തിരുവനന്തപുരം: വയനാട്ടിൽ രാഹുൽ ഗാന്ധിയുടെ ഓഫീസ് ആക്രമിച്ച സംഭവത്തിൽ ആരോഗ്യമന്ത്രി വീണ ജോർജ്ജിന്റെ പേഴ്‌സണൽ സ്റ്റാഫ് അംഗമാണ് പ്രതിപ്പട്ടികയിൽ ഉള്ളതെന്ന വ്യക്തമായതോടെ സിപിഎം കേന്ദ്രങ്ങൾ ആശയക്കുഴത്തപ്പിലായിരുന്നു.  ഇതോടെ പച്ചക്കള്ളം പറഞ്ഞു വിവാദത്തിൽ നിന്നും തടിയൂരാനാണ് മന്ത്രി വീണാജോർജ്ജ് ശ്രമിച്ചത്. ഇതിനായി എസ്എസ്എഫ് നേതാവായ കെ ആർ അവിഷിത്ത് തന്റെ പേഴ്‌സണൽ സ്റ്റാഫ് അംഗം അല്ലെന്നും ഈമാസം ആദ്യം വ്യക്തിപരമായി കാരങ്ങളിൽ നിന്നും ഒഴിവാക്കിയെന്നുമുള്ള പച്ചക്കള്ളമാണ് മന്ത്രി പറഞ്ഞത്.

എന്നാൽ അവിഷിത്ത് മന്ത്രിയുടെ പേഴസണൽ സ്റ്റാഫ് അംഗമായി തുടരുകയാണെന്ന വാർത്ത മറുനാടൻ നൽകിയതോടെ ആരോഗ്യമന്ത്രിയുടെ പ്രതിരോധങ്ങൾ പാളി. ഓഫീസ് അറ്റൻഡറായിരുന്നു അവിഷിത്തിനെ നീക്കണമെന്ന് കാണിച്ചു അപേക്ഷ അടക്കം  രാവിലെയാണ് മന്ത്രിയുടെ ഓഫീസിൽ നിന്നും നൽകിയത്. മന്ത്രി അവകാശപ്പെട്ടതാകട്ടെ ഈ മാസം 14 മുതൽ അവിഷിത്ത് ഓഫീസിലെത്തുന്നില്ലെന്നുമായിരുന്നു. ഇതോടെ കള്ളം മറയ്ക്കാനുള്ള മന്ത്രിയുടെ ശ്രമമാണ് പൊളിഞ്ഞത്.

മന്ത്രി വീണ ജോർജിന്റെ പ്രൈവറ്റ് സെക്രട്ടറിയാണ് പൊതുഭരണ വകുപ്പിന് രാവിലെ കത്തു നൽകിയത്. ഉച്ചയ്ക്ക് ശേഷം നീക്കം ചെയ്തതായി പൊതുഭരണ വകുപ്പിന്റെ ഉത്തരവിറങ്ങുകയും ചെയ്തു. ഏറെ നാളായി ഓഫീസിൽ ഹാജരാകുന്നില്ലെന്നും അതിനാൽ ഒഴിവാക്കണമെന്നുമാണ് കത്തിലെ ആവശ്യം. ഈ മാസം 14 മുതൽ അവിഷിത്ത് ഓഫീസിലെത്തുന്നില്ലെന്ന് പ്രൈവറ്റ് സെക്രട്ടറി സജീവൻ നൽകിയ കത്തിൽ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നെലയാണ് നീക്കം ചെയ്തു കൊണ്ടു നടപടി ഉണ്ടായത്.  ജൂൺ 15 മുതൽ മുൻകാല പ്രാബല്യത്തോടെയാണ് നീക്കുന്നതെന്ന് പൊതുഭരണവകുപ്പ് ശനിയാഴ്ച ഇറക്കിയ ഉത്തരവിലുണ്ട്.

