തിരുവനന്തപുരം : വർഗ്ഗീയ ചുവയുള്ള പ്രസംഗത്തിന്റെ പേരിൽ വെള്ളാപ്പള്ളി നടേശനെതിരേ എടുത്ത കേസ് നിലനിൽക്കുമോയെന്ന കാര്യത്തിൽ സർക്കാരിൽ ആശങ്ക ശക്തമാകുന്നു. വെള്ളാപ്പള്ളിയുടെ കേസിൽ നിയമസെക്രട്ടറിയും ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷനും രണ്ടു തട്ടിലായി. മതവൈരം വളർത്തുന്ന തരത്തിലുള്ള പ്രസംഗം വെള്ളാപ്പള്ളി നടത്തിയതായി കരുതുന്നില്ലെന്നായിരുന്നു നിയമസെക്രട്ടറി ബി.ജി. ഹരീന്ദ്രനാഥിന്റെ നിലപാടാണ് ഇതിന് കാരണം. കേസ് കോടതിയിൽ എത്തിയാൽ സർക്കാരിന് തിരിച്ചടിയാകുമെന്നും അദ്ദേഹം പറയുന്നു. ഇതോടെ കോടതിയിൽ പോയി വെള്ളാപ്പള്ളി രാഷ്ട്രീയ നേട്ടമുണ്ടാക്കുമോ എന്ന ഭയത്തിലായി സർക്കാർ

സമത്വ മുന്നേറ്റ യാത്രയ്ക്കിടെ എസ്.എൻ.ഡി.പി. യോഗം ജനറൽ സെക്രട്ടറി നടത്തിയ പ്രസംഗം വിവാദമായതിനു പിന്നാലെ കേസെടുക്കുന്ന കാര്യത്തിൽ നിയമോപദേശം തേടാൻ മന്ത്രി രമേശ് ചെന്നിത്തല ആഭ്യന്തര അഡി. ചീഫ് സെക്രട്ടറി നളിനി നെറ്റോയ്ക്ക് നിർദ്ദേശം നൽകിയിരുന്നു. ഇതോടൊപ്പം കേസെടുക്കണമെന്ന വി എം. സുധീരന്റെ കത്തും കൈമാറി. തുടർന്നു നിയമ സെക്രട്ടറി, ഇന്റലിജൻസ് മേധാവി എന്നിവരുടെ സാന്നിധ്യത്തിൽ ഉന്നതതലയോഗം വിളിച്ചുചേർത്തു. അന്ന് തന്നെ മതവൈരം വളർത്തുന്ന തരത്തിലുള്ള പ്രസംഗം വെള്ളാപ്പള്ളി നടത്തിയതായി കരുതുന്നില്ലെന്ന് നിയമസഭ സെക്രട്ടറി പറഞ്ഞിരുന്നു. എന്നാൽ, ശിപാർശ അദേഹം രേഖാമൂലം നൽകിയില്ല.

ഒരു മതത്തെ പ്രീണിപ്പിക്കുന്ന തരത്തിൽ സർക്കാർ പ്രവർത്തിക്കുന്നുവെന്നാണ് വെള്ളാപ്പള്ളി ചൂണ്ടിക്കാട്ടിയതെന്ന അഭിപ്രായമാണ് നിയമസെക്രട്ടറിയുടേത്. ഇത് മതവിരുദ്ധമാകില്ലെന്നും അദ്ദേഹം പറയുന്നു. ആശയക്കുഴപ്പം ഒഴിവാക്കാൻ അഡി. ചീഫ് സെക്രട്ടറി ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ ടി. ആസഫലിയുടെ ഉപദേശം തേടി. നിയമസെക്രട്ടറിയുടെ ഉപദേശം തള്ളിയ അദ്ദേഹം വെള്ളാപ്പള്ളിക്കെതിരേ കേസെടുക്കാൻ ശിപാർശ ചെയ്യുകയായിരുന്നു. തുടർന്നു നിയമം അനുശാസിക്കുന്ന തരത്തിൽ പ്രവർത്തിക്കാൻ സംസ്ഥാന പൊലീസ് മേധാവി ടി.പി. സെൻകുമാറിന് ആഭ്യന്തര സെക്രട്ടറി നിർദ്ദേശം നൽകി. ഇതോടെ ആലുവ പൊലീസ് കേസും രജിസ്റ്റർ ചെയ്തു.

കോഴിക്കോട്ട് മാൻഹോളിൽ കുടുങ്ങിയ രണ്ടുപേരെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ മരിച്ച ഓട്ടോ ഡ്രൈവർ നൗഷാദിന്റെ കുടുംബത്തിനു സർക്കാർ ധനസഹായവും ജോലി വാഗ്ദാനവും പ്രഖ്യാപിച്ചതിന്റെ പേരിലായിരുന്നു വെള്ളാപ്പള്ളിയുടെ വിവാദ പരാമർശം. മരിക്കുന്നെങ്കിൽ ഒരു പ്രത്യേക മതവിഭാഗത്തിൽ ജനിച്ചു മരിക്കണമെന്നായിരുന്നു പ്രസംഗത്തിലെ വാചകം. വെള്ളാപ്പള്ളിക്കെതിരായ കേസ് കോടതിയിൽ നിലനിൽക്കില്ലെന്നാണ് നിയമ സെക്രട്ടറിയുടെ നിലപാട്. കേസിൽ അറസ്റ്റുണ്ടായാൽ ജാമ്യം എടുക്കില്ലെന്ന് വെള്ളാപ്പള്ളിയും വ്യക്തമാക്കിയിട്ടുണ്ട്. ജയിലിൽ പോയ ശേഷം കോടതിയെ സമീപിക്കാനാണ് നീക്കം.

ഈ സാഹചര്യത്തിൽ കോടതിയിൽ നിന്ന് അനുകൂല പരമാർശം ഉണ്ടായാൽ അത് വെള്ളാപ്പള്ളി രാഷ്ട്രീയ ആയുധമാക്കും. ഇടുക്കി ബിഷപ്പ് ഉൾപ്പെടെയുള്ളവരുടെ വിവാദ പ്രസ്താവനകൾ സർക്കാർ കണ്ടില്ലെന്ന് നടിച്ചിരുന്നു. ഈ സാഹചര്യത്തിൽ ഭൂരിപക്ഷ രാഷ്ട്രീയ വാദവുമായുള്ള രാഷ്ട്രീയ യാത്രയ്ക്ക് അറസ്റ്റ് വിവാദവും വെള്ളാപ്പള്ളി ഉപയോഗിക്കും. ഈ സാഹചര്യത്തിൽ കരുതലോടെയാണ് പൊലീസ് നീങ്ങുന്നത്. അതിനിടെയാണ് പുതിയ വിവാദം സർക്കാർ തലത്തിൽ ഉയരുന്നതും.