തിരുവനന്തപുരം: ഒരു വ്യവസ്ഥയും വെള്ളിയാഴ്ചയും ഇല്ലാതെ മുന്നോട്ടു പോകുന്ന എസ്എൻഡിപി യോഗത്തിന്റെ രീതികൾക്ക് മൂക്കുകയറിടലായി ഹൈക്കോടതിയിലെ കേസ് മാറുകയാണ്. എസ്എൻഡിപിയിൽ തുടരുന്ന സ്വേച്ഛാധിപത്യപരമായ നിലപാടുകൾ അവസാനിപ്പിക്കണമെന്നും കാലത്തിനു അനുയോജ്യമായ ഭരണഘടന എസ്എൻഡിപിക്ക് ആവശ്യമാണെന്ന കേസിലാണ് സുപ്രധാന വിധി. ഇത് ദൂരവ്യാപകമായ ഏറെ പ്രതിസന്ധികളുമുണ്ടാകും.

എസ്എൻഡിപി യോഗം തിരഞ്ഞെടുപ്പിലെ പ്രാതിനിധ്യ വോട്ടവകാശം ഹൈക്കോടതി റദ്ദാക്കിയതാണ് ഇതിന് കാരണം. എനി എല്ലാ അംഗങ്ങൾക്കും വോട്ടവകാശം ലഭിക്കും. 200 അംഗങ്ങൾക്ക് ഒരു വോട്ട് എന്നതായിരുന്നു നേരത്തേയുള്ള വ്യവസ്ഥ. കേന്ദ്രം 1974ൽ നൽകിയ ഇളവും 1999 ലെ ബൈലോ ഭേദഗതിയുമാണ് റദ്ദാക്കിയത്. വിധി വന്നതിൽ ദുഃഖമുണ്ടെന്നും വിശദാംശങ്ങൾ അറിഞ്ഞതിനുശേഷം അനന്തരനടപടി സ്വീകരിക്കുമെന്നും എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പ്രതികരിച്ചു.

200 അംഗങ്ങൾക്ക് ഒരു വോട്ട് എന്നതായിരുന്നു നേരത്തേയുള്ള വ്യവസ്ഥ. ഈ വ്യവസ്ഥ പ്രകാരം തന്നെ പതിനായിരത്തിൽ അധികം വോട്ടർമാരുണ്ടായിരുന്നു. എല്ലാ അംഗങ്ങൾക്കും വോട്ടവകാശമാകുമ്പോൾ ഇത് ഇരുപത് ലക്ഷത്തോളമാകും. ഏതാണ്ട് ഈഴവ സമുദായത്തിലെ ഭൂരിഭാഗവും വോട്ട് ചെയ്യുന്ന അവസ്ഥ. രാഷ്ട്രീയ പാർട്ടികളും ഇതിൽ ഇടപെടാൻ മുന്നിട്ടിറങ്ങും. ഇതിനൊപ്പം വിപുലമായ വോട്ടെടുപ്പ് നടത്തേണ്ട ചെലവും സംവിധാനമൊരുക്കലുമെല്ലാം വെല്ലുവിളിയായി മാറും.

നിലവിൽ എസ് എൻ ഡി പി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ എതിർക്കുന്നവരെല്ലാം ഹൈക്കോടതി വിധിയെ സ്വാഗതം ചെയ്യുന്നുണ്ട്. മകൻ തുഷാർ വെള്ളാപ്പള്ളിയെ എസ് എൻ ഡി പിയുടെ ജനറൽ സെക്രട്ടറിയാക്കാനുള്ള ശ്രമത്തിനിടെയാണ് ഈ തിരിച്ചടി. എല്ലാവർക്കും വോട്ടവകാശം വന്നാൽ തുഷാറിനെ പിൻഗാമിയാക്കുകയെന്ന ലക്ഷ്യം അട്ടിമറിക്കപ്പെടും. ഗോകുലം ഗോപാലനും മറു വിഭാഗവും പ്രതീക്ഷയോടെയാണ് ഈ വിധിയെ കാണുന്നത്. ഗോകുലം ഗോപാലന്റെ പിന്തുണയിലാണ് ഹൈക്കോടതിയിൽ കേസും മറ്റും നടന്നത്. അതുകൊണ്ട് തന്നെ ഗോകുലം ഗോപാലൻ ഗ്രൂപ്പിന്റെ വിജയമാണ് ഈ ഹൈക്കോടതി വിധിയെന്ന വിലയിരുത്തലും സജീവമാണ്.