എസ്എഫ്‌ഐ മുൻ ജില്ലാ വൈസ് പ്രസിഡന്റ് കൂടിയായി അവിഷിത്ത് ഇപ്പോൾ തന്റെ സ്റ്റാഫംഗം അല്ലെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് വ്യക്തമാക്കിയിരുന്നു. എന്നാൽ അവിഷിത്തിനെ ജോലിയിൽ നിന്ന് ഒഴിവാക്കി കൊണ്ടുള്ള ഉത്തരവ് ഇതുവരെ പൊതുഭരണ വകുപ്പോ ആരോഗ്യ മന്ത്രിയുടെ ഓഫീസോ പുറത്തുവിട്ടിട്ടില്ല. ആഭ്യന്തര വകുപ്പ് നൽകിയ തിരിച്ചറിയൽ കാർഡ് അവിഷിത്ത് ഇതുവരെ പൊതുഭരണ വകുപ്പിൽ തിരിച്ച് ഏൽപ്പിച്ചിരുന്നുമില്ല. ഇതോടെ മന്ത്രി പറഞ്ഞത് കള്ളമാണെന്ന് വ്യക്തമാകുകയും ചെയ്തു.

ഇമേജ് കാക്കാൻ വേണ്ടി പച്ചക്കള്ളം പറഞ്ഞ മന്ത്രി ഇതോടെ വെട്ടിലായിരിക്കയാണ്. അവിഷിത്തിനെ പുതിയ തീയതിയിൽ മാത്രമേ ഇനി സർവ്വീസിൽ നിന്ന് ഒഴിവാക്കിയതായി കാണിക്കാൻ പൊതു ഭരണ വകുപ്പിന് കഴിയുകയുള്ളൂ. സാധാരണ ഗതിയിൽ ഇത്തരം മാറ്റങ്ങൾ ഉണ്ടെങ്കിൽ അക്കാര്യം ഉടൻ പൊതുഭരണ വകുപ്പിനെ അറിയിക്കുകയാണ് പതിവ്. ഈ മാസം ആദ്യമാണ് മാറിയതെന്ന് മന്ത്രി പറയുന്നു. എന്നിട്ടും മൂന്നാഴ്ചയായിട്ടും പൊതുഭരണ വകുപ്പ് ഉത്തരവ് ഇറങ്ങിയില്ലെന്നത് സർക്കാരിന്റെ കാര്യക്ഷമതയേയും പ്രതിക്കൂട്ടിലാക്കിയിരുന്നു.

വിദ്യാർത്ഥി നേതാവ് എങ്ങനെ മന്ത്രിയുടെ ഓഫീസിൽ ജീവനക്കാരനായി എന്ന ധാർമികമായ ചോദ്യവും ഉയരുന്നുണ്ട്. പേഴ്സണൽ സ്റ്റാഫ് നിയമനങ്ങൾക്കെതിരെ ഗവർണ്ണർ ഉയർത്തിയ ചോദ്യങ്ങളുടെ പ്രസക്തിയാണ് ഇവിടേയും ചർച്ചയാകുന്നത്. അതേസമയം, അവിഷിത്തിനെ പ്രതി പട്ടികയിൽ നിന്നൊഴിവാക്കാൻ സിപിഎം സമ്മർദ്ദം ചെലുത്തുന്നുണ്ടെന്നും സൂചനകളുണ്ട്. അതേസമയം പൊലീസിനെ ഭീഷണിപ്പെടുത്തുന്ന വിധത്തിലാണ് എസ്എഫ്‌ഐ നേതാവിന്റെ ഫേസ്‌ബുക്ക് പോസ്റ്റും.

കേരളത്തിലെ പൊലീസ് കോൺഗ്രസ് പ്രവർത്തകരുടെ പണിയാണ് എടുക്കാൻ ഉദ്ദേശിക്കുന്നതെങ്കിൽ പ്രതിരോധം തീർക്കുമെന്ന് അവിഷിത്ത് ഫേസ്‌ബുക്കിൽ കുറിച്ചു. വയനാട്ടിൽ രാഹുൽ ഗാന്ധിയുടെ ഓഫീസ് ആക്രമിച്ച സംഭവത്തിലെ അവിഷിത്ത് കെ ആറിനെ പ്രതി ചേർത്തിട്ടുണ്ട് എന്നാണ് വിവരം. കേസിൽ ആറ് എസ്എഫ്ഐ പ്രവർത്തകർ കൂടി കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കൽപ്പറ്റ പൊലീസാണ് എസ്എഫ്ഐ പ്രവർത്തകരെ കസ്റ്റഡിയിലെടുത്തത്. ഇതോടെ, സംഭവത്തിൽ പിടിയിലായവരുടെ എണ്ണം 25 ആയി. കേസിൽ 19 എസ്എഫ്ഐ പ്രവർത്തകരെ ഇന്നലെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ജാമ്യമില്ലാ വകുപ്പുകൾ പ്രകാരമാണ് ഇവർക്കെതിരെ കേസെടുത്തത്.