തിരുവനന്തപുരം: കോഴിക്കോട്ട് മാൻഹോളിൽ കുടുങ്ങിയ തൊഴിലാളികളെ രക്ഷിക്കുന്നതിനിടെ മരിച്ച ഓട്ടോറിക്ഷ ഡ്രൈവർ നൗഷാദിന് ധനസഹായം നൽകിയതിനെക്കുറിച്ച് മതവിദ്വേഷം വളർത്തുന്ന തരത്തിൽ പ്രസ്താവന നടത്തിയെന്ന പരാതിയിൽ എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ കേസെടുത്തു.

ഇന്ത്യൻ ശിക്ഷാനിയമത്തിലെ 153(എ) പ്രകാരം ആലുവ പൊലീസാണ് കേസെടുത്തത്. പൊതു സ്ഥലത്ത് വർഗ്ഗീയത പടർത്തുന്ന പ്രസംഗം നടത്തിയതിനാണ് കേസ്. ഈ വകുപ്പ് പ്രകാരം നിലവിൽ വെള്ളാപ്പള്ളിയെ അറസ്റ്റ് ചെയ്യേണ്ടതില്ല. പൊതു സ്ഥലമായതു കൊണ്ടാണ് അത്. എന്നാൽ ഈ വകുപ്പ് പ്രകാരം ആരാധനാലയത്തിന്റെ പരിസരത്തായിരുന്നു പ്രസംഗമെങ്കിൽ വെള്ളാപ്പള്ളിയെ ഉടൻ ജയിലിൽ അടയ്‌ക്കേണ്ടി വരുമായിരുന്നു.

കെപിസിസി പ്രസിഡന്റ് വി എം. സുധീരൻ, എംഎ!ൽഎമാരായ ടി.എൻ. പ്രതാപൻ, വി.ഡി. സതീശൻ എന്നിവരുടെ പരാതികളുടെയും പ്രതിപക്ഷ നേതാവ് വി എസ്. അച്യുതാനന്ദന്റെ പ്രസ്താവനയുടെയും അടിസ്ഥാനത്തിൽ ഡയറക്ടർ ജനറൽ ഒഫ് പ്രോസിക്യൂഷന്റെ നിയമോപദേശം തേടിയശേഷമാണ് കേസെടുത്തതെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല അറിയിച്ചു.

വെള്ളാപ്പള്ളിയുടെ യാത്ര തടയാൻ സർക്കാരിന് ഉദ്ദേശ്യമില്ല. എന്നാൽ, വർഗീയത ആളിക്കത്തിക്കാനാണ് ശ്രമമെങ്കിൽ തുടർനടപടികൾ ആലോചിച്ച് തീരുമാനിക്കും. 153 എ പ്രകാരം പൊതു സ്ഥലത്തെ വർഗ്ഗീയ പ്രചരണത്തിന് പരമാവധി ലഭിക്കാവുന്ന ശിക്ഷ മൂന്ന് വർഷം തടവാണ്. അതുകൊണ്ട് തന്നെ പൊലീസിന് അറസ്റ്റ് ചെയ്യേണ്ട സാഹചര്യമില്ല. കോടതിയിൽ ഹാജരായി വെള്ളാപ്പള്ളിക്ക് ജാമ്യം നേടാം. എന്നാൽ ആരാധനാലയത്തിന്റെ സമീപമായിരുന്നുവെങ്കിൽ ഇത് അഞ്ച് വർഷം തടവായേനെ. അങ്ങനെ വന്നാൽ അറസ്റ്റ് അനിവാര്യതയാകുമായിരുന്നു. അതുകൊണ്ട് തന്നെ നിലവിലെ സാഹചര്യത്തിൽ ജാഥയുമായി മുന്നോട്ട് പോകാൻ വെള്ളാപ്പള്ളിക്ക് കഴിയും.

കേസിനു പിന്നിൽ ഗൂഢാലോചനയെന്നു വെള്ളാപ്പള്ളി നടേശൻ പ്രതികരിച്ചു. കേസ് രാഷ്ട്രീയമായും നിയമപരമായും നേരിടും. കേസെടുത്തതു രാഷ്ട്രീയ തീരുമാന പ്രകാരമാണ്. താൻ തെറ്റു ചെയ്തിട്ടില്ലെന്നു കോടതിയിൽ തെളിയിക്കും. സാമൂഹിക നീതി വേണമെന്നു പറഞ്ഞാൽ മതവിദ്വേഷമാണോ. മതസൗഹാർദമാണു ലക്ഷ്യമെന്നും വെള്ളാപ്പള്ളി. സമത്വമുന്നേറ്റയാത്ര തകർക്കാൻ ദുഷ്ടശക്തികളുടെ ഗൂഢാലോചന. ജയിലിൽ പോകേണ്ടി വന്നാൽ പോകും. രമേശ് ചെന്നിത്തല മന്ത്രിയെന്ന നിലയിൽ രാഷ്ട്രീയതീരുമാനം നടപ്പാക്കിയെന്നും വെള്ളാപ്പള്ളി പറയുന്നു.

