ഡൽഹി: ഇരുമ്പുവാതിലുകളാൽ അടച്ചുകെട്ടിയ കെട്ടിടത്തിൽ സൂര്യപ്രകാശം കടക്കാൻപോലും പഴുതില്ല. ജയിലിന് സമാനമായ രീതിയിലാണ് കെട്ടിടത്തിന്റെ നിർമ്മിതി. ജനൽക്കമ്പികളിലും വരാന്തയിലെ വേലിക്കെട്ടുകളിലും വൈദ്യുതിപ്രവാഹമുണ്ടായിരുന്നു- ഡൽഹിയിലെ രോഹിണിയിൽ പെൺകുട്ടികളെ തടവിലാക്കി പീഡിപ്പിച്ചിരുന്ന ആധ്യാത്മിക് വിശ്വവിദ്യാലയ എന്ന സ്ഥാപനത്തിന്റെ അവസ്ഥയാണിത്. പെൺകുട്ടികളെ പൂട്ടിയിട്ട് പീഡിപ്പിക്കുന്ന ആധ്യാത്മിക് വിശ്വവിദ്യാലയയ്ക്ക് കേരളത്തിലും ആശ്രമം. ഇന്ത്യയിലൊട്ടാകെ 20-ല്പരം ആശ്രമങ്ങളാണ് സ്വയം പ്രഖ്യാപിത ആൾദൈവമായ വീരേന്ദർ ദേവ് ദീക്ഷിതിനുള്ളത്. ഈ സാഹചര്യത്തിൽ ദീക്ഷിത്തിനായുള്ള തെരച്ചിൽ കേരളത്തിലേക്കും പൊലീസ് വ്യാപിപ്പിച്ചു.

തൃശ്ശൂരിലെ കേച്ചേരിക്കടുത്തുള്ള എരനെല്ലൂരിലാണ് ആശ്രമം പ്രവർത്തിക്കുന്നത്. കേരളത്തിനു പുറമേ എല്ലാ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലും ശാഖകളുണ്ട്. നേപ്പാളിലെ കാഠ്മണ്ഡുവിലുള്ള ആശ്രമമാണ് ഇയാളുടെ പ്രധാന കേന്ദ്രം. ഡൽഹിക്കുപുറത്തുള്ള ആശ്രമങ്ങളിൽ സിബിഐ.യുടെ മേൽനോട്ടത്തിൽ പരിശോധന നടത്തും. രോഹിണിയിലെ ആശ്രമത്തിൽ ആദ്യം റെയ്ഡ് നടന്ന ഉടനെ മറ്റിടങ്ങളിൽനിന്ന് പെൺകുട്ടികളെ അജ്ഞാതകേന്ദ്രങ്ങളിലേക്ക് മാറ്റുന്നുവെന്ന് ആരോപണമുയർന്നിട്ടുണ്ട്. രാത്രിയിൽ എത്തിയ വാഹനത്തിൽ പെൺകുട്ടികളെ കയറ്റിക്കൊണ്ടുപോയതായി പരിസരവാസികൾ അറിയിച്ചു. കുട്ടികൾ കരയുന്നശബ്ദം കേട്ടതായും ഇവർ പൊലീസിനോട് പറഞ്ഞു. അതിനിടെ ബാംഗാളിലെ ദുർഗാപുരിലെ ആശ്രമത്തിനുമുൻപിൽ ജനം പ്രതിഷേധിച്ചതിനെത്തുടർന്ന് പൊലീസെത്തി ആശ്രമം പൂട്ടിയിട്ടു.

ന്യൂഡൽഹിയിൽ അഞ്ചുനിലകളിൽ പ്രവർത്തിക്കുന്ന 'ആധ്യാത്മിക് വിശ്വവിദ്യാലയ' എന്ന സ്ഥാപനത്തെക്കുറിച്ച് തൊട്ടടുത്ത് താമസിക്കുന്നവർക്കുപോലും വ്യക്തതയില്ലെന്നതാണ് യാഥാർത്ഥ്യം. രാത്രി ഒൻപതിനുശേഷം മാത്രം സജീവമാകുന്ന ഇവിടം നിഗൂഢതകളേറെ സൂക്ഷിക്കുന്നുവെന്ന് ഒറ്റനോട്ടത്തിൽ വ്യക്തം. വ്യാഴാഴ്ച ഡൽഹി വനിതാ കമ്മിഷന്റെ നേതൃത്വത്തിൽ ഇവിടെനിന്ന് നൂറോളം പെൺകുട്ടികളെ മോചിപ്പിച്ചു. മണിക്കൂറുകൾനീണ്ട വൈദ്യപരിശോധനയ്ക്കുശേഷമാണ് നൂറോളം വരുന്ന പെൺകുട്ടികളെ മറ്റൊരു കേന്ദ്രത്തിലേക്ക് മാറ്റിയത്. പെൺകുട്ടികളെ മയക്കുമരുന്ന് കുത്തിവെച്ച് അബോധാവസ്ഥയിലാക്കിയായിരുന്നു ഇവിടെ പാർപ്പിച്ചിരുന്നത്. ആത്മീയതയുടെ മറവിൽ പെൺവാണിഭക്കാരും ലഹരിമാഫിയയുമാണ് ഇവിടെ വാണിരുന്നത്.

