കോഴിക്കോട്: ഫേസ്‌ബുക്ക് വഴി പരിചയപ്പെട്ട യുവാവിനൊപ്പം വീട്ടമ്മയും മകളും നാടുവിട്ട സംഭവത്തിൽ അറസ്റ്റിലായ അജിത്തിനെതിരെ പുതിയ കേസ്. മൂത്ത മകനെയും ഭർത്താവിനെയും ഉപേക്ഷിച്ച് ഫേസ്‌ബുക്ക് കാമുകനൊപ്പം പോയ വീട്ടമ്മയേയും കുഞ്ഞിനെയും വേളാങ്കണ്ണിയിൽ നിന്ന് പൊലീസ് കണ്ടെത്തിയത് കഴിഞ്ഞ ദിവസമായിരുന്നു.

വിവാഹിതനെന്ന കാര്യം മറച്ചുവച്ച് തന്നെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന വീട്ടമ്മയുടെ പരാതിയിലാണ് ചേവായൂർ പൊലീസ് കേസെടുത്തത്. അജിത്ത് ലൈംഗികമായി ഉപദ്രവിച്ചുവെന്ന പരാതിയിൽ കൂടുതൽ തെളിവുകൾ തേടി പൊലീസ് വേളാങ്കണ്ണിയിലേയ്ക്ക് തിരിച്ചു. ഇതോടെ ഇയാൾക്കെതിരെ പോക്‌സോയ്‌ക്കൊപ്പം പീഡന കുറ്റവും ചുമത്തും. അതിനിടെ സമാനമായ രീതിയിൽ ഫേസ്‌ബുക്കിലൂടെ യുവതികളുമായി ബന്ധം സ്ഥാപിക്കുന്നയാളാണ് കാമുകൻ അജിത്തഎന്ന് പൊലീസ് കരുതുന്നു. എറണാകുളം ചേരാനല്ലൂർ സ്വദേശിയായ ഇയാൾ വീട്ടമ്മയുടെ ഇളയ കുട്ടിയായ ആറു വയസ്സുകാരിയെ കൊല്ലാൻ ശ്രമിച്ചെന്നും മൊഴിയുണ്ട്. അതുകൊണ്ട് തന്നെ കൊലപാതക ശ്രമവും ഇയാൾക്കെതിരെ ചുമത്തും.

വേളാങ്കണ്ണിയിൽ ഒറ്റമുറി വീട്ടിലായിരുന്നു മൂന്നൂപേരുടെയും താമസം. ശല്യമെന്ന് വിളിച്ച് പതിവായി ഉപദ്രവിച്ചിരുന്നതായി കുട്ടി പൊലീസിന് മൊഴി നൽകി. മുറിക്കുള്ളിൽ പൂട്ടിയിട്ട ശേഷം അമ്മയും സുഹൃത്തും സ്ഥലം കാണാൻ പോകുന്നത് പതിവായിരുന്നു. മുഖത്ത് പൊള്ളലേൽപ്പിച്ചിട്ടുണ്ട്. പഠിക്കുന്നില്ലെന്ന് പറഞ്ഞ് ഉപദ്രവിക്കുന്നതിനൊപ്പം ബക്കറ്റിലെ വെള്ളത്തിൽ മുഖം താഴ്‌ത്തി അജിത്ത് ദേഷ്യം തീർത്തിരുന്നതായും കുട്ടി പറയുന്നു. ഉപദ്രവം തടയാൻ അമ്മ ശ്രമിച്ചിരുന്നില്ല, ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിലാണ് അമ്മയെയും കൂടെത്താമസിച്ചിരുന്ന അജിത്തിനെയും പൊലീസ് പോക്‌സോ ചുമത്തി അറസ്റ്റ് ചെയ്തത്.

ഇതിന് പിന്നാലെ യുവതി അജിത്തിനെതിരെ മൊഴി നൽകി. വിവാഹിതനാണെന്ന വിവരം മറച്ചുവെച്ച് തന്നെ ലൈംഗികമായി ഉപയോഗിച്ചെന്ന പരാതിയിൽ പൊലീസ് അജിത്തിനെതിരെ മറ്റൊരു കേസ് കൂടി രജിസ്റ്റർ ചെയ്തത്. കൂടുതൽ തെളിവ് ശേഖരിക്കുക എന്ന ലക്ഷ്യത്തോടെയാണ് കുട്ടിയെയും പിതാവിനെയും കൂട്ടി പൊലീസ് സംഘം വേളാങ്കണ്ണിയിലേയ്ക്ക് പോയത്. കഴിഞ്ഞ ജൂൺ 21 നാണ് യുവതി മകളെയും കൊണ്ട് വീട്ടിൽ നിന്ന് അജിത്തിനൊപ്പം കടന്നുകളഞ്ഞത്. രണ്ട് ദിവസം മുൻപാണ് യുവതിയെയും ഏഴുവയസുകാരി മകളെയും അജിത്തിനെയും പൊലീസ് വേളാങ്കണ്ണിയിൽ നിന്ന് കണ്ടെത്തിയത്.

ജൂണിൽ യുവതിയെയും കുഞ്ഞിനെയും കാണാതാവുകയായിരുന്നു. പിന്നീട് ഫേസ്‌ബുക്ക് കാമുകനൊപ്പം പോയെന്ന് വിവരം ലഭിച്ചെങ്കിലും ഫോൺ ഉപയോഗിക്കാത്തതിനാൽ ഇവരെ കണ്ടെത്താനായില്ല. ഇതിനിടെ ഫേസ്‌ബുക്കിലൂടെ സ്ത്രീകളുമായി ബന്ധം സ്ഥാപിച്ച് വശീകരിക്കുന്ന സ്വഭാവക്കാനാണ് കാമുകനെന്ന് പൊലീസിന് വിവരം ലഭിച്ചു. ഒടുവിൽ സുഹൃത്തുക്കളുമായുള്ള ഇന്റർനെറ്റ് ആശയ വിനിമയം നിരീക്ഷിച്ചാണ് ഇവരെ കണ്ടെത്തിയത്.