തിരുവനന്തപുരം: മകൻ തുഷാറിനെ എസ്എൻഡിപി യോഗത്തിലെ കസേര ഏൽപ്പിച്ച് ബിഡിജെഎസിന്റെ സ്റ്റിയറിങ് നേരിട്ട് ഏറ്റെടുക്കാനൊരുങ്ങി വെള്ളാപ്പള്ളി നടേശൻ. തുഷാർ വെള്ളാപ്പള്ളിയുടെ നേതൃത്വത്തിൽ ബിഡിജെസ് ഇക്കഴിഞ്ഞ തിരഞ്ഞെടുപ്പിൽ വമ്പൻ പരാജയമായതോടെ ആ ക്ഷീണം മാറ്റാനും രാഷ്ട്രീയരംഗത്ത് പരസ്യ നിലപാടുകളുമായി ഇറങ്ങാനും വെള്ളാപ്പള്ളി തയ്യാറെടുത്തു കഴിഞ്ഞതായാണ് അറിയുന്നത്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ സിപിഎമ്മിനെതിരെ പരസ്യനിലപാടെടുത്ത് ബിജെപി-സംഘപരിവാർ പക്ഷത്തേക്ക് ചുവടുമാറിയ വെള്ളാപ്പള്ളിക്കും മകനുമെതിരെ സിപിഐ(എം) ശക്തമായ നീക്കം നടത്തുന്നുണ്ട്. എസ്എൻഡിപി യോഗം പിടിച്ചെടുക്കാനും വെള്ളാപ്പള്ളിയുടെ ആധിപത്യം അവസാനിപ്പിക്കാനും സിപിഐ(എം) ശ്രമിക്കുന്നതായുള്ള സൂചനകൾ ശക്തമാകുന്നതിനിടെയാണ്് വെള്ളാപ്പള്ളിയുടെ പുതിയ രാഷ്ട്രീയ നീക്കം.

മകനെ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി പദമേൽപ്പിക്കാനും തിരിച്ച് ബിഡിജെഎസ് അധ്യക്ഷസ്ഥാനം ഏറ്റെടുത്ത് പാർട്ടിയെ ശക്തിപ്പെടുത്താനുമാണ് വെള്ളാപ്പള്ളി ലക്ഷ്യമിടുന്നത്. തുഷാറിന്റെ നേതൃത്വം ബിഡിജെഎസിൽ പലരും അംഗീകരിക്കാത്തതും പല വിഷയങ്ങളിലും തുഷാറിന്റെ പ്രതികരണങ്ങളും തന്ത്രങ്ങളും പാളിപ്പോകുന്നതും വെള്ളാപ്പള്ളിയെ വിഷമിപ്പിക്കുന്നുണ്ട്. കാര്യങ്ങൾ ഇങ്ങനെപോയാൽ ബിഡിജെഎസ് എന്ന രാഷ്ട്രീയ പാർട്ടിതന്നെ ഇല്ലാതാകുമെന്ന ഭയവുമുണ്ട് ഇപ്പോൾ നേതൃത്വത്തിലുള്ള പലർക്കും. എസ്എൻഡിപി യോഗത്തിന്റെ തലപ്പത്തിരുന്ന് പരസ്യമായി രാഷ്ട്രീയ പ്രചരണത്തിനിറങ്ങുന്നതിന് വെള്ളാപ്പള്ളിക്ക് നിരവധി പരിമിതികളുമുണ്ട്.

ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പു കാലത്തും പ്രചരണരംഗത്തിറങ്ങിയപ്പോൾ കോൺഗ്രസ്സിനുവേണ്ടി സുധീരനും സിപിഎമ്മിനുവേണ്ടി വി എസ് ഉൾപ്പെടെയുള്ള നേതാക്കളും യോഗം ജനറൽ സെക്രട്ടറി പരസ്യ രാഷ്ട്രീയചായ്‌വുമായി രംഗത്തിറങ്ങുന്നതിനെയാണ് പ്രധാനമായും എതിർത്തത്. ഈ ആയുധം ഇനിയുള്ള രാഷ്ട്രീയ നീക്കങ്ങളിലും തനിക്കെതിരെ പുറത്തെടുക്കാൻ സാധ്യതയുണ്ടെന്ന് വെള്ളാപ്പള്ളിക്കറിയാം. എന്നാൽ എസ്എൻഡിപി പദവിയൊഴിഞ്ഞ് മുഴുവൻസമയ രാഷ്ട്രീയക്കാരനായാൽ എതിരാളികളുടെ വായടക്കാമെന്നും കടുത്ത വിമർശനങ്ങൾ നടത്താമെന്നും വെള്ളാപ്പള്ളി കരുതുന്നതായി അദ്ദേഹത്തോട് അടുത്ത വൃത്തങ്ങൾ സൂചിപ്പിക്കുന്നു. തുഷാറിനെ എഎസ്എൻഡിപി നേതൃസ്ഥാനം ഏൽപിച്ചാൽ അവിടെ പിൻസീറ്റിലിരുന്ന് കാര്യങ്ങൾ നിയന്ത്രിക്കാമെന്നാണ് വെള്ളാപ്പള്ളി കണക്കുകൂട്ടുന്നത്. പരസ്യ നിലപാടുകൾ ആവശ്യമുള്ള സംഘടനാകാര്യങ്ങൾ മകനെക്കൊണ്ട് പറയിപ്പിക്കാനുമാകും. അതേസമയം, യോഗത്തെ രാഷ്ട്രീയവൽക്കരിക്കുന്നതായുള്ള ആരോപണം കേൾക്കേണ്ടിവരികയുമില്ലെന്നും അദ്ദേഹം കരുതുന്നു.

പക്ഷേ, സംഘടനയിൽ തനിക്കുള്ള മൃഗീയപിന്തുണയുടെ ബലത്തിൽ മകന് എസ്എൻഡിപി യോഗത്തിന്റെ സെക്രട്ടറി പദം കൈമാറുന്നതിന് കഴിയുമെന്ന് വെള്ളാപ്പള്ളി കണക്കുകൂട്ടുന്നുണ്ടെങ്കിലും ഇതത്ര എളുപ്പമാവില്ലെന്നാണ് സൂചനകൾ. യോഗത്തിന്റെ അധികാരത്തിൽ നിന്ന് വെള്ളാപ്പള്ളിയേയും തുഷാറിനെയും പുറത്താക്കാനുള്ള കരുനീക്കങ്ങൾ അകത്തുനിന്നും പുറത്തുനിന്നും സജീവമായിക്കഴിഞ്ഞു. ബിജെപി ഓശാന പാടിയ വെള്ളാപ്പള്ളി നടേശന് പണികൊടുക്കാൻ തന്ത്രങ്ങളുമായി സിപിഐ(എം) സജീവമായിക്കഴിഞ്ഞു. സമാന്തര സംഘടനകളുണ്ടാക്കി ഈഴവരെ തങ്ങളിലേക്ക് ആകർഷിക്കാനും. അങ്ങനെ എസ്എൻഡിപിയുടെ കരുത്ത് കുറയ്ക്കാനുമുള്ള നീക്കങ്ങൾ അവർ ആരംഭിച്ചിട്ടുണ്ട്. ശാഖാ യോഗങ്ങളുടെ കരുത്ത് ചോർത്തി വെള്ളാപ്പള്ളിയെ ദുർബലനാക്കാനും സി പി എം ഒത്താശയോടെ സംസ്ഥാനത്ത് ശ്രീനാരായണ ധർമ്മസംരക്ഷണ സമിതി കൊണ്ടുവരാനുമാണ് നീക്കം.