1999 കാലത്ത് നൽകുകയും ഇപ്പോൾ ഹൈക്കോടതിയിൽ തുടരുകയും ചെയ്യുന്ന ഒരു കേസാണ് വെള്ളാപ്പള്ളിക്ക് കുരുക്കായി മാറിയത്. നിലവിലെ ഭരണഘടന ജനാധിപത്യ രീതികളെ തീരെ പരിപോഷിപ്പിക്കുന്നില്ല. ജനാധിപത്യ സംസ്‌കാരമില്ലാത്ത ആളുകൾ ഭരണത്തിൽ വന്നാൽ വളരെ ഏകാധിപത്യപരമായി കൊണ്ട് നടക്കാൻ കഴിയുന്ന വിധത്തിലുള്ള ഭരണഘടനയാണ് നിലവിലുള്ളത്. ശ്രീനാരായണ ഗുരുവായിരുന്നു ആദ്യം സ്ഥിരം അധ്യക്ഷൻ. കാര്യങ്ങളിൽ അദ്ദേഹം ഇടപെട്ടിരുന്നില്ല. സെക്രട്ടറിമാരാണ് കാര്യങ്ങൾ നടത്തിയത്. അതിനാൽ സെക്രട്ടറി കേന്ദ്രീകൃതമായ വ്യവസ്ഥകളാണ് ഭരണഘടനയിൽ നിലനിൽക്കുന്നത്.

അതിനാൽ സെക്രട്ടറിക്കാണ് പരമപ്രധാനമായ അധികാരം. ഗുരുദേവൻ ഉള്ള കാലത്ത് തുടങ്ങിയ കാര്യങ്ങളാണ് നിലവിലും പിന്തുടരുന്നത്. രീതികളിൽ മാറ്റം വേണം. ഈ ആവശ്യം മുൻ നിർത്തിയാണ് കേസ് തുടങ്ങുന്നത്. 2008-ൽ ഈ കേസിൽ കോടതി വാദി ഭാഗത്തിന് അനുകൂലമായി വിധിച്ചു. ഭരണഘടന അനിവാര്യം എന്നാണ് എറണാകുളം ജില്ലാ കോടതി വിധിച്ചത്. അത് പ്രാരംഭ വിധിയായിരുന്നു പ്രാരംഭ വിധിയെ ചലഞ്ച് ചെയ്ത് ഹൈക്കോടതിയിൽ എസ്എൻഡിപി ഹർജി ഫയൽ ചെയ്തു. ഫൈനൽ വിധി പാസാക്കുന്നത് ഹൈക്കോടതി സ്റ്റേ ചെയ്തു. 2009 മുതൽ ഹൈക്കോടതിയുടെ ഈ സ്റ്റേ തുടരുകയായിരുന്നു. ബൈലോ കാറ്റിൽ പറത്തിയുള്ള ഭരണമാണ് നിലവിൽ യോഗത്തിൽ നടക്കുന്നത് എന്ന വാദമാണ് ഹൈക്കോടതിയിൽ ഉയർന്നത്.

എസ്എൻഡിപി യോഗം രജിസ്ട്രേഷൻ നിലവിൽ റദ്ദായിട്ടുണ്ടെന്നാണ് എസ്എൻഡിപി യോഗം സമരസമിതി സംസ്ഥാന കമ്മിറ്റി ചെയർമാൻ ആർ.അരുൺ മയ്യനാട് ആരോപിച്ചിരുന്നത്. ഇപ്പോൾ കമ്പനി രീതിയിൽ രജിസ്റ്റർ ചെയ്ത ശേഷം കമ്പനിയുമായി ബന്ധപ്പെട്ട കണക്കുകൾ നൽകാതിരുന്നത് കാരണം എസ്എൻഡിപി യോഗത്തിന്റെ കമ്പനി രജിസ്ട്രേഷൻ റദ്ദായിട്ടുണ്ട് എന്നാണ് അരുൺ മറുനാടനോട് പറഞ്ഞത്. എസ്എൻഡിപി യോഗം രജിസ്റ്റർ ചെയ്തിരിക്കുന്നത് കമ്പനിയായാണ്. തിരുവിതാംകൂറിലെ കമ്പനി നിയമപ്രകാരം രജിസ്റ്റർ ചെയ്തതാണ് എസ്എൻഡിപി യോഗം. ഇന്ത്യൻ കമ്പനി ആക്റ്റ് വന്നതോടെ എസ്എൻഡിപിയും കമ്പനികളുടെ കൂട്ടത്തിൽപ്പെട്ടു. 1956 ലെ ഇന്ത്യൻ കമ്പനി ആക്ടിലെ വ്യവസ്ഥകൾ പ്രകാരമാണ് എസ്എൻഡിപി യോഗത്തിന്റെ കാര്യങ്ങളും മുന്നോട്ടു പോയത്.

സമുദായ സംഘടന എന്ന രീതിയിൽ വളർന്നു വികസിച്ച എസ്എൻഡിപി കുറെക്കാലമായി യോഗം ജനറൽ സെക്രട്ടറിയായ വെള്ളാപ്പള്ളി നടേശന്റെ പോക്കറ്റ് സംഘടന എന്ന നിലയിലാണ് മുന്നോട്ടു പോകുന്നത്. എസ്എൻഡിപിയേയും എസ്എൻട്രസ്റ്റിനേയും ചൂഴ്ന്നു നിൽക്കുന്ന അഴിമതിയാണ് പൊതു ദൃഷ്ടിയിൽ യോഗത്തിനെ മോശക്കാരാക്കുന്നത്. എസ്എൻ ട്രസ്റ്റിന്റെയും യോഗത്തിന്റെയും കീഴിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നടക്കുന്ന അഴിമതിയാണ് ഒരു പ്രധാന വിഷയം.