കേസ് എടുത്തത് രാഷ്ട്രീയമായി നേട്ടമാകുമെന്നാണ് എസ്എൻഡിപിയുടെ വിലയിരുത്തൽ. ' വിവേചനം പറഞ്ഞാൽ മതവിദ്വേഷമായി ചിത്രീകരിക്കുകയാണ്. ഇതിന്റെ പേരിൽ സമത്വമുന്നേറ്റ യാത്രയ്ക്കിടയിൽ എന്നെ അറസ്റ്റ് ചെയ്ത് സെൻട്രൽ ജയിലിലടച്ചാൽ യാത്ര അവസാനിക്കുന്ന ഡിസംബർ അഞ്ചിന് ശംഖുംമുഖത്ത് പുതിയ രാഷ്ടീയ പാർട്ടി ഉദയം ചെയ്യുന്നത് ജയിലിൽ കിടന്ന് ആഘോഷിക്കുമെന്നാണ് വെള്ളാപ്പള്ളിയുടെ നിലപാട്. എന്നെ അറസ്റ്റ് ചെയ്താൽ അതോടെ പുതിയ രാഷ്ടീയപാർട്ടി രൂപീകരണം ഇല്ലാതാകുമെന്ന് ആരെങ്കിലും കരുതുന്നുവെങ്കിൽ അവർ മൂഢസ്വർഗത്തിലായിരിക്കുമെന്നും വെള്ളാപ്പള്ളി പറയുന്നത്.

ഈ സാഹചര്യം തിരിച്ചറിഞ്ഞാണ് വെള്ളാപ്പള്ളിക്ക് എതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തിയതെന്നും സൂചനയുണ്ട്. ഇല്ലാത്ത പക്ഷം അറസ്റ്റ് ചെയ്യേണ്ടി വരുമായിരുന്നു. ആലുവ പൊലീസാണ് ഐപിസി 153 എ പ്രകാരം കേസെടുത്തത്. വർഗീയ, വംശീയ വിദ്വേഷം തടയാനുള്ള വകുപ്പാണിത്. വെള്ളാപ്പള്ളിയുടെ പരാമർശങ്ങൾ അതീവ ഗൗരവകരമാണെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. വെള്ളാപ്പള്ളിക്ക് വർഗീയതയുടെ വൈറസ് ബാധിച്ചു. ഇതിനുള്ള മരുന്ന് ജനം നൽകും. പ്രസംഗം വർഗീയ വേർതിരിവാണ്. ജനങ്ങളെ തമ്മിലടിപ്പിക്കാനുള്ള ശ്രമം അനുവദിക്കില്ല. സാമുദായിക സൗഹാർദം തടസ്സപ്പെടുത്തി മതവിദ്വേഷം വളർത്തുന്ന തരത്തിൽ പ്രസ്താവന നടത്തിയതിനാണ് കേസെന്നും ചെന്നിത്തല പറഞ്ഞു. ബിജെപി, ആർഎസ്എസ് വർഗീയ അജൻഡ നടപ്പാക്കാൻ വെള്ളാപ്പള്ളി ശ്രമിക്കുകയാണ്. സാമുദായിക സ്പർദ്ധ വളർത്താനുള്ള ഒരു നീക്കവും അനുവദിക്കില്ല. മൈക്രോഫിനാൻസ് ഇടപാടിലും വെള്ളാപ്പള്ളിക്കെതിരെ ക്രൈംബ്രാഞ്ച് അന്വേഷിക്കുമെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.

