സുരേഷ് ഇതിനകം സംസ്ഥാനത്തിനകത്തും പുറത്തും നിന്നായി അരലക്ഷത്തിലേറെ പാമ്പുകളെ പിടിച്ചു. അതിൽ തന്നെ 36 രാജവെമ്പാലയും ഉൾപ്പെടും. 300 തവണ കടിയേറ്റിട്ടുണ്ട്. അതേസമയം വാവ സുരേഷിന് അദ്ദേഹത്തിന്റെ താൽപ്പര്യം അനുസരിച്ചു വീടു നിർമ്മിച്ചു നൽകുമെന്നാണ് മന്ത്രി വി എൻ വാസവൻ വ്യക്തമാക്കിയത്.
സിപിഎം. കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള അഭയം ചാരിറ്റബിൾ സൊസൈറ്റിയാണ് വീട് നിർമ്മിച്ച് നൽകുക. ഇതിനായുള്ള എല്ലാ ക്രമീകരണങ്ങളും ഒരുക്കിനൽകുമെന്നും വാവ സുരേഷിന്റെ കുടിൽ സന്ദർശിച്ചശേഷം മന്ത്രി വി.എൻ.വാസവൻ പറഞ്ഞു. വളരെ ദയനീയമാണ് വാവ സുരേഷിന്റെ സാഹചര്യങ്ങൾ. കിട്ടിയ പുരസ്‌കാരങ്ങൾപോലും സൂക്ഷിക്കാനാകാത്ത തരത്തിലുള്ള വീടാണിപ്പോൾ. കണ്ടപ്പോൾ വിഷമം തോന്നിയെന്നും അദ്ദേഹം പറഞ്ഞു.
സുരേഷിന്റെ ഇഷ്ടത്തിനനുസരിച്ചുള്ള വീടാകും നിർമ്മിക്കുക. വാവ സുരേഷ് ആശുപത്രിയിൽ കിടന്ന സമയത്താണ് വീടിന്റെ ദയനീയമായ അവസ്ഥ ശ്രദ്ധയിൽപ്പെട്ടത്. ബോധം വന്ന സമയത്ത് വീട് നിർമ്മിച്ചു നൽകാനുള്ള സന്നദ്ധത അറിയിക്കുകയും അത് സുരേഷ് സമ്മതിക്കുകയുമായിരുന്നുവെന്ന് മന്ത്രി വാസവൻ പറഞ്ഞു. വീടിരിക്കുന്ന സ്ഥലവും സാഹചര്യവും ബോധ്യപ്പെടുന്നതിനു വേണ്ടിയാണ് ഇപ്പോൾ വന്നത്. അടുത്ത ദിവസം എൻജിനിയർ എത്തി വാവ സുരേഷിന്റെയും കുടുംബാംഗങ്ങളുടെയും അഭിപ്രായം അനുസരിച്ച് പ്ലാനുണ്ടാക്കുമെന്നും മന്ത്രി പറഞ്ഞു.
വാവ സുരേഷിന്റെ പ്രവർത്തനങ്ങൾ എല്ലാവർക്കും കൺമുന്നിൽ ബോധ്യമാകുന്നവയാണ്. അത്തരം കാര്യങ്ങളെ ആക്ഷേപിക്കുകയും അപഹസിക്കുകയും ചെയ്യുന്നതെന്തിനാണെന്നും മന്ത്രി ചോദിച്ചു. വാവ സുരേഷിനെ വിളിക്കരുത് എന്ന് പറയുന്ന ഉദ്യോഗസ്ഥർക്ക് കുശുമ്പാണ്. ഫോറസ്റ്റുകാർ പലപ്പോഴും പറയുന്ന സമയത്ത് വരാറില്ല. വന്നാൽത്തന്നെ കൃത്യമായി പിടിച്ച് വനത്തിൽ കൊണ്ടുപോകുന്നുവെന്നതിനെന്താണ് ഉറപ്പ്. വാവ പിടിക്കുന്ന പാന്പുകളെയെല്ലാം വനത്തിലാണ് വിടുന്നത്. അദ്ദേഹം ആശുപത്രിയിൽ ഉണ്ടായിരുന്ന സമയത്ത് ആയിരക്കണക്കിന് ഫോൺകോളുകളാണ് എനിക്ക് വന്നത്. പാമ്പിനെ സുരേഷ് വിളിക്കുന്നത് അതിഥിയെന്നാണ്. പ്രകൃതിസ്നേഹിയാണ് അദ്ദേഹം- മന്ത്രി വാസവൻ പറഞ്ഞു.
മറുനാടന് മലയാളി ബ്യൂറോ