തിരുവനന്തപുരം: എസ്എൻഡിപി യോഗം വെള്ളാപ്പള്ളി നടേശനും കുടുംബവും കുടുംബ സ്വത്താക്കി കൊണ്ടു നടക്കാൻ തുടങ്ങിയിട്ട് കാലം കുറേയായി. ഇതിന് മാറ്റം വേണമെന്ന ആവശ്യം പലപ്പോഴും ഗുണ്ടായിസം കൊണ്ടാണ് നടേശൻ നേരിടുന്നത്. ഏറ്റവും ഒടുവിൽ ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിൽ എല്ലാ അംഗങ്ങൾക്കും വോട്ടവകാശം നൽകണം എന്നാണ് ഉത്തരവ്. ഇത് ഏറ്റവും വലിയ വെല്ലുവിളിയാകുക വെള്ളാപ്പള്ളിക്ക് തന്നെയാണെന്ന് അദ്ദേഹം തിരിച്ചറിയുന്നുണ്ട്. മകൻ തുഷാറിനെ ജനറൽ സെക്രട്ടറി സ്ഥാനം ഏൽപ്പിക്കാനുള്ള പരിശ്രമങ്ങളാണ് അദ്ദേഹം നടത്തിവന്നത്. അതിനും തിരിച്ചടിയാണ് ഇപ്പോഴത്തെ പ്രശ്‌നങ്ങൾ.

എന്നാൽ, ഹൈക്കോടതി വിധിയെയും വെല്ലുവിളിച്ചു കൊണ്ടാണ് വെള്ളാപ്പള്ളി നടേശൻ വീണ്ടും രംഗത്തുവന്നിരിക്കുന്നത്. എസ്എൻഡിപിയിൽ ഇത്തവണയും പ്രാതിനിധ്യ വോട്ട് അനുസരിച്ചു തന്നെ തിരഞ്ഞെടുപ്പ് നടക്കുമെന്നാണ് വെള്ളാപ്പള്ളിയുടെ പ്രഖ്യാപനം. തിരുവനന്തപുരം യൂണിയനിലെ ഭാരവാഹികളുടെ യോഗത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രഖ്യാപനം. യോഗം തിരഞ്ഞെടുപ്പിൽ എല്ലാ അംഗങ്ങൾക്കും വോട്ടവകാശം നൽകണമെന്ന ഹൈക്കോടതി വിധിക്കെതിരെ എസ്എൻഡിപി യോഗം നിയമ പോരാട്ടം തുടരുന്ന സാഹചര്യത്തിലാണ് അദ്ദേഹത്തിന്റെ പ്രഖ്യാപനം.

'നിലവിലെ യോഗം ഭരണ സമിതിയെ ഒരു കോടതിയും അയോഗ്യരാക്കിയിട്ടില്ല. മറിച്ചുള്ള പ്രചാരണം തെറ്റിദ്ധരിപ്പിക്കലാണ്. അങ്ങനെ അയോഗ്യരാക്കിയെങ്കിൽ റിസീവർ ഭരണം വരേണ്ടതല്ലേ. അതുണ്ടായില്ലല്ലോ. എസ്എൻഡിപി യോഗത്തിന്റെ തലപ്പത്ത് ഞങ്ങൾക്കു മുൻപും പല കൊമ്പന്മാരും ഇരുന്നിട്ടുണ്ടെങ്കിലും അന്നൊക്കെ സ്ത്രീകൾ ഉൾപ്പെടെയുള്ള അംഗങ്ങൾക്ക് എന്ത് കിട്ടി? മൈക്രോ ഫിനാൻസ് ഉൾപ്പെടെ നടപ്പാക്കിയത് ഇപ്പോഴത്തെ നേതൃത്വത്തിന്റെ കീഴിലാണെന്നും വെള്ളാപ്പള്ളി പറഞ്ഞു.