എസ് എൻ ഡി പി ഇപ്പോൾ സംസ്ഥാനത്ത് നടത്തിവരുന്ന ചതയാഘോഷ പരിപാടിയടക്കമുള്ള പ്രവർത്തനങ്ങൾ സമാന്തരമായി സംരക്ഷണ സമിതി ഏറ്റെടുക്കും. എസ് എൻ ഡി പിക്ക് കൂടുതൽ കരുത്തുള്ള കൊല്ലം, പത്തനംതിട്ട, തിരുവനന്തപുരം, ആലപ്പുഴ, ഇടുക്കി ജില്ലകളിൽ ശ്രീനാരായണ ധർമ്മ സംരക്ഷണസമിതി ശാഖകൾ രൂപീകരിക്കാനുള്ള പ്രവർത്തനങ്ങൾ തുടങ്ങിക്കഴിഞ്ഞു. പ്രൊഫ. എം കെ സാനുവിന്റെ നേതൃത്വത്തിൽ സംഘടന രൂപീകരിക്കാനാണ് നീക്കങ്ങൾ. മൈക്രോഫിനാൻസ് തട്ടിപ്പ് ഉൾപ്പെടെയുള്ള ആരോപണങ്ങൾ നേരിടുന്ന വെള്ളാപ്പള്ളിക്ക് തനിക്കെതിരെ ഉടൻ സംസ്ഥാന സർക്കാർ അന്വേഷണം തുടങ്ങിയെക്കുമെന്ന ആശങ്കയുണ്ട്. അതിനാൽത്തന്നെ പിണറായി സർക്കാരിനെതിരെ ശക്തമായ ഒരു പ്രതികരണത്തിനും തയ്യാറാകാതെ അതീവ സൂക്ഷ്മത പാലിച്ചാണ് വെള്ളാപ്പള്ളിയുടെ പ്രതികരണങ്ങൾ. എന്നാൽ കോൺഗ്രസ്സിനെയും പ്രത്യേകിച്ച് സുധീരനെയും ആക്രമിക്കാൻ കിട്ടുന്ന ഒരവസരവും അദ്ദേഹം പാഴാക്കുന്നുമില്ല.

വെള്ളാപ്പള്ളിക്കെതിരെ സിപിഐ(എം) രണ്ടുതലത്തിലാണ് ആക്രമണത്തിന് ഒരുങ്ങുന്നത്. സംഘടനയിൽ പിടിമുറുക്കാൻ ധർമ്മസംരക്ഷണ സമിതി കൊണ്ടുവരുന്നതിനൊപ്പം മൈക്രോഫിനാൻ്‌സ് തട്ടിപ്പ് ആരോപണങ്ങളിൽ ശക്തമായ അന്വേഷണം നടത്തുകയും ചെയ്യും. വെള്ളാപ്പള്ളിയെ ആദ്യഘട്ടത്തിൽ നേരിട്ട് ലക്ഷ്യംവയ്ക്കാതെ ആരോപണം നേരിടുന്ന ശാഖാ, യൂണിയൻ നേതാക്കൾക്കെതിരെ ആയിരിക്കും നടപടികൾ ഉണ്ടാവുക. പതിനാലാമത് നിയമസഭാ തെരഞ്ഞെടുപ്പിൽ ഈഴവരാദി പിന്നോക്ക ദളിത് ജനവിഭാഗങ്ങളെ ബി ജി പിയുടെ തൊഴുത്തിൽക്കെട്ടി കച്ചവടം നടത്താൻ ശ്രമിച്ച വെള്ളാപ്പള്ളിയുടെ നീക്കങ്ങൾ ലക്ഷ്യം തെറ്റിയെന്ന വിലയിരുത്തലാണ് സിപിഎമ്മിനുള്ളതെങ്കിലും മേലിൽ ഇത് കരുത്താർജിക്കാൻ അനുവദിക്കരുതെന്ന് സിപിഐ(എം) കരുതുന്നുണ്ട്. അതിനുള്ള കരുനീക്കങ്ങളുടെ ഭാഗമാണ് യോഗത്തിന്റെ ചുമതല പിടിച്ചെടുക്കലിലൂടെ ലക്ഷ്യമിടുന്നത്. ഇതു മനസ്സിലാക്കിക്കൊണ്ടാണ് യോഗത്തിനൊപ്പം ബിഡിജെഎസിലും പൊതുരംഗത്തിറങ്ങി പ്രവർത്തിക്കാനുറച്ച് വെള്ളാപ്പള്ളി കച്ചമുറുക്കുന്നത്.

