തളിപ്പറമ്പ്: സിപിഎം പാർട്ടി ഗ്രാമമായ കീഴാറ്റൂരിൽ കൊടികുത്തി ബിജെപിയുടെ കർഷക രക്ഷാ മാർച്ച്. സിപിഎമ്മിന്റെ കുത്തക പാർട്ടിഗ്രാമമായ കീഴാറ്റൂരിൽ ചരിത്രത്തിലാദ്യമായാണ് ബിജെപി പ്രവർത്തകർ കാലുകുത്തുന്നത്. ഒരു ബിജെപി പ്രവർത്തകൻ പോലും കീഴാറ്റൂരിലില്ല. അതിനാൽത്തന്നെ ഇത്തരമൊരു പരിപാടി സംഘടിപ്പിക്കാൻ കഴിഞ്ഞതിന്റെ ആഹ്ലാദത്തിലാണ് ബിജെപി നേതൃത്വം. നമ്പ്രടത്ത് ജാനകിയും സുരേഷ് കീഴാറ്റൂരും വേദിയിലെത്തി എന്നതും ശ്രദ്ധേയമായി.

നാടിന്റെ വികസനത്തിന് ഞങ്ങൾ ഒറ്റക്കെട്ട് എന്നുപറഞ്ഞ് സിപിഐഎം ബോർഡുകളും കൊടിമരവും വഴിയിലുണ്ടായിരുന്നു. വയൽക്കിളികളെ സംബന്ധിച്ച് സ്വതന്ത്ര നിലപാടിലേക്ക് നീങ്ങുകയാണ്. ഇത് ബിജെപി മുതലെടുക്കാനാണ് സാധ്യത. ആറന്മുള വിമാനത്താവള വിഷയത്തിൽ സിപിഐഎം ആർഎസ്എസ് കൈകോർത്തിരുന്നു. ഇത് ഇവിടെയും സാധ്യമാക്കിക്കൂടേയെന്ന് സുരേഷ് കീഴാറ്റൂർ ചോദിക്കുന്നു.

കീഴടങ്ങില്ല കീഴാറ്റൂരെന്ന പേരിൽ ബിജെപി ദേശീയ നിർവാഹക സമിതിയംഗം പി.കെ.കൃഷ്ണദാസ് നയിക്കുന്ന മാർച്ച് നന്ദിഗ്രാം സമര നേതാവ് രാഹുൽ സിൻഹ ഉദ്ഘാടനം ചെയ്തു. നെൽക്കതിരും പാളത്തൊപ്പിയും ബിജെപി ദേശീയസമിതിയംഗം പി കെ കൃഷ്ണദാസിന് നൽകി നമ്പ്രാടത്ത് ജാനകിയുടെ നേതൃത്വത്തിലാണ് ജാഥ പുറപ്പെട്ടത്. വയൽ വന്ദനവും നടന്നു.

സിപിഐഎമ്മിന് ശവക്കല്ലറ തീർക്കുന്ന സമരമാണ് കീഴാറ്റൂരിലേതെന്നും നന്ദിഗ്രാം പോലെ സിപിഐഎം ഇവിടെ നിലംപരിശാകുമെന്നും ബിജെപി ദേശീയ സെക്രട്ടറി രാഹുൽ സിൻഹ. മാർച്ച് ഉദ്ഘാടനം ചെയ്തു. ബംഗാൾ നന്ദിഗ്രാമിൽ നിന്ന് മണ്ണു കൊണ്ടുവന്നാണ് താൻ സമരത്തിലെത്തിയത്. നിങ്ങളുടെ മണ്ണിന് വേണ്ടിയുള്ള പോരാട്ടം വിജയിക്കുക തന്നെ ചെയ്യും. അതോടെ സിപിഐഎം ഇവിടെ നാമാവശേഷമാകും. ബംഗാളിനും ത്രിപുരയ്ക്കും പുറമേ സിപിഐഎം അന്ത്യശ്വാസം വലിക്കുന്ന അവസ്ഥയാണ് ഇനി കേരളം കാണുക.

ചെങ്കൊടി മാത്രമുണ്ടായിരുന്ന ഗ്രാമത്തിൽ താമരയും പറന്നു തുടങ്ങി എന്ന പ്രത്യേകതയാണ് കീഴാറ്റൂരിൽ നിന്നും ഉയർന്നു കേൾക്കുന്നത്. സിപിഎം ഗ്രാമത്തിൽ അണികൾതന്നെ സമരത്തിനിറങ്ങിയതും നേതൃത്വം തള്ളിപ്പറഞ്ഞതും ബിജെപി പ്രവേശനം എളുപ്പമാക്കി. വയൽക്കിളികളുടെ സമരപന്തൽ തന്നെയാണ് ബിജെപിയും കർഷക രക്ഷാ മാർച്ചിന് വേദിയാക്കിയത്. സമരനായിക ജാനകിയിൽനിന്ന് നെൽക്കതിരും പാളതൊപ്പിയും സ്വീകരിച്ചാണ് പി.കെ.കൃഷ്ണദാസ് മാർച്ച് തുടങ്ങിയത്.