കോഴിക്കോട്: വേളത്ത് എസ്.ഡി.പി.ഐ പ്രവർത്തകരുടെ കുത്തേറ്റ് യൂത്ത്‌ലീഗ് പ്രവർത്തകൻ പുളിഞ്ഞോളി നസീറുദ്ദീൻ (22) കൊല്ലപ്പെട്ടതിനെ തുടർന്ന് കുറ്റ്യാടി മേഖലയിൽ അക്രമം തുടരുന്നു. കേസിൽ പ്രതികളെന്ന് സംശയിക്കുന്ന എസ്.ഡി.പി.ഐ പ്രവർത്തരുടെ വീടിനുനേരെയും കടകൾക്ക്‌നേരെയും ഇന്നലെ വ്യാപകമായി അക്രമമുണ്ടായി. പോപ്പുലർ ഫ്രണ്ടിനെതിരെ കക്ഷിരാഷ്ട്രീയ ഭേദമന്യേ ജനം സംഘടിച്ചിരിക്കയാണ്.ഇതോടെ അക്രമം ഭയന്ന് എസ്.ഡി.പി.ഐയുടെ പ്രവർത്തകരും നേതാക്കളിൽ പലരും നാടുവിട്ടിരിക്കയാണ്. 

അതിനിടെ കേസിൽ രണ്ട് എസ്.ഡി.പി.ഐ പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കൊല്ലിയിൽ അബ്ദുറഹ്മാൻ, കപ്പച്ചേരി ബഷീർ എന്നിവരാണ് കസ്റ്റഡിയിലുള്ളത്. എന്നാൽ, പൊലീസ് ഇത് സ്ഥിരീകരിച്ചിട്ടില്ല. പ്രതികൾക്ക് സംഭവത്തിനിടെ പരിക്കേറ്റിരുന്നതായി പറഞ്ഞിരുന്നെങ്കിലും പരിക്കുകൾ കാണാനില്‌ളെന്ന് സി.ഐ പറഞ്ഞു.

കൊലപാതകത്തെ തുടർന്ന് വേളത്തിന്റെ വിവിധ ഭാഗങ്ങളിൽ എസ്.ഡി.പി.ഐ പ്രവർത്തകരുടെ കടയും വാഹനങ്ങളും അഗ്‌നിക്കിരയാക്കി. കേസിലെ പ്രതിയെന്ന് പറയുന്ന കപ്പച്ചേരി ബഷീറിന്റെ വീടാക്രമിച്ചു തകർത്തു. വേളം ഹൈസ്‌കൂൾ റോഡിലുള്ള വീട്ടിലെ സാമഗ്രികൾ അടിച്ചു തകർത്ത് വീടിന് തീവച്ചനിലയിലാണ്.

കാക്കുനിയിൽ ചരളിൽ സലാമിന്റെ കർട്ടൻ നിർമ്മാണ കട കത്തിച്ചു. തുണിത്തരങ്ങൾ, തയ്യൽ മെഷീനുകൾ, മേശ തുടങ്ങി കടയിലെ മുഴുവൻ സാധനങ്ങളും നശിച്ചു. ആറ് ലക്ഷം രൂപയുടെ നഷ്ടമുള്ളതായി സലാം കുറ്റ്യാടി പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു. കേസിലെ പ്രതിയെന്ന് പരാതിയുള്ള കൊല്ലയിൽ അബ്ദുറഹ്മാന്റെ ഭജനമഠത്തിനടുത്തുള്ള വീട്ടിൽ നിർത്തിയിട്ട മോട്ടോർ ബൈക്ക് പൂർണമായും കാർ, ഒട്ടോറിക്ഷ എന്നിവ ഭാഗികമായും കത്തിച്ചു. വലകെട്ടിൽ തിരുവങ്ങോത്ത് മഠത്തിൽ മുഹ്‌സിന്റെ മോട്ടോർ ബൈക്ക് കത്തിച്ചു. വലകെട്ട്, ശാന്തിനഗർ, തിരിക്കോത്ത്മുക്ക്, പുത്തലത്ത്, കാക്കുനി, തീക്കുനി, പൂളക്കൂർ ഭാഗങ്ങളിൽ വിവിധ സി.ഐമാരുടെ നേതൃത്വത്തിൽ പൊലീസ് പിക്കറ്റിങ് ഏർപ്പെടുത്തിയിട്ടുണ്ട്. റൂറൽ എസ്‌പി എൻ. വിജയകുമാർ, അഡ്‌മിനിസ്‌ട്രേഷൻ ഡിവൈ.എസ്‌പി വി.കെ. സുരേന്ദ്രൻ, എ.എസ്‌പി കറുപ്പസ്വാമി എന്നിവർ സ്ഥലം സന്ദർശിച്ചു.