ഗോകുലം ഗോപാലന്റെയും ബിജു രമേശിന്റെയും നേതൃത്വത്തിൽ പ്രവർത്തിക്കുന്ന ധർമ്മവേദി സംസ്ഥാനത്ത് ഇപ്പോൾ ശുഷ്‌ക്കമാണെങ്കിലും സിപിഐ(എം) പിന്തുണ ലഭിക്കുന്നതോടെ തനിക്കെതിരായ നീക്കങ്ങൾ ശക്തമാകുമെന്ന് വെള്ളാപ്പള്ളി ഭയക്കുന്നുണ്ട്. അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പിൽ വോട്ട് ബാങ്ക് രാഷ്ട്രീയം കളിക്കാൻ ബിഡിജെഎസ് ഉണ്ടാകരുതെന്ന നിലയിലാണ്് സിപിഐ(എം) കരുനീക്കങ്ങൾ. എസ്എൻഡിപി യൂണിയൻ ജനറൽ സെക്രട്ടറിയെന്ന നിലയിൽ രാഷ്ട്രീയ പ്രസ്ഥാനങ്ങളുമായി സഹകരിക്കില്ലെന്നായിരുന്നു വെള്ളാപ്പള്ളി പറഞ്ഞിരുന്നത്. എന്നാൽ ബിജെപി ഹെലികോപ്ടർ നൽകിയതോടെ എല്ലാം മറന്ന് രാഷ്ട്രീയ പ്രചരണ യോഗങ്ങളിൽ വെള്ളാപ്പള്ളി സജീവമായിരുന്നു. പക്ഷേ, എസ്എൻഡിപിയെ രാഷ്ട്രീയവൽക്കരിക്കുന്നുവെന്ന നിലയിൽ ഇതിനെ ഇടതു വലതു പാർട്ടികളും നേതാക്കളും നേരിട്ടു.

ബിജെപി-ബിഡിജെഎസ് സ്ഥാനാർത്ഥികൾക്ക് തന്നെ വോട്ട് ചെയ്യണമെന്ന് ശാഖാ അംഗങ്ങൾക്ക് നിർദ്ദേശവും നൽകിയതും ചോദ്യംചെയ്യപ്പെട്ടു. ഇതെല്ലാം പരിഗണിച്ചാണ് സംഘടനയെ മകന്റെ കീഴിലാക്കി സ്വന്തം ചൊൽപ്പടിക്ക് നിലനിർത്താനും ബിഡിജെഎസ് നേതൃത്വം ഏറ്റെടുത്ത് രാഷ്ട്രീയ രംഗത്തിറങ്ങി പുതിയ തന്ത്രങ്ങൾ പയറ്റാനും ലക്ഷ്യമിട്ടാണ് വെള്ളാപ്പള്ളിയുടെ പുതിയ നീക്കങ്ങൾ എന്നാണ് അറിയുന്നത്. ഇനി വിശ്രമമാണ് ആവശ്യമെന്നും എസ്എൻഡിപി യോഗം ജനറൽസെക്രട്ടറിയായി മത്സരിക്കാനില്ലെന്നും വെള്ളാപ്പള്ളി നടേശൻ കഴിഞ്ഞദിവസം പ്രസ്താവിക്കുകയും ചെയ്തു. 'കാലങ്ങളായി എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറിയാണ്. അടുത്ത തവണ ഇനി ഈ സ്ഥാനത്തേക്ക് മത്സരിക്കാനുണ്ടാകില്ല.' എന്ന പ്രതികരണം അച്ഛനും മകനും തമ്മിൽ കസേര വച്ചുമാറാനുള്ള പുതിയ കരുനീക്കത്തിന്റെ തുടക്കമാണെന്നാണ് രാഷ്ട്രീയ നിരീക്ഷകരും വിലയിരുത്തുന്നത്.