തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മകൾ വീണയുടെ മെന്ററാണ് പിഡബ്ല്യുസി ഡയറക്ടർമാരിൽ ഒരാളായ ജെയ്ക് ബാലകുമാർ എന്ന മാത്യു കുഴൽനാടൻ എംഎൽഎയുടെ ആരോപണത്തിന് തെളിവ് പുറത്തുവിട്ടതിന് പിന്നാലെ, വീണയുടെ ഉടമസ്ഥതയിലുുള്ള എക്സാലോജിക് സൊല്യൂഷൻസിന്റെ വെബ്സൈറ്റ് അപ്രത്യക്ഷമായി. www.exalogic.in എന്ന വെബ്സൈറ്റാണ് അപ്രത്യക്ഷമായത്.

ഗൂഗിൾ അടക്കം സെർച്ച് എൻജിനുകളിൽ നിന്ന് വൈബ്സൈറ്റിന്റെ ഡൊമൈൻ നീക്കം ചെയ്തെന്നാണ് സൂചന. പ്രൈസ് വാട്ടർഹൗസ് കൂപ്പേഴ്സ് (പിഡബ്ല്യുസി) ഡയറക്ടർ ജെയ്ക് ബാലകുമാർ മെന്ററാണെന്നു മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണയുടെ കമ്പനിയായ എക്സാലോജിക് സൊലൂഷൻസ് വെബ്സൈറ്റിൽ രേഖപ്പെടുത്തിയതിന്റെ തെളിവു പുറത്ത് വന്നിരുന്നു. മാത്യു കുഴൽനാടൻ തന്നെയാണ് ഇക്കാര്യം പുറത്തുവിട്ടത്. വീണയുടെ എക്സാലോജിക് വെബ്സൈറ്റിൽ മുൻപ് ഇക്കാര്യം തന്നെ വ്യക്തമാക്കിയിരുന്നു. സ്വപ്നയുടെ നിയമനവുമായി ബന്ധപ്പെട്ട് പിഡബ്ല്യുസി വിവാദമായപ്പോൾ ഈ വിവാരങ്ങൾ വെബ്സൈറ്റിൽ നിന്നും നീക്കുകയായിരുന്നു. ഇക്കാര്യം വ്യക്തമാക്കാൻ വെബ് ഡൊമൈൻ ഹിസ്റ്ററി മൂവാറ്റുപുഴ എംഎൽഎ പുറത്തുവിട്ടു.

മുഖ്യമന്ത്രിയുടെ മകളുടെ വ്യക്തിപരമായ വിവരങ്ങൾ താൻ പരാമർശിച്ചിട്ടില്ലെന്നും മാത്യു കുഴൽനാടൻ വ്യക്തമാക്കി. വെബ്സൈറ്റിലെ ഒളിച്ചു കളിയാണ് താൻ ചൂണ്ടിക്കാട്ടിയതെന്നാണ് അദ്ദേഹം പറഞ്ഞത്. സ്വപ്നയെ നിയമിച്ചത് പിഡബ്ല്യുസി ആണെന്ന കാര്യം നിഷേധിക്കാൻ സാധിക്കില്ലെന്നും മാത്യു പറഞ്ഞു. വീണയുടെ സ്ഥാപനമായ എക്സാലോജിക്കിന്റെ വെബ്സൈറ്റിലെ തിരുത്തിയ വിവരങ്ങൾ വാർത്താസമ്മേളത്തിൽ അദ്ദേഹം പുറത്തുവിട്ടു.

പിഡബ്ല്യുസി ഡയറക്ടർ ജയെക്ക് ബാലകുമാർ വീണ വിജയന്റെ എക്സാ ലോജിക് എന്ന കമ്പനിയിൽ പ്രവർത്തിച്ചിരുന്നുവെന്നും ഇദ്ദേഹം തന്റെ മെന്റർ ആണെന്ന് വീണ വിജയൻ വെബ്സൈറ്റിൽ രേഖപ്പെടുത്തിയിരുന്നുവെന്നുമാണ് മാത്യു കുഴൽനാടൻ നിയമസഭയിൽ പറഞ്ഞത്. പിന്നീട് വിവാദങ്ങളെ തുടർന്ന് വെബ്സൈറ്റിലെ പരാമർശം ഒഴിവാക്കിയെന്നും എംഎൽഎ ആരോപിച്ചിരുന്നു. പറഞ്ഞത് അസംബന്ധം ആണെന്ന് തെളിയിക്കാൻ മുഖ്യമന്ത്രി വെല്ലുവിളിച്ചു. സ്വപ്നയെ നിയമിച്ചത് പിഡബ്ല്യുസി വഴി അല്ലെന്ന് പറയാനാകുമോയെന്നം അദ്ദേഹം ചോദിച്ചു.


വീണയാണ് സ്വപ്നാ സുരേഷിനെ ജോലിയിൽ നിയമിച്ചതെന്ന് താൻ പറഞ്ഞിട്ടില്ലെന്ന് മാത്യുകുഴൽനാടൻ പിന്നീട് ടെലിവിഷൻ ചാനലിനോട് പറഞ്ഞു. കോഴി കട്ടു എന്ന് പറയുമ്പോൾ തന്നെ എന്തിനാണ് തലയിൽ തപ്പുന്നതെന്ന് കുഴൽനാടൻ പരിഹസിച്ചു. ജെയ്ക്കിന് വീണയുമായി വേറെ രീതിയിൽ ബന്ധമുണ്ടെന്ന് താൻ പറഞ്ഞിട്ടില്ല. മുഖ്യമന്ത്രി സംശയത്തിന്റെ നിഴലിലാകുന്നത് ഈ ഒരു സാഹചര്യത്തിൽ മാത്രമല്ല. ഇതുപോലെ പല കാര്യങ്ങൾ വരുന്നതുകൊണ്ടാണ് അദ്ദേഹം സംശയത്തിന്റെ നിഴലിലാകുന്നത്. അതാണ് തന്റെ വിശാല അർത്ഥത്തിലുള്ള വാദമെന്നും അദ്ദേഹം വ്യക്തമാക്കി.