അതിനിടെ വേളം ഇന്നേവരെ കണ്ടിട്ടില്ലാത്ത ജനസാന്നിധ്യത്തിലായിരുന്നു പുളിഞ്ഞോളി നസീറുദ്ദീന്റെ അന്ത്യയാത്ര. പുത്തലത്ത് ജുമാമസ്ജിദിലും ചേരാപുരം ജുമാമസ്ജിദിലും നടന്ന മയ്യിത്ത് നമസ്‌കാരങ്ങളിൽ ആയിരങ്ങൾ പങ്കെടുത്തു. ജനത്തിരക്കുകാരണം പലതവണയായാണ് നമസ്‌കാരം നടന്നത്.വെള്ളിയാഴ്ച രാത്രി വീട്ടിലേക്ക് ബൈക്കിൽ വരുമ്പോൾ അനന്തോത്ത് സലഫി മസ്ജിദിനു സമീപം എസ്.ഡി.പി.ഐ പ്രവർത്തകരുടെ ആക്രമണത്തിലാണ് നസീറുദ്ദീൻ മരിച്ചത്.

കോഴിക്കോട് സ്വകാര്യ ആശുപത്രിയിലായിരുന്ന മൃതദേഹം ശനിയാഴ്ച രാവിലെ കുറ്റ്യാടി സി.ഐ ഇൻക്വസ്റ്റ് നടത്തി കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് പോസ്റ്റ്‌മോർട്ടത്തിന് അയക്കുകയായിയുന്നു. ഉച്ചക്ക് രണ്ടരക്ക് പുത്തലത്ത് വീട്ടിൽ എത്തിച്ച മൃതദേഹം പൊതുദർശനത്തിനായി ചേരാപുരം ഈസ്റ്റ് എം.എൽ.പി സ്‌കൂളിലത്തെിച്ചു. മൃതദേഹം ഒരു നോക്കുകാണാൻ വടകര, കൊയിലാണ്ടി താലൂക്കുകളിൽനിന്നുള്ള ആയിരക്കണക്കിന് പ്രവർത്തകരാണ് എത്തിയത്. നസീറുദ്ദീന്റെ കൂട്ടുകാരും ബന്ധുക്കളും വാവിട്ട് കരഞ്ഞത് കണ്ടുനിന്നവരുടെയും കണ്ണ് നനയിച്ചു.

