കണ്ണൂർ: കീഴാറ്റൂരിൽ വയൽ പിടിച്ചെടുക്കൽ സമരം വരുന്നു. ഐക്യദാർഢ്യ സമിതിയും കീഴാറ്റൂർ വയൽക്കിളികളും ഡിസംബർ 30 ന് കീഴാറ്റൂർ വയൽ പിടിച്ചെടുത്തുകൊണ്ട് സമരം ആരംഭിക്കും. കേരളത്തിലെ എല്ലാ പരിസ്ഥിതി സംഘടനകളുടേയും പ്രവർത്തകരേയും കീഴാറ്റൂരിലെത്തിച്ച് പ്രതീകാത്മകമായി നെൽ വയൽ പിടിച്ചെടുക്കും. 'നമ്മൾ കൊയ്യും വയലെല്ലാം നമ്മുടെതാകും പൈങ്കിളിയേ' എന്ന് കേരളം ഉയർത്തിയ ഉജ്ജ്വല മുദ്രാവാക്യത്തിന്റെ തുടർച്ചയായി പ്രളയാനന്തര കേരളത്തിന് ഒരു തുണ്ട് നെൽവയലും തണ്ണീർതടവും നഷ്ടപ്പെടുത്താനാവില്ല. കേരളത്തിനിയും ചുങ്കപ്പാതകൾ താങ്ങാനാവില്ല, എന്നീ മുദ്രാവാക്യങ്ങളുയർത്തി സമരം ശക്തമാക്കാനാണ് വയൽക്കിളികൾ ലക്ഷ്യമിടുന്നത്.

അതി വിപുലമായ ഒരു പരിസ്ഥിതി സമരത്തിന് ഇനിയും പ്രസക്തിയുണ്ടെന്ന വിശ്വാസത്തിലാണ് വയൽക്കിളികൾ. 30 ാം തീയ്യതി ഉച്ചതിരിഞ്ഞ് 3 മണിക്ക് പ്രതീകാത്മകമായി പരിസ്ഥിതി പ്രവർത്തകർ കീഴാറ്റൂർ വയൽ പിടിച്ചെടുക്കും. ദേശീയ പാതക്കു വേണ്ടിയുള്ള അന്തിമ വിജ്ഞാപനത്തിലൂടെ കീഴാറ്റൂരിലൂടെ ബൈപാസ് നിർമ്മിക്കാനുള്ള സാധ്യത ഏറിയെങ്കിലും അന്തിമ പോരാട്ടത്തിന് ഒരുങ്ങുമ്പോൾ സമരത്തിന്റെ വിജയ പരാജയങ്ങളെക്കുറിച്ച് ചിന്തിക്കുന്നില്ലെന്ന് വയൽക്കിളി നേതാവ് സുരേഷ് കീഴാറ്റൂർ പറഞ്ഞു. കമ്യൂണിസ്റ്റ് പോരാട്ടത്തിന്റെ ഭൂമികയാണ് കീഴാറ്റൂർ. വർത്തമാന കാലത്ത് അതിന്റെ നേരവകാശികൾ വയൽക്കിളികളാണെന്നും സുരേഷ് കീഴാറ്റൂർ അവകാശപ്പെടുന്നു.

നേരത്തെ ദേശീയപാതാ അഥോറിറ്റി തയ്യാറാക്കിയ രണ്ട് അലൈന്മെന്റുകൾ മാറ്റിയാണ് കീഴാറ്റൂർ വയലിലൂടെ ബൈപാസിന് അനുമതി നൽകിയത്. ഉന്നതമായ ഇടപെടലിലൂടെയാണ് വയലിലൂടെയുള്ള ബൈപാസിനുള്ള അനുമതി നൽകപ്പെട്ടതെന്ന് ആരോപിച്ചാണ് വയൽക്കിളികൾ സമരം ആരംഭിച്ചത്. ഒന്നര വർഷക്കാലം നീണ്ടു നിന്ന സമരം ദേശീയ തലത്തിൽ തന്നെ ചർച്ച ചെയ്യപ്പെട്ടിരുന്നു. സിപിഎം. പാർട്ടി ഗ്രാമമായ കീഴാറ്റൂരിലെ സമരത്തിന് പാർട്ടിയുടെ കീഴ്ഘടകങ്ങൾ ആദ്യം സജീവമായി രംഗത്തുണ്ടായിരുന്നു. ഒടുവിൽ പാർട്ടി നേതൃത്വം സമരക്കാരിലെ പാർട്ടി മെമ്പർമാരെ പുറത്താക്കി. എങ്കിലും സമരം മുന്നോട്ടു തന്നെ പോയി.

