തിരുവനന്തപുരം: പാർട്ടിയുടെ കമ്മ്യൂണിക്കേഷൻ സ്ഥാപനങ്ങളോടുള്ള വി എം സുധീരന്റെ താൽപര്യക്കുറവ് കോൺഗ്രസ് മുഖപത്രമായ വീക്ഷണത്തെ പ്രതിസന്ധിയിലാക്കി. വലിയ സാമ്പത്തിക പ്രതിസന്ധിയാണ് സ്ഥാപനം നേരിടുന്നത്. നിലവിൽ 6 യൂണിറ്റുകളുണ്ട് വീക്ഷണത്തിന്. തിരുവനന്തപുരം, കൊല്ലം, കൊച്ചി, തൃസ്സൂ ർ , കോഴിക്കോട് , കണ്ണൂർ എന്നിവിടങ്ങളിലാണ് യൂണിറ്റുകൾ. ഈ യൂണിറ്റുകളെല്ലാം ലാഭകരമല്ലാത്ത അവസ്ഥയിലാണ് പ്രവർത്തിക്കുന്നത്.

20 മാസം മുൻപ് ആരംഭിച്ച കൊല്ലം യൂണിറ്റിലാണ് പ്രതിസന്ധി രൂക്ഷം. 30 ലക്ഷത്തോളം രൂപ കടം യൂണിറ്റ് ഇതിനകം വരുത്തിവച്ചതായാണ് വിവരം. പത്രം അച്ചടിക്കുന്ന പ്രസ്സിൽ ലക്ഷങ്ങൾ നൽകാനുണ്ട്. ഈ സാഹചര്യത്തിൽ കൊല്ലം യൂണിറ്റ് അടച്ചുപൂട്ടാനാണ് മാനേജ് മെന്റ് ആലോചിക്കുന്നത്. ജീവനക്കാരെ പുനർവിന്യസിക്കും. കൊല്ലത്തേക്കുള്ള പത്രം തിരുവനന്തപുരത്ത് അച്ചടിച്ച് കൊല്ലത്ത് എത്തിക്കാനാണ് നീക്കം. പരസ്യവരുമാനം തീരെയില്ലാത്തതാണ് കൊല്ലം യൂണിറ്റിനെ പ്രതിസന്ധിയിലാക്കിയത്.

തിരുവനന്തപുരം യൂണിറ്റിനും പരസ്യവരുമാനത്തിൽ ഗണ്യമായ കുറവാണ് സംഭവിച്ചിരിക്കുന്നത്. മാർച്ചിനു ശേഷം പരസ്യ വരുമാനം കാര്യമായി കുറഞ്ഞു. ഭരണം ഉണ്ടായിരുന്നപ്പോൾ പരസ്യം നൽകിയിരുന്ന ചില സ്ഥാപനങ്ങൾ ഇപ്പോൾ പരസ്യം നൽകുന്നില്ല. പി ആർ ഡി പരസ്യങ്ങളിലും കുറവ് വന്നിട്ടുണ്ട്. ഇതൊക്കെ യൂണിറ്റിനെ കുഴപ്പത്തിലാക്കി .

എ. സി ജോസ് മാനേജിങ് ഡയറക് ടറായിരുന്ന കാലമാണ് വീക്ഷണത്തിൽ വികസനത്തിന് വഴി തെളിച്ച ഏക കാലഘട്ടം. ജീവനക്കാർക്ക് കൃത്യം രണ്ടാം തീയതി ശമ്പളം നൽകി. ഒരേ തസ്തികയിൽ ജോലി ചെയ്യുന്നവർക്ക് തുല്യശമ്പളം നടപ്പാക്കി. സാമ്പത്തിക സമാഹരണത്തിന് പ്രാധാന്യം നൽകി. എസി ജോസിന്റെ മരണ ശേഷം കോൺഗ്രസ്സിൽ നിന്ന് പിന്നീടാരും വീക്ഷണത്തിന് കാര്യമായ പിന്തുണ നൽകിയില്ല. കെ പി സി സി പ്രസിഡന്റാണ് വീക്ഷണത്തിന്റെ ചെയർമാൻ. പത്രം സാമ്പത്തിക പ്രതിസന്ധിയിലായിട്ടും സ്ഥാപനത്തെ കരകയറ്റാൻ എന്തെങ്കിലും നടപടി സ്വീകരിക്കാൻ സുധീരൻ ഇതുവരെ തയ്യാറായിട്ടില്ല.

പത്രപ്രവർത്തകർക്ക് ശമ്പള വർധന നൽകുന്ന വേജ് ബോർഡ് നിർദേശങ്ങൾ വീക്ഷണത്തിൽ ഉടൻ നടപ്പാക്കാൻ തയ്യാറെടുക്കുകയാണ് മാനേജ് മെന്റ്. എന്നാൽ സ്ഥാപനത്തിലെ ചുരുക്കം ചിലർക്ക് മാത്രമേ ഇതിന്റെ ആനുകൂല്യം ലഭ്യമാകൂ. വീക്ഷണത്തിൽ പല പത്രപ്രവർത്തകർക്കും ഇതുവരെ നിയമനോത്തരവ് ലഭിക്കാത്തതാണ് കാരണം. നിലവിൽ ദീർഘനാളായി ജോലി ചെയ്യുന്നവർക്ക് നിയമനോത്തരവ് നൽകണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.

സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെ പത്രത്തിന്റെ കളർ പേജുകളുടെ എണ്ണം കുറയ്ക്കാനും മാനേജ് മെന്റ് നിർബന്ധിതമായി. നേരത്തെ നാലുപേജായിരുന്നു കളർ. ഇപ്പോഴത് രണ്ട് പേജായി ചുരുങ്ങി. പാർട്ടിയുടെ ഭാഗത്ത് നിന്ന് അടിയന്തര ഇടപെടൽ ഉണ്ടായില്ലെങ്കിൽ വീക്ഷണത്തിലെ പ്രതിസന്ധി കൂടുതൽ രൂക്ഷമാകും.