മുസ്ലിംലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.എ. മജീദ്, ട്രഷറർ പി.കെ.കെ. ബാവ, ജില്ലാ പ്രസിഡന്റ് ഉമ്മർ പാണ്ടികശാല, സെക്രട്ടറി എം.എ. റസാഖ്, എംഎ‍ൽഎമാരായ പാറക്കൽ അബ്ദുല്ല, കെ.എം. ഷാജി, മുൻ എംഎ‍ൽഎ വി എം. ഉമ്മർ, യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി സി.കെ. സുബൈർ, ജില്ലാ പ്രസിഡന്റ് നജീബ് കാന്തപുരം, മായൻഹാജി, ഡി.സി.സി പ്രസിഡന്റ് കെ.സി. അബു, സെക്രട്ടറി വി എം. ചന്ദ്രൻ തുടങ്ങിയവർ അന്ത്യോപചാരം അർപ്പിച്ചു. ഇതോടനുബന്ധിച്ച് കുറ്റ്യാടി നിയോജക മണ്ഡലത്തിൽ നടന്ന ഹർത്താൽ പൂർണമായിരുന്നു. കടകളും സ്ഥാപനങ്ങളും അടഞ്ഞുകിടന്നു. വാഹന ഗതാഗതത്തെ ഹർത്താലിൽനിന്ന് ഒഴിവാക്കിയിരുന്നു.

നസീറുദ്ദീന്റെ കൊലപാതകം എസ്.ഡി.പി.ഐയുടെ ആസൂത്രിത ഗൂഢാലോചനയുടെ ഭാഗമാണെന്ന് മുസ്ലിം ലീഗ് പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് പുത്തൂർ മുഹമ്മദലി പറഞ്ഞു. സ്ഥലത്ത് നേരത്തേ ഇരുകക്ഷികളും തമ്മിൽ സംഘർഷാവസ്ഥയുണ്ടായിരുന്നില്ല. സംഘർഷത്തെ തുടർന്നാണ് നസീറുദ്ദീൻ മരിച്ചതെന്ന് എസ്.ഡി.പി.ഐ പ്രചരിപ്പിക്കാൻ ശ്രമിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. രാത്രി ബന്ധുവായ കുട്ടിയോടൊപ്പം വീട്ടിലേക്ക് ബൈക്കിൽ വരുമ്പോഴാണ് നസീറുദ്ദീനു നേരെ ആക്രമണം നടന്നത്.

കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പിനുശേഷം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നടന്ന മുസ്ലിം ലീഗ് യോഗത്തിന്റെ ദൃശ്യം രഹസ്യമായി മൊബൈൽ ഫോണിൽ പകർത്താൻ ശ്രമിച്ചതിന് കേസിലെ പ്രതികളിലൊരാളെ നസീറുദ്ദീന്റെ നേതൃത്വത്തിൽ പിടികൂടിയിരുന്നെന്നും അതിന്റെ വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നും മുസ്ലിം യൂത്ത്‌ലീഗ് സംസ്ഥാന സെക്രട്ടറി കെ.ടി. അബ്ദുറഹ്മാൻ പറഞ്ഞു. നസീറുദ്ദീൻ വധത്തിലെ ഗൂഢാലോചന പുറത്തുകൊണ്ടുവരണമെന്ന് പാറക്കൽ അബ്ദുല്ല എംഎ‍ൽഎ ആവശ്യപ്പെട്ടു. നിരായുധനായ ചെറുപ്പക്കാരനെ ആക്രമിച്ച് കൊലപ്പെടുത്തി നാട്ടിൽ സ്വൈരവും സമാധാനവും തകർക്കലാണ് ഇവരുടെ ലക്ഷ്യം. സംഭവത്തിന് പിന്നിൽ കൂടുതൽ ആളുകൾ ഉണ്ടാവുമെന്നും അവരെ നിയമത്തിനുമുന്നിൽ കൊണ്ടുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
എസ്്.ഡി.പി.ഐയുടെ അക്രമരാഷ്ട്രീയത്തിനെതിരെ കക്ഷിരാഷ്ട്രീയ ഭേദമില്ലാതെയാണ് മേഖലിയിൽ ജനം സംഘടിക്കുന്നത്.ഐ.എസ് ഭീകരരെ ഒറ്റപ്പെടുത്തുന്നപോലെ ഇവരെയും ചെറുക്കണമെന്നാണ് ഇന്നലെ നടന്ന സർവകക്ഷിയോഗത്തിലും ആഹ്വാനമുണ്ടായത്.