ഭൂരിപക്ഷ വാദം ശക്തമാക്കാൻ കേസ് എടുക്കലിനേയും വെള്ളാപ്പള്ളി ഉപയോഗിച്ചു കഴിഞ്ഞു. സമത്വ മുന്നേറ്റയാത്രയ്ക്ക് കൂടുതൽ ആളുകൾ ഇനിയെത്തുമെന്നാണ് അവരുടെ പ്രതീക്ഷ. എനിക്കെതിരെ കേസ് എടുക്കണമെന്ന് വി.എസും കോടിയേരിയും സുധീരനും ഒരേ സ്വരത്തിൽ പറയുന്നുവെന്ന് വെള്ളാപ്പള്ളി പറയുന്നു. ചീഫ് സെക്രട്ടറി ജിജി തോംസൺ മതപരിവർത്തനത്തെ അനുകൂലിച്ച് പ്രസംഗിച്ചിട്ട് എന്തേ കേസെടുക്കാത്തത് ?. കാന്തപുരം സ്ത്രീകളെ അപമാനിച്ച് പ്രസംഗിച്ചിട്ടും കേസെടുക്കണമെന്ന് ഇവരാരും പറയുന്നില്ല. മുംബയ് സ്‌പോടനക്കേസിലെ പ്രതി യാക്കൂബ് മേമൻ മുസ്ലിം ആയതിനാലാണ് തൂക്കികൊന്നതെന്നു പറഞ്ഞ സിപിഐ(എം) നേതാവ് പ്രകാശ് കാരാട്ടിനെതിരെ കേസെടുക്കണമെന്നു ഇവരാരും പറഞ്ഞില്ല. ജനിച്ച മണ്ണിൽ ജീവിക്കാനുള്ള അവകാശത്തിനു വേണ്ടിയുള്ള യാത്രയ്ക്ക് തടസ്സം സൃഷ്ടിക്കാനുള്ള ശ്രമം ജനങ്ങൾ തിരിച്ചറിയണം വെള്ളാപ്പള്ളി ജാഥയിൽ വിശദീകരിക്കുകയാണ് ഇപ്പോൾ

ഇടുക്കി ജില്ലയിൽ പട്ടയവിതരണത്തിന്റെ മറവിൽ ഒരു മതവിഭാഗം മാത്രമായി ഭൂസ്വത്ത് കൈവശപ്പെടുത്തിയതിനെ കുറിച്ച് അന്വേഷണം നടത്താൻ പ്രത്യേക ഏജൻസിയെ നിയോഗിക്കണമെന്ന് സമത്വമുന്നേറ്റ യാത്രയ്ക്ക് ഇടുക്കി ജില്ലയിലെ അടിമാലിയിൽ നൽകിയ സ്വീകരണ സമ്മേളനത്തിൽ വെള്ളാപ്പള്ളി ആവശ്യപ്പെട്ടു. ഇടുക്കിയിലെ ഭൂമി മുഴുവൻ കൈയേറ്റം നടത്തിയും പാട്ടകാലാവധി പുതുക്കാതെയും ഒരു പ്രത്യേക മതവിഭാഗം കൈക്കലാക്കി. ഈ വ്യവസ്ഥതി മാറി പിന്നാക്കക്കാരനും ദളിതനും കൂടി ഭൂമി ലഭിക്കാൻ രണ്ടാം ഭൂപരിഷ്‌കരണം നടപ്പാക്കണമെന്ന് അദ്ദേഹം പറഞ്ഞു. അതായത് വർഗ്ഗീയ പരാമർശങ്ങൾ ഒഴിവാക്കിയാകില്ല സമത്വമുന്നേറ്റ യാത്രയെന്ന സൂചനയാണ് വെള്ളാപ്പള്ളി നൽകുന്നത്. ഇത് വരും ദിവസങ്ങളിലും ജാഥയെ വിവാദത്തിൽ നിർത്താൻ സാധ്യതയുണ്ട്.

അഴുക്കുചാൽ വൃത്തിയാക്കവേ മാൻഹോളിൽ കുടുങ്ങിയ രണ്ട് തൊഴിലാളികളെ രക്ഷിക്കാൻ ശ്രമിക്കുമ്പോൾ ജീവൻ നഷ്ടപ്പെട്ട ഓട്ടോ തൊഴിലാളിയും വേങ്ങേരി സ്വദേശിയുമായ നൗഷാദിനെക്കുറിച്ച് വെള്ളാപ്പള്ളിയുടെ പരാമർശമാണ് വിവാദമായത്. നൗഷാദിന് സംസ്ഥാന സർക്കാർ സഹായധനം അനുവദിച്ചത് അദേഹം മുസ്‌ലിം ആയതുകൊണ്ടാണെന്നായിരുന്നു വെള്ളാപ്പള്ളിയുടെ പരാമർശം. മുസ്‌ലിമായി മരിക്കാൻ കൊതി തോന്നുന്നുവെന്നും വെള്ളാപ്പള്ളി പറഞ്ഞിരുന്നു. അപകടത്തിൽ മരിച്ച സംസ്ഥാന ഹാൻഡ് ബോൾ താരങ്ങൾ ഹിന്ദുക്കളായതിന്റെ പേരിൽ ആരും തിരിഞ്ഞു നോക്കിയില്ലെന്നും വെള്ളാപ്പള്ളി ആരോപണം ഉന്നയിച്ചിരുന്നു. വെള്ളാപ്പള്ളി നേതൃത്വം നൽകുന്ന സമത്വ മുന്നേറ്റ യാത്രയ്ക്ക് ആലുവയിൽ നൽകിയ സ്വീകരണത്തിൽ സംസാരിക്കവെയാണ് ഈ വിവാദ പരാമർശങ്ങൾ നടത്തിയത്.