മാത്യു കുഴൽനാടന്റെ വാക്കുകൾ:

രണ്ട് കാര്യങ്ങളാണ് നിയമസഭയിൽ പറഞ്ഞത്. ഒന്ന്, സ്വപ്ന സുരേഷിന്റെ നിയമനം നടത്തിയത് പ്രൈസ് വാട്ടർ ഹൗസ് കൂപ്പേഴ്സ് എന്ന കമ്പനിയാണ്. പിഡബ്ല്യൂസിയുടെ ഡയറക്ടർമാരിൽ ഒരാളായ ജെയ്ക് ബാലകുമാർ മെന്ററെ പ്പോല ഗൈഡുമാണെന്ന് മുഖ്യമന്ത്രിയുടെ മകൾ വീണ പറഞ്ഞിരുന്നു എന്നുമാണ്. ആരോപണം ഉയർന്ന് വന്ന പശ്ചാത്തലത്തിൽ വെബ്സൈറ്റ് ഡൗൺ ആയി. പിന്നീട് വെബ്സൈറ്റ് അപ്പ് ആയ സമയത്ത് ആ വിവരങ്ങൾ അതിൽ നിന്നും നീക്കം ചെയ്യപ്പെട്ടു. ഇങ്ങനെയുള്ള സാഹചര്യത്തിൽ മുഖ്യമന്ത്രി ക്ലൗഡിൽ ആവുകയാണെന്നും ഞാൻ പറഞ്ഞു. ഞാൻ പറഞ്ഞതിൽ ഏതാണ് പച്ചക്കള്ളം. അതിനുള്ള തെളിവാണ് ഇന്ന് പുറത്ത് വിട്ടത്.

എക്സാലോജിക്കിന്റെ വെബ്സൈറ്റിൽ മൂന്ന് കൺസൾട്ടെൻസികളെയായിരുന്നു ചേർത്തിരുന്നത്. എന്നാൽ, ജെയ്ക് ബാലകുമാറിന് മാത്രമാണ് വ്യക്തിപരമായ നിലയിൽ കമ്പനിയിൽ ഇൻവോൾവ്മെന്റ് ഉള്ളത് എന്ന് വെബ്സൈറ്റിൽ രേഖപ്പെടുത്തിയത്. മെന്ററും ഗൈഡുമാണെന്ന് അവർ പറഞ്ഞു. മെന്റർ ഓഫ് ദി ഫൗണ്ടർ എന്നാണ് പറഞ്ഞത്. കമ്പനിയുടേത് എന്നല്ല പറഞ്ഞത്, ഫൗണ്ടർ എന്ന് പറഞ്ഞാൽ ആരാണ്, വീണാ വിജയൻ. അപ്പോൾ മെന്റർ ഓഫ് ദി ഫൗണ്ടർ എന്ന് പറഞ്ഞാൽ ആരാണ്.

ജെയ്ക് വീണയുമായി വേറെ രീതിയിൽ ബന്ധമുണ്ടെന്ന് ഞാൻ പറഞ്ഞിട്ടില്ല. വീണാ വിജയനാണ് സ്വപ്നാ സുരേഷിനെ വെച്ചതെന്ന് ഞാൻ പറഞ്ഞോ. എന്തിനാണ് എഴുതാപ്പുറം വായിക്കുന്നത്. കോഴി കട്ടു എന്ന് പറയുമ്പോൾ തന്നെ തലയിൽ തപ്പുന്നത് എന്തിനാണ്.
മുഖ്യമന്ത്രി സംശയത്തിന്റെ നിഴലിലാകുന്നത് ഒരു കോൺടെക്സ്റ്റിൽ അല്ല, പല കോൺടെക്സ്റ്റ് അതുപോലെ വരുന്നതുകൊണ്ടാണ്. ഇതാണ് എന്റെ ലാർജർ ആർഗ്യുമെന്റ്.

ഞാൻ ഇപ്പോൾ കൊണ്ടുവന്ന വെബ്സൈറ്റ് എക്സാലോജിക്കിന്റെ അല്ല എന്ന് പറഞ്ഞാൽ ഞാൻ പിൻവലിക്കാമെന്ന്. വളരെ ടോൺ ഡൗൺ ചെയ്താണ് വീണ ജെയ്കുമായി ബന്ധപ്പെട്ട കാര്യത്തിൽ ചാനലിന് നൽകിയ അഭിമുഖത്തിൽ വിശദീകരണം നൽകിയത്. ഉപദേശകനായി വെച്ച കമ്പനിയിൽ ആൾക്ക് കമ്പനിയുമായി പേഴ്സണൽ ലെവലിൽ ബന്ധം ഉണ്ടാകുമോ. അതിൽ ഒരു കാര്യവുമില്ലെങ്കിൽ വീണ വെബ്സൈറ്റിൽ നിന്ന് കാര്യങ്ങൾ മാറ്റിയത് എന്തിനാണ്.