വിശ്വവിദ്യാലയയിലെ ഭരണവിഭാഗം മേധാവി രുചിക ഗുപ്ത ഇപ്പോൾ പൊലീസ് കസ്റ്റഡിയിലാണ്. വീരേന്ദർ ദേവ് ദീക്ഷിത് ഇപ്പോൾ നേപ്പാളിലാണെന്നാണ് വിവരം. ഡൽഹയിൽ 160 പെൺകുട്ടികളാണ് ഇവിടെ താമസിച്ചിരുന്നത്. മയക്കുമരുന്ന്, സിറിഞ്ചുകൾ, ആശ്രമത്തിലെ ലൈംഗിക പീഡനങ്ങളെക്കുറിച്ച് പെൺകുട്ടികൾ എഴുതിയ കത്തുകൾ തുടങ്ങിയവ കണ്ടെടുത്തിട്ടുണ്ട്. രാത്രികളിൽ പലപ്പോഴും നിലവിളി കേൾക്കാറുണ്ടായിരുന്നെന്ന് സമീപവാസികൾ പറയുന്നു. പക്ഷേ, ആർക്കും അടുക്കാൻ ധൈര്യമില്ല. പുറത്തുനിന്നാർക്കും അകത്തേക്ക് പ്രവേശനവുമില്ല. രാജ്യത്തിന്റെ പലയിടങ്ങളിൽനിന്നുള്ള പെൺകുട്ടികളാണ് ഇവിടത്തെ അന്തേവാസികൾ.

ഫൗണ്ടേഷൻ ഫോർ സോഷ്യൽ എംപവർമെന്റ് എന്ന എൻ ജി ഓ നൽകിയ പൊതുതാല്പര്യ ഹർജ്ജിയിന്മേൽ ഡൽഹി ഹൈക്കോടതി രൂപീകരിച്ച പ്രത്യേക പാനലാണു ഈ ആശ്രമത്തിൽ റെയിഡ് നടത്തി കുട്ടികളെ രക്ഷിച്ചത്. കഴിഞ്ഞ നവംബർ ഒമ്പതിന് രാജസ്ഥാനിൽനിന്ന് കാണാതായ പെൺകുട്ടിക്കായുള്ള അന്വേഷണമാണ് ആശ്രമത്തിന്റെ കള്ളികൾ വെളിച്ചത്തുകൊണ്ടുവന്നത്. പെൺകുട്ടികളെല്ലാം മയക്കുമരുന്നിന്റെ അധീനതയിൽ മയങ്ങിയ അവസ്ഥയിലായിരുന്നുവെന്ന് സ്വാതി മലിവാൾ മാധ്യമങ്ങളോട് പറഞ്ഞു. മയക്കുമരുന്ന്, സിറിഞ്ചുകൾ, ആശ്രമത്തിലെ ലൈംഗിക പീഡനങ്ങളെക്കുറിച്ച് പെൺകുട്ടികൾ എഴുതിയ കത്തുകൾ തുടങ്ങിയവ കണ്ടെടുത്തിട്ടുണ്ട്. 160 പെൺകുട്ടികളാണ് ഇവിടെ താമസിച്ചിരുന്നത്.

''ആശ്രമത്തിലെ ബാബ വീരേന്ദർ ദീക്ഷിത് തന്നെ ലൈംഗികമായി പീഡിപ്പിച്ചതായി പതിമൂന്നുവയസ്സുള്ള ഒരു പെൺകുട്ടി മൊഴിനൽകിയിട്ടുണ്ട്. ആശ്രമത്തിനുള്ളിൽ നിറയെ പലതരം മരുന്നുകൾ സ്റ്റോക്ക് ചെയ്തിരിക്കുകയാണു. ഈ മരുന്നുകൾ കുത്തിവച്ചാകണം പെൺകുട്ടികൾ ഒരുതരം മയങ്ങിയ അവസ്ഥയിലായിരുന്നു.'' സ്വാതി മലിവാൾ മാധ്യമങ്ങളോട് പറഞ്ഞു. സർവ്വകലാശാലയെന്നാണു ആശ്രമത്തിനു മുന്നിലെ ബോർഡിലുള്ളതെങ്കിലും അവിടെ നടക്കുന്നത് പെൺവാണിഭമായിരുന്നുവെന്ന് ആശ്രമത്തിന്റെ പരിസരത്ത് താമസിച്ചിരുന്നവർ മാധ്യമങ്ങളോട് പറഞ്ഞു. രാത്രികളിൽ പലപ്പോഴും നിലവിളി കേൾക്കാറുണ്ടായിരുന്നെന്നും സമീപവാസികൾ പറയുന്നു.