എസ്എൻഡിപി തലപ്പത്തേക്ക് ഇക്കുറി മത്സരത്തിന് ഗോകുലം ഗോപാലനും കളത്തിൽ ഇറങ്ങിയേക്കും. ഇത് മുൻകൂട്ടി കണ്ടു കൊണ്ട് ഗോകുലം ഗോപാലനെതിരെയും വെള്ളാപ്പള്ളി രംഗത്തുവന്നു. ഇപ്പോൾ ഈ സംഘടനയെ നശിപ്പിക്കാൻ ഇറങ്ങിയിരിക്കുന്ന വ്യവസായികൾ സമുദായത്തെയും ജനങ്ങളെയും വഞ്ചിച്ചവരാണ്. സമുദായത്തെ ഉപയോഗിച്ച് സ്വന്തം വ്യവസായങ്ങൾ വളർത്തുന്നതിൽ മാത്രമാണ് അവർക്കു താൽപര്യം. സമുദായ അംഗങ്ങൾ സ്വരൂപിച്ച പണം കൊണ്ട് ഉണ്ടാക്കിയ യൂണിയൻ ഓഫിസും സ്ഥാപനങ്ങളും അടക്കം കയ്യടക്കിവച്ചിരിക്കുന്നവരാണ് അവർ. അത്തരം കുറുക്കന്മാർക്ക് കോഴിയെ വളർത്താൻ കൊടുക്കണോ? അവരൊന്നും വിചാരിച്ചാൽ ഈ സംഘടനയുടെ രോമത്തിൽ തൊടാനാകില്ല. ' വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.

യോഗത്തിലെ 36 ലക്ഷത്തോളം അംഗങ്ങളെ പങ്കെടുപ്പിച്ച് തിരഞ്ഞെടുപ്പ് നടത്തണമെങ്കിൽ 36 കോടി രൂപ ചെലവാകുമെന്നും ഈ രീതി നടപ്പായാൽ അത് പ്രസ്ഥാനത്തിന്റെ നാശത്തിനു കാരണമാകുമെന്നും അധ്യക്ഷത വഹിച്ച വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി പറഞ്ഞു. സിപിഎമ്മുകാരും കോൺഗ്രസുകാരും ബിജെപിക്കാരുമെല്ലാം യോഗം തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന അവസ്ഥയുണ്ടാകും. മറ്റു സമുദായക്കാർ യോഗം കയ്യടക്കുന്ന സാഹചര്യവുമുണ്ടാകും. ഇതിനെല്ലാം വഴിയൊരുക്കാൻ ശ്രമിക്കുന്നവരെ തിരിച്ചറിഞ്ഞ് റോഡിൽ കൈകാര്യം ചെയ്‌തേ മതിയാകൂ' തുഷാർ പറഞ്ഞു.

അതേസമയം ഗോകുലം ഗോപാലനെതിരെ കേന്ദ്ര ഏജൻസികൾക്ക് നിരന്തരം പരാതിയും വെള്ളാപ്പള്ളിയും കൂട്ടരും നൽകുന്നുണ്ട്. ഗോകുലം ഗോപാലൻ എസ്എൻഡിപി പിടിക്കുമോ എന്ന ഭയം വെള്ളാപ്പള്ളിക്കും കൂട്ടർക്കും കാര്യമായി തന്നെ ഉണ്ടായിട്ടുണ്ടെന്നാണ് വ്യക്തമാകുന്നത്. ഈ പശ്ചാത്തലത്തിലാണ് ഇത്തരം പരാതികളുമായി ഇവർ രംഗത്തുവരുന്നത്. നേരത്തെ എസ്എൻഡിപി യോഗം തിരഞ്ഞെടുപ്പ് സ്റ്റേ ചെയ്തതിനു ശേഷം മുഖ്യമന്ത്രിയുമായി വെള്ളാപ്പള്ളി കൂടിക്കാഴ്‌ച്ച നടത്തിയിരുന്നു. വിധി മറികടക്കാൻ സർക്കാർ നിയമ നിർമ്മാണം നടത്തണമെന്ന ആവശ്യമായിരുന്നു ഈ കൂടിക്കാഴ്‌ച്ചക്ക് പിന്നിലെന്നും റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.