ബിജെപി. എം. പി സുരേഷ് ഗോപി എത്തിയതോടെ ബിജെപി.യുടെ ഇടപെടലും ശക്തമായി. അതോടെ വിഷയം രാഷ്ട്രീയ തർക്കമായി. അന്നത്തെ ബിജെപി. സംസ്ഥാന പ്രസിഡണ്ട് കുമ്മനം രാജശേഖരൻ മുതൽ കേന്ദ്ര നേതാക്കൾ വരെ കീഴാറ്റൂരിലെത്തി സമരം നയിച്ചു. വയൽക്കിളികളുടെ സമര പന്തൽ സിപിഎം. അനുകൂലികളെന്ന് പറയുന്നവർ പരസ്യമായി കത്തിക്കുകയുമുണ്ടായി. കുമ്മനം രാജശേഖരന്റെ ഇടപെടലോടെയാണ് കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിലെ പ്രത്യേക സംഘം കീഴാറ്റൂരിൽ പരിശോധനക്കെത്തിയത്. അവരുടെ റിപ്പോർട്ടിൽ തണ്ണീർ തടങ്ങളും വയലുകളും മണ്ണിട്ട് മൂടരുതെന്ന് നിർദ്ദേശിച്ചു. തുടർന്ന് കേന്ദ്ര മന്ത്രി നിധിൻ ഗഡ്കരിയുമായി വയൽക്കിളി നേതാക്കളും ബിജെപി. നേതാക്കളും നടത്തിയ ചർച്ചയെ തുടർന്നാണ് കേന്ദ്ര സംഘം സ്ഥലത്തെത്തി പരിശോധന നടത്തുമെന്ന് ഉറപ്പ് നൽകിയത്. എന്നാൽ ഇക്കാര്യത്തിൽ ഒരു തീരുമാനവും ഉണ്ടായില്ല. ജില്ലാ കലക്ടർ നടപടിയുമായി മുന്നോട്ട് നീങ്ങുകയും ചെയ്യുന്നു. വയൽക്കിളികൾ വീണ്ടും സമരം നടത്താൻ തയ്യാറെടുക്കുന്നത് ഈ പശ്ചാത്തലിത്തിലാണ്.

ജനകീയ സമരങ്ങളെ നേരിടുന്ന സമീപനത്തിൽ സിപിഎമ്മും ബിജെപി.യും ഒരേ നിലപാടാണ് സ്വീകരിക്കുന്നതെന്ന് കീഴാറ്റൂർ സമരനായകൻ സുരേഷ് കീഴാറ്റൂർ പറയുന്നു. ഇവർ ആരുടേയും പിൻതുണക്ക് നിൽക്കാതെ ശക്തമായ സമരമുറകളുമായി വൽക്കിളികൾ മുന്നോട്ട് പോകുമെന്നും സുരേഷ് കീഴാറ്റൂർ പറഞ്ഞു. ദുർബലമായ നേതൃത്വമാണ് ബിജെപി.യെ നയിക്കുന്നതെന്നും മുതലാളിത്ത താത്പര്യങ്ങൾ നടപ്പാക്കുന്നതിൽ ബിജെപി.യും സിപിഎമ്മും ഒരു പോലെയാണെന്നും സുരേഷ് കീഴാറ്റൂർ പറയുന്നു. ഈ ആഴ്‌ച്ച തന്നെ അടുത്ത സമരമുറയെക്കുറിച്ച് തീരുമാനമെടുക്കുമെന്നും അദ്ദേഹം പറയുന്നു